മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിൽ നാലിടത്ത് ബിജെപിക്ക് ഭരണ സാധ്യതയുണ്ടെങ്കിലും ഭീഷണി ഉയർത്തി കോൺ​ഗ്രസ്- സിപിഎം ധാരണ. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്, പൈവളിഗെ, മീഞ്ച, കുമ്പള എന്നീ പഞ്ചായത്തുകളിലാണ് ബിജെപിക്ക് ഭരണസാധ്യത നിലനിൽക്കുന്നത്. എന്നാൽ, മഞ്ചേശ്വരം മണ്ഡലത്തിലെ പരിധിയിൽ വരുന്ന തദ്ദേശ സ്ഥാപന അധ്യക്ഷ-ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും പരസ്പരം സഹകരിക്കാനുള്ള സാധ്യതയാണ് ബിജെപിക്ക് വിനയാകുന്നത്.

ഇടത്-വലത് മുന്നണികൾ നേരിട്ട് മത്സരമുള്ള ഇടങ്ങൾ ഒഴിവാക്കി ബിജെപിക്ക് ഭരണസാധ്യത ഉള്ള സ്ഥാപനങ്ങളിൽ ആണ് ധാരണക്ക് ഇരുമുന്നണികളുടെയും ശ്രമം.ബിജെപിയെ ഭരണത്തിൽ നിന്നും അകറ്റുക എന്ന നയത്തെ തുടർന്നാണ് ഈ തീരുമാനം ഉണ്ടാവുക. തദ്ദേശ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നാലിടത്ത് ബിജെപിക്ക് ഭരണ സാധ്യത നിലനിൽക്കുന്നുണ്ട്. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്, പൈവളിഗെ, മീഞ്ച, കുമ്പള എന്നീ പഞ്ചായത്തുകളിലാണ് ബിജെപിക്ക് ഭരണസാധ്യത നിലനിൽക്കുന്നത്.

മഞ്ചേശ്വരം ബ്ലോക്ക്, കുമ്പള പഞ്ചായത്തുകളിൽ യു.ഡി.എഫിനെയും, പൈവളിഗെ, മീഞ്ച എന്നീ പഞ്ചായത്തുകളിൽ എൽ.ഡി.എഫിനെയും ഭരണത്തിൽ കൊണ്ടു വരാനാണ് നീക്കം. മഞ്ചേശ്വരം ബ്ലോക്കിൽ ആകെയുള്ള 15 സീറ്റിൽ മുസ്ലിം ലീഗ് -ആറ്, ബിജെപി- ആറ്, സിപിഎം- രണ്ട്, എസ്​.ഡി.പി.ഐ- ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. തെരെഞ്ഞെടുപ്പിൽ മുസ്ലിം ലീഗും ബിജെപിയും തുല്യത വന്നാൽ നറുക്കെടുപ്പിൽ ഭാഗ്യം തുണക്കുന്നവർ അധികാരത്തിലെത്തും.