പാലാ: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി സ്ഥലം എംഎൽഎ മാണി സി.കാപ്പൻ. വിവാദത്തിന് പിന്നിൽ മയക്കുമരുന്ന് ലോബിയാണോ എന്ന് സംശയിച്ചാൽ കുറ്റം പറയാൻ പറ്റില്ലെന്ന് മാണി സി.കാപ്പൻ അഭിപ്രായപ്പെട്ടു. കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ യുഡിഎഫ് നേതാക്കൾ ബിഷപ്പിനെതിരെ പ്രസ്താവന നടത്തിയിരിക്കെയാണ് മുന്നണിയിലെ എംഎൽഎ ആയ മാണി.സി കാപ്പൻ പിന്തുണച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

ബിഷപ്പിന്റെ പ്രസംഗത്തിന്റെ പാവനതയും ഉദ്ദേശശുദ്ധിയും വളച്ചൊടിക്കുന്നതിന് താൽപര്യമുള്ളവരുടെ കടന്നുകയറ്റമാണ് ഇപ്പോഴെന്ന് മാണി സി കാപ്പൻ പറഞ്ഞു.

മാണി സി കാപ്പൻ പ്രസ്താവനയിൽ പറയുന്നത് ഇങ്ങനെ....

എട്ടു നോമ്പ് ആചരിക്കുന്നതിൽ പ്രമുഖമായ കേരളത്തിലെ കത്തോലിക്കാപള്ളികളിൽ ഒന്നാണ് കുറവിലങ്ങാട് മർത്താ മറിയംപള്ളി. സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെയുള്ള എട്ടു നോമ്പ് ആചരണത്തിന്റെ ഭാഗമായുള്ള പെരുന്നാൾ കുർബാനയോടനുബന്ധിച്ച് തന്റെ രൂപതാംഗങ്ങളോട് രൂപതാദ്ധ്യക്ഷൻ എന്ന നിലയിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നടത്തിയ പ്രസംഗം വിവാദമാക്കാനാണ് ഇപ്പോൾ നടക്കുന്ന ശ്രമം. ഇത് അതിന്റെ പാവനതയെയും ഉദ്ദേശ ശുദ്ധിയെയും വളച്ചൊടിക്കുന്നതിൽ തല്പരരായിട്ടുള്ളവരുടെ കടന്നുകയറ്റമാണ്. സഭാ മക്കളും പ്രത്യേകിച്ച് കുട്ടികൾ മയക്കുമരുന്ന് ബന്ധങ്ങളിൽപ്പെടെരുതെന്ന മുന്നറിയിപ്പാണ് ബിഷപ്പ് നൽകിയത്. നാർക്കോട്ടിക്‌സ് ലോബിയുടെ അതിശക്തമായ പ്രേരണയാകും ഇതൊരു വിവാദ വിഷയമാക്കുന്നതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. നാർക്കോട്ടിക് വസ്തുക്കളുടെ ഉപയോഗം കുട്ടികളെയും മുതിർന്നവരെയും സംബന്ധിച്ചടത്തോളം ലോകം ഒട്ടാകെ നിരോധിച്ചിരിക്കുന്നതും നിരുത്സാഹപ്പെടുത്തുന്നതുമാണ്. ഇക്കാര്യം കല്ലറങ്ങാട്ട് പിതാവ് മാത്രം പറയാൻ പാടില്ല എന്നു പറയുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ല.

വിദ്യാലയങ്ങളുടെ പരിസരങ്ങളിൽ പുകയില വസ്തുക്കൾ വിതരണം ചെയ്യുന്ന കടകൾക്കുപോലും ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്.പാലാ ബിഷപ്പ് പറഞ്ഞിട്ടുള്ളത് ഏതെങ്കിലും സമുദായത്തിന് എതിരെയല്ല. ഒരു മതത്തെയും കുറ്റപ്പെടുത്തിയിട്ടില്ല. സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെയാണ് ബിഷപ്പിന്റെ അഭിപ്രായം.

സർക്കാരും വിവിധ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും മുതിർന്നവരും ഒറ്റക്കെട്ടായി മയക്കുമരുന്നിനെതിരെയുള്ള ശബ്ദത്തെ പിന്തുണയ്‌ക്കേണ്ടതാണ്. ഇതോടൊപ്പം പാലാ ബിഷപ്പ് പറഞ്ഞത് ഏതെങ്കിലും മതത്തിനെതിരെയാണെന്ന വ്യാഖ്യാനം നൽകി മുതലെടുപ്പ് നടത്തുവാൻ ശ്രമിക്കുന്നവരെ കരുതിയിരിക്കണം. കുർബാന മധ്യേ വിശ്വാസികളോടായി ബിഷപ്പ് പറഞ്ഞതിനെ അഭിപ്രായ സ്വാതന്ത്ര്യമായി കണ്ടാൽ മതിയാകും.

ബിഷപ്പിന്റെ ആശയത്തോട് വിയോജിപ്പുള്ളവർക്കു ആശയസംവാദത്തിനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ട്. അതിനെ തെരുവിലേയ്ക്കു വലിച്ചിഴക്കുന്ന നിലപാട് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണം. സാമുദായിക ഐക്യവും മതസൗഹാർദ്ദവുമാണ് നാടിന്റെ കരുത്ത്. അത് നിലനിർത്താൻ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിക്കണം എന്നു പറഞ്ഞ് മാണി സി കാപ്പൻ പ്രസ്താവന അവസാനിപ്പിക്കുന്നു. ഏതായാലും പ്രതിപക്ഷ നേതാവ് ഉൾപ്പടെ തള്ളിപ്പറഞ്ഞിട്ടും പാലാ എംഎൽഎ മാണി സി കാപ്പൻ ബിഷപ്പിന് അനുകൂലമായി രംഗത്തുവന്നത് ശ്രദ്ധേയമാണ്.

പാലാ ബിഷപ്പിനെതിരെ കടുത്ത വിമർശനമാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കളും ഉന്നയിച്ചത്. ലൗ ജിഹാദ് നാർക്കോട്ടിക് ജിഹാദ് എന്നീ പരാമർശങ്ങളാണ് വിവാദത്തിലായത്. കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് പി ടി തോമസും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ ബിജെപി മാത്രമാണ് ഇതുവരെ ബിഷപ്പിനെ ന്യായീകരിച്ചു രംഗത്തെത്തിയ രാഷ്ട്രീയ പാർട്ടി.

നർക്കോട്ടിക് ജിഹാദ് സംഘപരിവാർ അജണ്ടയെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചത്. കേരളത്തിൽ കുഴപ്പമുണ്ടാക്കാൻ കുറേ ആളുകൾ ശ്രമിക്കുന്നു. കേരളത്തിൽ ക്രിസ്ത്യൻ-മുസ്ലിം വിഭാഗീയതക്ക് ശ്രമിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ ഇത്തരം അക്കൗണ്ടുകളിൽ പലതും കൈകാര്യം ചെയ്യുന്നത് സംഘപരിവാറാണ്. സംഘപരിവാർ അജണ്ടയിൽ ഇരുസമുദായങ്ങളും പെട്ടുപോകരുതെന്നും വി ഡി സതീശൻ അഭ്യർത്ഥിച്ചിരുന്നു.

പാലാ ബിഷപ്പിന്റെ പ്രസംഗവുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ക്രിസ്ത്യൻ സമുദായത്തിന് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അത് പ്രത്യേകമായി തന്നെ പരിഗണിക്കപ്പെടണം. അത് പരിഗണിച്ച് സർക്കാർ പരിഹാരം ഉണ്ടാക്കിക്കൊടുക്കണം. അത് കൈവിട്ടുപോകാനുള്ള സ്ഥിതി വരരുത്. കേരളത്തിന്റെ സോഷ്യൽ ഫാബ്രിക് കീറിപ്പറിക്കരുതെന്ന് എല്ലാ വിഭാഗം ആളുകളോടും അഭ്യർത്ഥിക്കുകയാണെന്ന് വി ഡി സതീശൻ പറഞ്ഞു.

പി സി ജോർജ് ബിഷപ്പിനെ ന്യായീകരിച്ചിരുന്നു. എന്നാൽ വിവാദം ആളിക്കത്തുന്നതിനിടെയാണ് പാലായിൽനിന്നുള്ള യുഡിഎഫ് എംഎൽഎ മാണി സി കാപ്പൻ ബിഷപ്പിനെ ന്യായീകരിച്ച് വാർത്താക്കുറിപ്പ് ഇറക്കിയത്.

അതേസമയം വിഷയത്തിൽ പാലാ രൂപത വിശദീകരണവുമായെത്തി. സമൂഹത്തിൽ അപകടകരമായ പ്രവണതയെ സംബന്ധിച്ച മുന്നറിയിപ്പാണ് ബിഷപ്പ് നൽകിയതെന്ന് രൂപതാ സഹായമെത്രാൻ വിശദീകരിച്ചു. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു.