കൊച്ചി: കേരളത്തിൽ ഇടതുമുന്നണി സർക്കാരിന്റെ തുടർഭരണം പ്രവചിച്ച് മനോരമ ന്യൂസ് വി എംആർ എക്‌സിറ്റ് പോൾ പുറത്തു വരുമ്പോഴും പ്രതീക്ഷ നൽകുന്നത് യുഡിഎഫിന്. 73 സീറ്റുകളോടെ സർക്കാർ അധികാരം നിലനിർത്തുമെന്നാണ് എക്‌സിറ്റ് പോളിന്റെ അന്തിമഫലം. യുഡിഎഫ് 64 സീറ്റുകൾ നേടും. എൻഡിഎയ്ക്ക് രണ്ടു സീറ്റുകളും കേരള ജനപക്ഷത്തിന് ഒരു സീറ്റും എക്‌സിറ്റ്‌പോൾ പ്രവചിക്കുന്നു.

മറുനാടൻ മലയാളിയുടെ പ്രവചനം യുഡിഎഫ് ഭരണമാണ്. അതിന് ഏതാണ്ട് അടുത്തേക്ക് വരുന്നത് മനോരമയുടെ സർവ്വേയാണ്. വടക്കൻ കേരളത്തിൽ യുഡിഎഫ് മെച്ചപ്പെടുമെന്നാണ് മനോരമയുടെ പ്രവചനം. ഇത് പ്രതീക്ഷയോടെയാണ് കോൺഗ്രസ് മുന്നണി കാണുന്നത്. ഇടക്കിയിൽ പോലും കോൺഗ്രസിന് സമ്പൂർണ്ണ ആധിപത്യം മനോരമ പ്രവചിക്കുന്നു. പത്തനംതിട്ടയിലും കൊല്ലത്തും തിരുവനന്തപുരത്തും സിപിഎമ്മിന് മുൻതൂക്കവും നൽകുന്നു. എന്നാൽ ഈ മൂന്ന് ജില്ലകളിലും മനോരമ മുന്നോട്ട് വയ്ക്കുന്നതിനേക്കാൾ തിളക്കമാർന്ന വിജയം കോൺഗ്രസ് മുന്നിൽ കാണുന്നു. ഇടതുപക്ഷവും മനോരമ തുടർഭരണം പ്രവചിച്ചതിന്റെ ആശ്വാസത്തിലാണ്.

ഏഴ് വടക്കൻ ജില്ലകളിലെ ഫലസൂചനയുമായി വന്ന ആദ്യഘട്ട എക്‌സിറ്റ് പോളിൽ യുഡിഎഫിനേക്കാൾ നാലുസീറ്റിന് പിന്നിൽനിന്ന ഇടതുമുന്നണി മധ്യകേരളത്തിലും തെക്കൻ കേരളത്തിലും കൈവരിച്ച ജനസ്വാധീനത്തിന്റെ കരുത്തിലാണ് അധികാരത്തുടർച്ച നേടുന്നതെന്നാണ് എക്‌സിറ്റ് പോളിന്റെ പ്രവചനം. 73 സീറ്റുകളിലെ ആദ്യ ഫലസൂചനകളിൽ 38 ഇടത്ത് യുഡിഎഫിനും 34 ഇടങ്ങളിൽ എൽഡിഎഫിനും ഒരു സീറ്റിൽ എൻഡിഎയും മുൻതൂക്കം ലഭിക്കുമെന്നായിരുന്നു പ്രവചനം.

എറണാകുളം ജില്ലയിലെ പതിനാലിൽ പതിനൊന്നിടത്ത് യുഡിഎഫിന്റെയും മൂന്നിടത്ത് എൽഡിഎഫിന്റെയും മുന്നേറ്റ സാധ്യതയാണ് രണ്ടാംഘട്ട എക്‌സിറ്റ് പോളിൽ വ്യക്തമായത്. പെരുമ്പാവൂർ, കൊച്ചി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ മണ്ഡലങ്ങളിൽ നിലവിലെ രാഷ്ട്രീയ പ്രാതിനിധ്യത്തിന് മാറ്റമുണ്ടാകുന്ന സാധ്യത തെളിയുന്നു. മൂവാറ്റുപുഴയിലെ അന്തിമഫലത്തിൽ ട്വന്റി ട്വന്റി ചെലുത്തുന്ന സ്വാധീനവും പ്രകടമാണ്. എറണാകുളത്തിന്റെ അന്തിമചിത്രത്തിൽ യുഡിഎഫിന് രണ്ടുസീറ്റ് നേട്ടവും എൽഡിഎഫിന് രണ്ടുസീറ്റ് നഷ്ടവുമാണ് തെളിയുന്നത്. കുന്നത്തുനാട്ടിൽ പോലും ട്വന്റി ട്വന്റി ജയിക്കില്ലെന്നാണ് പ്രവചനം.

