മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളെജ് മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുന്നതിനായി ആറ് പുതിയ ഫ്രീസറുകളെത്തി. നേരത്തെ നാല് ഫ്രീസറുകളാണുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണം പ്രവർത്തന രഹിതമായിട്ട് മാസങ്ങളായി. കൂടുതൽ മൃതദേഹങ്ങളെത്തിയാൽ പോസ്റ്റുമോർട്ടം ചെയ്യുന്നതു വരെ സൂക്ഷിക്കുന്നതിന് ഏറെ പ്രയാസമാണ് അധികൃതർ നേരിട്ടിരുന്നത്. അജ്ഞാത മൃതദേഹങ്ങളോ ഇതര സംസ്ഥാനക്കാരുടെ മൃതദേഹങ്ങളോ മോർച്ചറിയിലെത്തിയാൽ ബന്ധുക്കളെത്തുന്നത് വരെ സൂക്ഷിക്കുന്നതിന് നേരത്തെ അനാട്ടമി വിഭാഗത്തിലെ ഫ്രീസറുകളെയാണ് ആശ്രയിച്ചിരുന്നത്.

ഇക്കഴിഞ്ഞ ദിവസമെത്തിയ പുതിയ ഫ്രീസറുകൾ പുതിയ മോർച്ചറി സമുച്ചയത്തിലേക്കുള്ളതാണ്. എന്നാൽ സമുച്ചയത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകാത്തനിനാൽ ഫ്രീസറുകൾ തത്ക്കാലം നിലവിലെ മോർച്ചറിയിൽ ഫിറ്റ് ചെയ്യും. പുതിയ മോർച്ചറി സമുച്ചയത്തിന്റെ പ്രവൃത്തി പൂർത്തിയാക്കാൻ നവംബർ വരെ കരാറുകാർ സമയം ചോദിച്ചിരുന്നുവെങ്കിലും മൂന്നാഴ്ചക്കകം പണി പൂർത്തിയാക്കണമെന്ന് പ്രിൻസിപ്പൽ ഡോ. വി ആർ രാജേന്ദ്രൻ പൊതുമരാമത്ത് വകുപ്പിനോടാവശ്യപ്പെട്ടിട്ടുണ്ട്.

ഫ്രീസറുകൾ താത്ക്കാലികമായി മെഡിക്കൽ വിദ്യാർത്ഥി ഹോസ്റ്റൽ പരിസരത്ത് സ്ഥാപിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. ഇതിനായി ഹോസ്റ്റൽ പരിസരത്താണ് ഫ്രീസറുകൾ ഇറക്കിയത്. എന്നാൽ ഇതിനെ മെഡിക്കൽ വിദ്യാർത്ഥികൾ എതിർത്തതോടെ തീരുമാനം മാറ്റുകയായിരുന്നു. കോവിഡ് ബാധിതരുടെ പ്രതിദിന കണക്കിൽ റെക്കോർഡുകൾ തിരുത്തി മുന്നേറുകയാണ് മലപ്പുറം ജില്ല. വ്യാഴാഴ്ചയിലേതിനും 88 രോഗികൾ വർധിച്ച് 3,945 പേർക്കാണ് ഇന്നലെ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. 31.94 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പർക്കത്തിലൂടെ 3,761 പേർക്കും ഉറവിടമറിയാതെ 148 പേർക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കും വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 31 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ നാല് പേർക്കും ഇന്നലെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലയിൽ 1,099 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്നലെ രോഗവിമുക്തരായത്. ഇതോടെ ജില്ലയിൽ രോഗവിമുക്തരായവരുടെ എണ്ണം 1,32,279 ആയി. ജില്ലയിൽ നിലവിൽ 42,298 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 34,849 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 871 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 210 പേരും 262 പേർ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതുവരെ 673 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരിച്ചത്.

ആരോഗ്യ ജാഗ്രത ഉറപ്പാക്കണം

വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവരും പൊതു സമ്പർക്കത്തിൽ ഏർപ്പെടുന്നവരും കോവിഡ് ബാധ തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കൺട്രോൾ സെൽ, ആരോഗ്യ പ്രവർത്തകർ എന്നിവരുമായി ഫോണിൽ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുതെന്നും ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.