മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർ തോൽവികളിൽ ചെമ്പടയുടെ ആരാധകരടക്കം അമർഷവുമായി രംഗത്ത് എത്തിയതിന് പിന്നാലെ പരിശീലകൻ ഒലേ സോൾഷെയറെ പുറത്താക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്. സീസണിലെ മോശം പ്രകടനം തുടരുന്നതിനാലാണ് നടപടി എന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് ക്ലബ് ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടുണ്ട്.

'ഒലേ സോൾഷെയറെ എന്ന തന്റെ പദവി വിടുകയാണ്, അദ്ദേഹത്തിന്റെ എല്ലാ സേവനങ്ങൾക്കും നന്ദി', മാഞ്ചസ്റ്റർ യുണൈറ്റഡ് ട്വിറ്റർ ഹാന്റിലിലെ സന്ദേശം പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജറായിരുന്നു ഒലേ സോൾഷെയറെ.

ഈ സീസണിൽ യുണൈറ്റഡിന് മികച്ച വിജയങ്ങൾ സമ്മാനിക്കാൻ സോൾഷ്യർക്ക് സാധിച്ചിരുന്നില്ല. സോൾഷ്യർക്ക് പകരം സഹപരിശീലകനും മുൻ താരവുമായ മൈക്കിൾ കാരിക്കിനെ താത്കാലിക പരിശീലകനായി യുണൈറ്റഡ് നിയമിച്ചു.

വാറ്റ്ഫോർഡിനെതിരായ വമ്പൻ തോൽവിയാണ് സോൾഷ്യർക്ക് തിരിച്ചടിയായത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ താരതമ്യേന ദുർബലരായ വാറ്റ്ഫോർഡ് ഒന്നിനെതിരേ നാലുഗോളുകൾക്കാണ് യുണൈറ്റഡിനെ തകർത്തത്. ജോഷ്വ കിങ്, ഇസ്മയില സാർർ, യോവോ പെഡ്രോ, ഇമ്മാനുവൽ ബോണവെൻച്വർ എന്നിവരാണ് വാറ്റ്‌ഫോർഡിന്റെ ഗോളുകൾ നേടിയത്. ഇഞ്ചുറിടൈമിലാണ് വാറ്റ്‌ഫോർഡ് അവസാന രണ്ട് ഗോൾ വലയിലെത്തിച്ചത്.

ഡോണി വാൻഡെ ബീക്ക് യുണൈറ്റഡിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ ഹാരി മഗ്വയർ ചുവപ്പ് കാർഡ് കണ്ടതും യുണൈറ്റഡിന് തിരിച്ചടിയായി. ലീഗിൽ അവസാന ഏഴ് കളിയിൽ യുണൈറ്റഡിന്റെ അഞ്ചാം തോൽവിയാണ് നേരിട്ടത്. കഴിഞ്ഞ ആഴ്ച വരെ ഒലേയെ തൽക്കാലം പുറത്താക്കുന്നില്ല എന്ന നിലപാടിലായിരുന്നു ക്ലബ്.

തങ്ങളുടെ പ്രധാന ശത്രുക്കളായ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും എതിരെ നാണംകെട്ട തോൽവി. ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം മുതിർന്ന താരങ്ങളുടെ മുറുമുറുപ്പ്. പരിശീലകനെ പുറത്താക്കണമെന്ന് ആരാധകരുടെ മുറവിളി. ഇവയെല്ലാം വക വയ്ക്കാതെ ഒരാഴ്ച മാത്രമേ ക്ലബിന് പിടിച്ച് നിൽക്കാൻ സാധിച്ചുള്ളൂ. ശനിയാഴ്ചത്തെ തോൽവിയോടെയാണ് ഒലേയുടെ ഓൾഡ് ട്രാൻസ്‌ഫോർഡിലെ ദിനങ്ങൾക്ക് അന്ത്യം കുറിച്ചത്.

ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ യുണൈറ്റഡ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് സോൾഷെയറിന് തുണയായെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇപിഎൽ തോൽവികൾ അദ്ദേഹത്തിന്റെ സാധ്യതയില്ലാതാക്കി. 

