കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ മുൻസിപ്പാലിറ്റിയിൽ വിജയിച്ചതോടെ മണ്ഡലത്തിന് വേണ്ടി ജോസ് കെ മാണി അവകാശവാദം ഉന്നയിക്കുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇപ്പോഴത്തെ നിലയിൽ അതിനുള്ള സാധ്യത കൂടുതലാണ് താനും. എന്നാൽ, തന്റെ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് സൂചിപ്പിക്കുകയാണ് എൻസിപി നേതാവ് മാണി സി കാപ്പൻ. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാലായിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം കുറഞ്ഞുവെന്ന വാദമാണ് അദ്ദേഹം ഉയർത്തുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് കിട്ടിയതിനേക്കാൾ കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചത്. ജോസ്.കെ മാണിയുടെ അവകാശവാദം തെറ്റാണെന്നും മാണി.സി കാപ്പൻ പറഞ്ഞു. പാല നിയമസഭാ മണ്ഡലത്തിൽ എൻ.സി.പി തന്നെ മൽസരിക്കും. പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്നും മാണി.സി കാപ്പൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെയാണ് എൻ.സി.പി സഹായിച്ചതെന്ന ആരോപണങ്ങൾ അദ്ദേഹം തള്ളികളഞ്ഞു. എൽ.ഡി.എഫിൽ നിൽക്കുന്നിടത്തോളം അവർക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും മാണി.സി കാപ്പൻ അറിയിച്ചു.

ചരിത്രത്തിലാദ്യമായി പാല നഗരസഭ എൽ.ഡി.എഫ് ഭരിക്കാൻ ഒരുങ്ങുകയാണ്. ജോസ്.കെ മാണിയുടെ കൂടി പിന്തുണയുടെ കരുത്തിലാണ് എൽ.ഡി.എഫ് പാലായിൽ അധികാരത്തിലെത്തുന്നത്. നേരത്തെ രാജ്യസഭാ അംഗത്വം ഉടൻ രാജിവെക്കുമെന്നും ജോസ്.കെ മാണി വ്യക്തമക്കിയിരുന്നു. നിയമപ്രശ്‌നങ്ങൾ മൂലമാണ് രാജ്യസഭാ അംഗത്വം രാജിവെക്കുന്നത് വൈകുന്നത്. അടുത്ത സ്ഥാനാർത്ഥിയാരാണെന്ന് പാർട്ടിയിൽ ആലോചിച്ച് തീരുമാനമെടുക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ശക് തി തെളിയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം പാർട്ടിക്ക് ലഭിക്കുമെന്നും ജോസ്.കെ മാണി പറഞ്ഞു.

ജോസ്.കെ മാണിയെ മന്ത്രിയാക്കാൻ ആലോചനകൾ നടക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് പ്രതികരണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേരള കോൺഗ്രസിന്റെ കരുത്തിൽ പല സീറ്റുകളിൽ ഇടതുപക്ഷം ജയിച്ച് കയറിയിരുന്നു.


കോട്ടയത്തു ജോസ് പക്ഷത്തിനു നേട്ടവും ജോസഫ് വിഭാഗത്തിനു പ്രഹരവുമാണു സംഭവിച്ചത്. കെ.എം. മാണിയുടെ തട്ടകമായ പാലാ നഗരസഭയിൽ ജോസ് പക്ഷത്തിന് ആധികാരിക ജയം തന്നെയുണ്ടായി. ഇവിടെ ആദ്യമായി എൽഡിഎഫിനും ഭരണം ലഭിച്ചു. യുഡിഎഫിൽ നിന്നു കേരള കോൺഗ്രസിന്റെ (എം) പുറത്താക്കലിനു വഴിയൊരുക്കിയ കോട്ടയം ജില്ലാ പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുത്തതു യുഡിഎഫിനു കനത്ത തിരിച്ചടിയായി. മത്സരിച്ച 9 സീറ്റിൽ അഞ്ചിലും കേരള കോൺഗ്രസ് (എം) വിജയിച്ചു. ജോസഫ് വിഭാഗത്തിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല. ജില്ലാ പഞ്ചായത്തിൽ മത്സരിച്ച 9 സീറ്റിൽ രണ്ടിൽ മാത്രം ജയം. പാലാ നഗരസഭയിലും പരാജയം നേരിട്ടു. ഗ്രാമപ്പഞ്ചായത്തുകളിലും പ്രതീക്ഷിച്ചത്ര നേട്ടം കിട്ടിയില്ല.

കേരള കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ പാലാ, കടുത്തുരുത്തി മേഖലകളിൽ ഇക്കുറി യുഡിഎഫിനു തിരിച്ചടി നേരിട്ടു. 6 നഗരസഭകളിലായി ജോസ് വിഭാഗം 15 സീറ്റും ജോസഫ് വിഭാഗം 10 സീറ്റും നേടി. ജോസ് വിഭാഗം 40 സീറ്റിലും ജോസഫ് വിഭാഗം 31 സീറ്റിലുമാണു മത്സരിച്ചത്. ജോസഫിന്റെ ശക്തികേന്ദ്രമായ ഇടുക്കി ജില്ലാ പഞ്ചായത്ത് യുഡിഎഫിനെ കൈവിട്ടതിന്റെ പേരിൽ മുന്നണിയിൽ തന്നെ ഉൾപ്പോരുകളായി. പത്തനംതിട്ടയിലെ വൻ തോൽവി കുത്തഴിഞ്ഞ കോൺഗ്രസ് സംഘടനാ സംവിധാനം വരുത്തിവച്ചതാണെന്ന വിമർശനവും ശക്തമായി. കോന്നിയിലെ തോൽവിക്കു പിന്നാലെ പത്തനംതിട്ട തന്നെ കൈവിട്ടതോടെ ഡിസിസിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് കെ.മാണി താരമായതോടെ മുന്നണിയിലെ രണ്ടാംകക്ഷി ആരെന്ന ചോദ്യത്തെ പുച്ഛിച്ചു തള്ളുകയാണു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചെയ്തത്. സിപിഐയും കേരള കോൺഗ്രസും മത്സരിക്കുകയും ജയിക്കുകയും ചെയ്ത സീറ്റുകൾ താരതമ്യം ചെയ്താൽ ഈ സംശയം അസ്ഥാനത്താകുമെന്ന് സിപിഐ കേന്ദ്രങ്ങൾ പറഞ്ഞു. ഇതേസമയം, കേരള കോൺഗ്രസിന്റെ മുന്നണിയിലേക്കുള്ള വരവിനെ എതിർത്തു പോന്ന സിപിഐ അവരെ അംഗീകരിക്കുന്നതിലേക്ക് എത്തിച്ചേർന്നു. ജോസ് പക്ഷത്തിന്റെ വരവ് മുന്നണിക്കു ഗുണം ചെയ്തുവെന്നു തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപു തന്നെ കാനം സമ്മതിച്ചിരുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ എൽഡിഎഫിനു ലഭിക്കുമെന്ന കാനത്തിന്റെ പ്രവചനവും യാഥാർഥ്യമായി.