മഞ്ചേരി: മഞ്ചേരി നഗരത്തിലെ അശാസ്ത്രീയമായ ഓവുചാൽ നിർമ്മാണവുമായി ബന്ധപ്പെട്ട് നഗരസഭ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, സെക്രട്ടറി എന്നിവരെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞയാൾക്ക് നഗരസഭയിൽ നിന്നും ഭീഷണി. പരാതി പറഞ്ഞ മഞ്ചേരി നഗരത്തിലെ കച്ചവടസ്ഥാപനത്തിലെ ജീവനക്കാരനും ഓട്ടോ ഡ്രൈവറുമായ പത്തപ്പിരിയം സ്വദേശി സുനീർ മോനെയാണ് നഗരസഭയിൽ നിന്നാണെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇനിയും പരാതി പറഞ്ഞാൽ കാൽ തല്ലിയൊടിക്കുമെന്നും മഞ്ചേരിയിൽ ഇറങ്ങി നടക്കാൻ അനുവദിക്കില്ലെന്നുമാണ് ഭീഷണിപ്പെടുത്തിയത്.

മഞ്ചേരിയിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ മഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ നിന്നും ജസീല ജംഗ്ഷനിലേക്കുള്ള റോഡിൽ മഴവെള്ളം കെട്ടിക്കിടക്കുകയും റോഡിലൂടെ മലിന ജലം ഒഴുകുകയും ചെയ്തിരുന്നു. ഓവുചാലുകൾ അടഞ്ഞുപോയതും കൃത്യമായി പരിപാലിക്കാത്തതുമായിരുന്നു ഇത്തരത്തിൽ റോഡിലൂടെ മലിനജലം ഒഴുകാൻ കാരണമായത്. ഇത് പൊതുജനങ്ങൾക്കും യാത്രക്കാർക്കും സമീപത്തെ വ്യാപാരസ്ഥാപനങ്ങൾക്കും ഏറെ പ്രതിസന്ധി സൃഷ്ടിച്ചു. ഈ ഘട്ടത്തിലാണ് സുജീർമോൻ മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ വി എം സുബൈദ, വൈസ് ചെയർപേഴ്സൺ ബീന തുടങ്ങിയവരെ ഫോണിൽ വിളിച്ച് പരാതി അറിയിച്ചത്. കഴിഞ്ഞ 12ാം തിയ്യതിയാണ് പരാതി അറിയിച്ചത്. എന്നാൽ പരാതി അറിയിച്ചതിന് പിന്നാലെ തന്നെ 9544077466 എന്ന നമ്പറിൽ നിന്ന് വിളിച്ച് സുജീർമോനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

മഞ്ചേരി മുനിസിപ്പാലിറ്റിയിൽ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞാണ് വിളിച്ചയാൾ പരിചയപ്പെടുത്തിയത്. പിന്നീട് തന്റെ പേര് കൊച്ചുവാണെന്നും മഞ്ചേരി തുറക്കൽ സ്വദേശിയാണെന്നും താൻ ചെയർപേഴ്സൺ വി എം സുബൈദയുടെ ഗുണ്ടയാണെന്നും പറഞ്ഞയാൾ ഇനിയും പരാതി പറഞ്ഞാൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്നും സുജീർമോനെ ഭീഷണിപ്പെടുത്തി. പിന്നീട് ഇങ്ങനെയൊരാൾ തന്നെ വിളിച്ചിരുന്നു എന്ന് പറഞ്ഞ് സുജീർ മോൻ വീണ്ടും ചെയർപേഴ്സൺ വി എം സുബൈദയെ വിളിച്ചപ്പോൾ തനിക്ക് ഗുണ്ടകളില്ലെന്നും ആരാണ് വിളിച്ചതെന്ന് അറിയില്ല എന്നുമാണ് പറഞ്ഞത്. മാത്രവുമല്ല മഞ്ചേരിയിലെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാമെന്നും മറ്റുള്ളവർ അതിൽ ഇടപെടേണ്ടതില്ലെന്നും പറഞ്ഞ് ചെയർപേഴ്സണും പരാതിക്കാരനോട് തട്ടിക്കയറുകയാണുണ്ടായത്.

