തൃശൂർ: പൂരപ്പറമ്പിൽ ആനപ്രേമികളുടെ പ്രിയങ്കരനായ തലപ്പൊക്കത്തിന്റെ ചക്രവർത്തി മംഗലാംകുന്ന് കർണൻ ചരിഞ്ഞു. 60 വയസായിരുന്നു. പ്രായാധിക്യത്തിന്റേതായ പ്രശ്നങ്ങൾ കുറച്ചുകാലമായി ആനയെ അലട്ടിയിരുന്നു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ആന ചരിഞ്ഞത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്‌ക്കാരം ഇന്ന് വാളയാർ വനത്തിൽ നടക്കും.

തലയെടുപ്പ് മത്സര വേദികളിൽ നിരവധി തവണ വിജയിച്ചിട്ടുള്ള കർണൻ മംഗലാംകുന്ന് പരമേശ്വരൻ, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതതയിലുള്ള ഗജവീരനാണ്. വടക്കൻ പറവൂരിലെ ചക്കുമരശേരി ശ്രീകുമാര ഗണേശക്ഷേത്രത്തിലെ തലപ്പൊക്ക മത്സരത്തിൽ തുടർച്ചയായി ഒമ്പതുവർഷം വിജയിയായിരുന്നു കർണൻ. ഇത്തിത്താനം ഗജമേളയിലും കർണൻ വിജയിച്ചിട്ടുണ്ട്.

സിനിമ താരങ്ങളുടേത് പോലെ സംസ്ഥാനത്ത് കർണന് ഫാൻസ് അസോസിയേഷൻസുമുണ്ട്. എഴുന്നള്ളത്ത് തുടങ്ങും മുതൽ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നിൽപ്പാണ് കർണന്റെ പ്രത്യേകത. ബിഹാറിയെങ്കിലും നാടൻ ആനകളെപ്പോലെ ലക്ഷണത്തികവുള്ള ആനയായിരുന്നു കർണൻ.ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോൾ 302 സെന്റീമീറ്ററാണ് ഉയരം.

1963ൽ ബിഹാറിലായിരുന്നു ജനനം. 1991 ൽ വാരണാസിയിൽ നിന്നാണ് കർണൻ കേരളത്തിലേക്കെത്തുന്നത്. കർണന്റെ തലപ്പൊക്കം പ്രശസ്തമായിരുന്നു. ഇരിക്കസ്ഥാനത്തുനിന്ന് നോക്കുമ്പോൾ 302 സെന്റീമീറ്ററാണ് ഉയരം. 2019 മാർച്ചിലാണ് മംഗലാംകുന്ന് കർണൻ അവസാനമായി ഉത്സവത്തിൽ പങ്കെടുത്തത്.