പാലാ: ഐശ്വര്യ കേരളയാത്രയുടെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞും ജോസ് കെ മാണിയെ കുത്തിയും മാണി സി കാപ്പൻ. 16 മാസം കൊണ്ട് 462 കോടി രൂപയുടെ വികസനം പാലായിൽ നടപ്പിലാക്കാൻ കഴിഞ്ഞുവെന്ന് കാപ്പൻ പറഞ്ഞു. സഖാവ് പിണറായി വിജയനാണ് തന്നെ അതിന് സഹായിച്ചതെന്നും കാപ്പൻ വ്യക്തമാക്കി.

'25 കൊല്ലം എന്റെ ചോരയും നീരും കാശും ഇടതുപക്ഷത്തിനായി ചെലവഴിച്ചു. അത് തിരിച്ചുതരണമെന്നല്ല പറയുന്നത്. പാലാ കൊടുക്കാം എന്ന് പറഞ്ഞാണ് ജോസിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നത്. പാലാ വത്തിക്കാനാണെങ്കിൽ പോപ്പ് വേറെ ആണെന്ന് ജോസ് മറന്നു പോയി. പാലായിൽ ജനങ്ങൾ അത് മനസ്സിലാക്കിക്കൊടുക്കും. പാലായിലെ റോഡ് വികസനത്തിന് അനുവദിച്ച പണം തടഞ്ഞ് ഇപ്പോൾ വികസനം മുടക്കാൻ ജോസ് കെ മാണിയും വി.എൻ വാസവനും ചേർന്ന് ശ്രമിക്കുകയാണെ'ന്നും അദ്ദേഹം കുറ്റപ്പെടുത്തി. 53 വർഷമായിട്ട് കന്യാസ്ത്രീകൾക്ക് റേഷൻ നൽകാൻ കഴിഞ്ഞില്ല. അത് തന്റെ കാലത്ത് ചെയ്യാൻ കഴിഞ്ഞു.

'ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് മാറി അഞ്ച് മാസം കഴിഞ്ഞാണ് രാജിവച്ചത്. എൽഡിഎഫിലെത്തിയിട്ട് ഇതുവരെയും രാജിവെക്കാത്ത റോഷിയും ജയരാജനും ചാഴിക്കാടനും ഇപ്പോഴും എംഎൽഎമാരാണ്. എന്റെ രാജി ആവശ്യപ്പെടുന്നവർ അത് കൂടി ഓർക്കണം. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് മൂന്നുവർഷം ജയിൽ വാസം അനുഭവിച്ച ആളാണ് എന്റെ അച്ഛൻ ചെറിയാൻ.ജെ കാപ്പൻ. അദ്ദേഹത്തിന്റെ ജൂനിയറായി 10 വർഷം പ്രവർത്തിച്ച കെ.എം മാണിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് ചെറിയാൻ ജെ കാപ്പനാണ്.

ജൂനിയർ മാൻഡ്രേക്ക് സിനിമ ഒന്ന് കാണണം എന്നാണ് എനിക്ക് പിണറായി വിജയനോട് പറയാനുള്ളത്. അതിൽ ഒരു പാഴ്സൽ വരുന്നുണ്ട് എന്നെ പോലൊരു മൊട്ടത്തലയൻ. അത് ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രശ്നങ്ങൾ കാണാം. യുഡിഎഫിന്റെ നേതാക്കൾ ആ ജോസ് കെ മാണിയെ സന്തോഷത്തോടെ എൽഡിഎഫിന് കൊടുത്തു. അവിടെ തുടങ്ങി എൽഡിഎഫിന്റെ ഗതികേട്. അടുത്ത ഭരണം യുഡിഎഫിന്റേതാകുമെന്ന് ഉറച്ച് പറയാൻ എനിക്ക് കഴിയും. പാലായിലെ ജനങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്.'- മാണി സി കാപ്പൻ പറഞ്ഞു. എന്റെ ചങ്കായ പാലാക്കാർക്ക് നന്ദിയെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.