പിന്നീട് ദിവസങ്ങൾക്ക് ശേഷം പരാതിക്കാധാരമായ ഓവുചാലിലെ തടസ്സം നീക്കുന്ന സമയത്തും സുജീർമോൻ മുനിസിപ്പൽ ചെയർപേഴ്സണെ ഫോണിൽ വിളിച്ചിരുന്നു. അശാസ്ത്രീയമായാണ് നിർമ്മാണം നടക്കുന്നത് എന്നും ഓവുചാലിൽ അടിഞ്ഞുകൂടിയ മണ്ണ് മുഴുവനും നീക്കം ചെയ്യാതെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാകില്ലെന്നും കാണിച്ചാണ് സുജീർ വീണ്ടും പരാതി പറഞ്ഞത്. എന്നാൽ ആ സമയത്തും പരാതിക്കാരനെ ഫോണിൽ ഭീഷണിപ്പെടുത്തുകയും ധാർഷ്ഠ്യത്തോട് കൂടി മറുപടി പറയുകയുമാണ് വി എം സുബൈദ ചെയ്തിരിക്കുന്നത്.എങ്ങനെ പണി നടത്തണമെന്ന് തങ്ങൾക്കറിയാമെന്നും നിങ്ങൾ പറയുന്നതിന് അനുസരിച്ചല്ല മുനിസിപ്പാലിറ്റി പ്രവർത്തിക്കുന്നത് എന്നുമാണ് ചെയർപേഴ്സൺ പറഞ്ഞത്. മാത്രവുമല്ല മഞ്ചേരിയിലെ പ്രശ്നങ്ങൾ മഞ്ചേരിക്കാർ നോക്കിക്കൊള്ളാമെന്നും സമീപ പഞ്ചായത്തിൽ നിന്നുള്ളയാൾ അതിൽ ഇടപെടേണ്ടതില്ലെന്നും മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്സൺ വി എം സുബൈദ പരാതിക്കാരനോട് പറഞ്ഞു.

മഞ്ചേരി തുറക്കൽ സ്വദേശി കൊച്ചു എന്ന വ്യക്തിയാണ് പരാതിക്കാരനെ വി എം സുബൈദയുടെ ഗുണ്ടയാണെന്ന് പറഞ്ഞ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇയാൾ മഞ്ചേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ വി എം സുബൈദയുടെ പേഴ്സണൽ ഡ്രൈവറാണ്. നഗരസഭ വാഹനത്തിലും ഇയാൾ ചില സമയങ്ങളിൽ ഡ്രൈവറായി ജോലി ചെയ്യാറുണ്ട്. നിരവധി കേസുകളിൽ ഉൾപെട്ടിട്ടുള്ള ഇയാൾ പ്രദേശത്തെ മുസ്ലിം ലീഗ്പ്രവർത്തകനും എല്ലാ സമയത്തും മുനിസിപ്പാലിറ്റിയിൽ ഉണ്ടാകാറുള്ള വ്യക്തിയുമാണ്. വി എം സുബൈദയുടെ അറിവോടെയാണ് ഇയാൾ പരാതിക്കാരനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുള്ളത്. ചെയർപേഴ്സണിന്റെ അറിയവോടെയല്ല എങ്കിൽ കൊച്ചു എന്ന വ്യക്തിക്കെതിരെ ഫോൺ റെക്കോർഡുകൾ സഹിതം പരാതിപറഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത് എന്നാണ് സുജീർമോൻ ചോദിക്കുന്നത്.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സുജീർമോൻ പൊലീസിൽ പരാതി നൽകിയെങ്കിലും വി എം സുബൈദയുടെ ഇടപെടൽ കാരണം പരാതി സ്വീകരിക്കാനോ റസീറ്റ് നൽകാനോ പൊലീസ് തയ്യാറായിരുന്നില്ല. മാത്രവുമല്ല പരാതിക്കാരെ ഭീഷണിപ്പെടുത്തുന്ന നിലപാടാണ് മഞ്ചേരി എസ്ഐ ഉമ്മർ മേമന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പരാതിക്കാരനെ ഭീഷണിപ്പെടുത്തുകയും കള്ളക്കേസിൽ കുടുക്കുമെന്നും പറഞ്ഞു. തുടർന്ന് മലപ്പുറം ജില്ല പൊലീസ് മേധാവിക്ക് സുജീർ മോൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി എസ്ഐ ഉമ്മറിനോട് ലീവിൽ പ്രവേശിക്കാൻ പറഞ്ഞിരിക്കുകയാണ്.