ഇടുക്കിയിലെ അഞ്ച് മണ്ഡലങ്ങളിൽ നാലിടത്തും യുഡിഎഫ് നേട്ടമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോളിന്റെ കണ്ടെത്തൽ. ദേവികുളത്തും ഉടുമ്പൻചോലയിലും പീരുമേട്ടിലും നിലവിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറിയേക്കാം. ഇടുക്കിയിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനാണ് മുൻതൂക്കം. തൊടുപുഴയിൽ തൽസ്ഥിതി തുടർന്നേക്കും. യുഡിഎഫിന് രണ്ടു സീറ്റ് നേട്ടവും എൽഡിഎഫിന് രണ്ടു സീറ്റ് നഷ്ടവുമാണ് ഇടുക്കിയിലെ ഫലസാധ്യത.

കേരള കോൺഗ്രസിന്റെ രാഷ്ട്രീയചേരിമാറ്റത്തിന്റെ ജനഹിത പരിശോധനയ്ക്കുകൂടി വേദിയായ കോട്ടയത്ത് സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത് എന്ന് മനോരമ പറയുന്നു. പാലായിലും ചങ്ങനാശേരിയിലും നിലവിലെ സമവാക്യം മാറിയേക്കാം. കാഞ്ഞിരപ്പള്ളിയിൽ കേരള കോൺഗ്രസിന്റെ ചേരിമാറ്റത്തെ വോട്ടർമാർ അംഗീകരിക്കാനുള്ള സാധ്യത തെളിയുമ്പോൾ ഏറ്റുമാനൂരിൽ ലതിക സുഭാഷ് ഫാക്ടർ യുഡിഎഫിന് വൻതോതിൽ ദോഷം ചെയ്തു.

പ്രബല മുന്നണികളെയെല്ലാം നിരാകരിച്ച് പി.സി.ജോർജിനോട് ആഭിമുഖ്യം പുലർത്തുന്ന ചരിത്രം പൂഞ്ഞാർ ഇക്കുറിയും തുടരുമെന്നാണ് മറ്റൊരു കണ്ടെത്തൽ. ജില്ലയിലെ ഒൻപതു സീറ്റുകളുടെ സാധ്യതാ ഫലങ്ങൾ വരുമ്പോൾ എൽഡിഎഫിന് അഞ്ചും യുഡിഎഫിന് മൂന്നും മറ്റുള്ളവർക്ക് ഒന്നുമെന്നതാണ് അന്തിമചിത്രം. മുൻതിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്താൽ യുഡിഎഫിന് രണ്ടിടങ്ങളിൽ നഷ്ടവും ഇടതുമുന്നണിക്ക് രണ്ടിടത്ത് നേട്ടവും.

ആലപ്പുഴയിലെ ഒൻപതു മണ്ഡലങ്ങളിൽ അരൂരിലും ചേർത്തലയിലും കുട്ടനാട്ടിലും നിലവിലെ സമവാക്യം മാറിമറിയുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. അരൂരിലെ മാറ്റത്തിന് ആധികാരികത ചൂണ്ടിക്കാട്ടുമ്പോൾ ചേർത്തലയിലും കുട്ടനാട്ടിലും ഒരുശതമാനത്തിൽ താഴെ മാത്രമാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. തോമസ് ഐസക്കില്ലാത്ത ആലപ്പുഴയും ജി.സുധാകരനില്ലാത്ത അമ്പലപ്പുഴയും പകരക്കാരെ വരിച്ചേക്കാനുള്ള സാധ്യതയും ഫലസൂചനകളിലുണ്ട്.