ഈ സീസണിൽ സോൾഷ്യർക്ക് കീഴിൽ അതിദയനീയമായ പ്രകടനമാണ് യുണൈറ്റഡ് കാഴ്ചവെച്ചത്. കഴിഞ്ഞ ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ അഞ്ചിലും ടീം തോറ്റു. നിലവിൽ 12 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയങ്ങൾ മാത്രമുള്ള യുണൈറ്റഡ് പ്രീമിയർ ലീഗ് പോയന്റ് പട്ടികയിൽ ഏഴാമതാണ്. മൂന്നുവർഷത്തേക്കാണ് സോൾഷ്യറുടെ കരാറുള്ളത്. ഇത് റദ്ദാക്കി. സോൾഷ്യർക്ക് നഷ്ടപരിഹാരവും ലഭിക്കും. ലിവർപൂളിനോടും സിറ്റിയോടും ലെസ്റ്ററിനോടുമെല്ലാം അതിദയനീയമായാണ് യുണൈറ്റഡ് ഈ സീസണിൽ പരാജയപ്പെട്ടത്.

2018ലാണ് സോൾഷ്യർ പരിശീലകനായി സ്ഥാനമേറ്റത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ യുണൈറ്റഡിനെ രണ്ടാം സ്ഥാനത്തെത്തിച്ചു എന്നതൊഴിച്ചാൽ ഒരു കിരീടം പോലും ടീമിന് നേടിക്കൊടുക്കാൻ പരിശീലകന് സാധിച്ചില്ല. പ്രതിഭാധനരായ നിരവധി താരങ്ങളാണ് യുണൈറ്റഡിലുള്ളത്.

പുതിയ സീസണിൽ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളായ ക്രിസ്റ്റിയാനോ റൊണാൾഡോ, ജേഡൻ സാഞ്ചോ, റാഫേൽ വരാനെ എന്നിവരെ സോൾഷ്യർ ടീമിലെത്തിച്ചു. ഇതോടെ യുണൈറ്റഡ് അതിശക്തരായി. റൊണാൾഡോ, സാഞ്ചോ, വരാനെ, ബ്രൂണോ ഫെർണാണ്ടസ്, മാർക്കസ് റാഷ്ഫോർഡ്, ഡോണി വാൻ ഡി ബീക്ക്, പോൾ പോഗ്ബ, ഹാരി മഗ്വയർ, ഡേവിഡ് ഡി ഹിയ, ആരോൺ വാൻ ബിസ്സാക്ക, എഡിൻസൺ കവാനി, ഗ്രീൻവുഡ് തുടങ്ങിയ മികച്ച താരങ്ങളുണ്ടായിട്ടും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ സോൾഷ്യറുടെ തന്ത്രങ്ങൾക്കായില്ല.

ആരാധകരുടെ നിരന്തരമായ അഭ്യർത്ഥനയും പുതിയ തീരുമാനം കൈക്കൊള്ളുന്നതിൽ യുണൈറ്റഡിനെ പ്രേരിപ്പിച്ചു. കാരിക്ക് താത്കാലിക പരിശീലകനായി തുടരുമെങ്കിലും മുഖ്യപരിശീകനെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് യുണൈറ്റഡ്. ഫുട്ബോൾ ഇതിഹാസം സിനദിൻ സിദാനെയാണ് യുണൈറ്റഡ് നോട്ടമിടുന്നത്.

റയൽ മഡ്രിഡിന് മിന്നും വിജയങ്ങൾ സമ്മാനിച്ച സിദാൻ നിലവിൽ ഒരുടീമിനെയും പരിശീലിപ്പിക്കുന്നില്ല. ലെസ്റ്ററിന്റെ പരിശീലകൻ ബ്രെണ്ടന് റോഡ്ജേഴ്സ്, അയാക്സ് പരിശീലകൻ എറിക് ടെൻ ഹാഗ് എന്നിവരും യുണൈറ്റഡിന്റെ പരിഗണനയിലുണ്ട്.