കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഉപഹാരമായി പശ്ചിമ ബംഗാളിൽ നിന്നുള്ള മാങ്ങകൾ പ്രത്യേക ദൂതൻ വഴി അയച്ച് നൽകി മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ തനത് ഇനങ്ങളായ ഹിമസാഗർ, മാൾഡ, ലക്ഷ്മൺഭോഗ് എന്നീ മാങ്ങകളാണ് ഉപഹാരമായി മമത എത്തിച്ചുനൽകിയത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ തുടങ്ങിയവർക്കും മാങ്ങ അയച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാറും ബംഗാൾ സർക്കാറും തമ്മിൽ വിവിധ വിഷയങ്ങളിൽ ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ, 'മാമ്പഴ നയതന്ത്രം' എന്നാണ് മമതയുടെ നടപടിയെ രാഷ്ട്രീയ നിരീക്ഷകർ വിശേഷിപ്പിക്കുന്നത്. 2011 മുതൽ മമത തുടർന്നുവരുന്നതാണ് ഇത്തരത്തിൽ ഉപഹാരം നൽകുന്ന പതിവ്. എന്നാൽ, കേന്ദ്ര സർക്കാറുമായുള്ള ഏറ്റുമുട്ടൽ ഏറ്റവും രൂക്ഷമായ സാഹചര്യത്തിലാണ് ഇപ്പോൾ ഉപഹാരം നൽകിയിരിക്കുന്നത്.

പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച അക്രമങ്ങൾ, ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിക്കൽ, നാരദ അഴിമതിക്കേസ് തുടങ്ങിയ നിരവധി വിഷയങ്ങളിൽ നേർക്കുനേർ ഏറ്റുമുട്ടലാണ് തൃണമൂൽ കോൺഗ്രസും ബിജെപിയും നടത്തിയത്. ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ അഴിമതിക്കാരനാണെന്നും സ്ഥാനത്തു നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കത്തെഴുതിയതായിരുന്നു ഏറ്റവും ഒടുവിലത്തെ സംഭവം.

'പശ്ചിമ ബംഗാൾ ഗവർണറെ നീക്കം ചെയ്യുന്നതിനായി ഞാൻ മൂന്ന് കത്തുകൾ എഴുതിയിട്ടുണ്ട്. അദ്ദേഹം അഴിമതിക്കാരനാണ്, 1996 ൽ ജെയിൻ ഹവാല കേസിലെ കുറ്റപത്രത്തിൽ അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നു. കോടതിയിൽ പോയി പേര് മാറ്റി. എന്നാൽ ഇതിനെതിരെ ഒരു പൊതുതാത്പര്യ ഹർജി കോടതിയുടെ പരിഗണനയിലുണ്ട്. അതിൽ തീർപ്പ് കൽപ്പിച്ചിട്ടില്ല. അദ്ദേഹം ഒരു അഴിമതിക്കാരനാണെന്ന് പറയേണ്ടി വന്നതിൽ ഞാൻ ഖേദിക്കുന്നു' മമത വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

രാഷ്ട്രീയപരമായി ഇരുചേരിയിലാണെങ്കിലും താനും മമതയും തമ്മിൽ വ്യക്തിപരമായി നല്ല ബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. തനിക്കായി കുർത്തകളും ബംഗാളി മധുരപലഹാരങ്ങളും അവർ അയക്കാറുണ്ടെന്നും മോദി പറഞ്ഞിരുന്നു.