ഒൻപതിൽ ആറിടത്ത് ഇടതുമുന്നണി മുന്നേറുമ്പോൾ മൂന്നിടത്ത് യുഡിഎഫിനും സാധ്യതയുണ്ട്. പഴയ കണക്കുമായി തുലനം ചെയ്താൽ ആലപ്പുഴയിൽ യുഡിഎഫിന് ഒരു സീറ്റ് നേട്ടവും എൽഡിഎഫിന് നഷ്ടവുമാകാനുള്ള സാധ്യത. അഞ്ചുസീറ്റുകളുള്ള പത്തനംതിട്ടയിൽ അഞ്ചിടത്തും ഇടതുമുന്നണിയുടെ തേരോട്ടത്തിനുള്ള സാധ്യതകളിലേക്കാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ വിരൽ ചൂണ്ടുന്നത്. കോന്നിയിൽ ശക്തമായ ത്രികോണമത്സരത്തിന്റെ സ്വാധീനത്തിലും ജനപിന്തുണനേടി മണ്ഡലം നിലനിർത്താൻ എൽഡിഎഫിന് കഴിയുമെന്നും പ്രവചിക്കപ്പെടുന്നു.

യുഡിഎഫിന് നിയമസഭയിൽ സാമാജികരില്ലാതിരുന്ന കൊല്ലത്ത് സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. കരുനാഗപ്പള്ളിയിലും ചവറയിലും യുഡിഎഫ് നേട്ടമുണ്ടാക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. ചടയമംഗലത്ത് എൽഡിഎഫ് മുന്നിലെന്ന് പ്രവചിക്കുമ്പോഴും മേൽക്കൈ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. പതിനൊന്നിൽ ഒൻപതിടത്ത് എൽഡിഎഫിനും രണ്ടിടത്ത് യുഡിഎഫിനും ജയസാധ്യത.

പതിനാല് മണ്ഡലങ്ങളുള്ള തലസ്ഥാന ജില്ലയിൽ അട്ടിമറികൾക്കും വീണ്ടെടുപ്പുകൾക്കും നാല് മണ്ഡലങ്ങളിലാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. വർക്കലയിലും കഴക്കൂട്ടത്തും തിരുവനന്തപുരത്തും നേമത്തുമാണ് നാടകീയ ഫലങ്ങൾക്ക് സാധ്യത. ശക്തമായ ത്രികോണമത്സരം നടന്ന നേമത്ത് എൻഡിഎയുടെ സീറ്റിൽ എൽഡിഎഫ് മുന്നിലെത്തും. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളിയെ മറികടന്ന് എൻഡിഎയുടെ ശോഭാ സുരേന്ദ്രന്റെ മുന്നേറ്റം പ്രവചിക്കപ്പെടുന്നു.

തിരുവനന്തപുരത്ത് എൽഡിഎഫും വർക്കലയിൽ യുഡിഎഫും വിജയപദമൂന്നാനുള്ള സാധ്യതയും എക്‌സിറ്റ് പോൾ ചൂണ്ടിക്കാട്ടുന്നു. തലസ്ഥാനത്ത് പതിനാലിൽ എൽഡിഎഫ് പത്തിലും യുഡിഎഫ് മൂന്നിലും എൻഡിഎ ഒരിടത്തും മുന്നേറ്റമുണ്ടാക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.

140 മണ്ഡലങ്ങളിലെയും സാധ്യതകൾ തെളിയുമ്പോൾ എൽഡിഎഫിന് 68 മുതൽ 78 വരെ സീറ്റുകളുമായി അധികാരത്തുടർച്ചയ്ക്കുള്ള അന്തരീക്ഷം കേരളത്തിലുണ്ടെന്നാണ് വ്യക്തമാകുന്നത്. യുഡിഎഫിന് 59 മുതൽ 70 വരെ സീറ്റുകൾ ലഭിച്ചേക്കാം. എൻഡിഎയ്ക്ക് 1 മുതൽ രണ്ട് സീറ്റുവരെയും മറ്റുള്ളവർക്ക് ഒരു സീറ്റും ലഭിക്കാം.

അധികാരം നിലനിർത്തുമെന്ന് പ്രവചിക്കപ്പെടുന്ന ഇടതുമുന്നണിക്ക് ലഭിക്കുന്ന വോട്ടുവിഹിതം 40.9 ശതമാനമാണ്. യുഡിഎഫിന് 38.52 ശതമാനവും എൻഡിഎയ്ക്ക് 15.48 ശതമാനവും വോട്ടുകൾ ലഭിക്കുമെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു.