മലപ്പുറം: സമൂഹമാധ്യമങ്ങൾ വഴി ചികിത്സ സഹായം ആവശ്യപ്പെട്ട് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ. മലപ്പുറം എടക്കര മുസ്ലിയാരങ്ങാടി ചെറിയടം വീട്ടിൽ മൻസൂർ, എറണാകുളം അങ്കമാലി മങ്ങാട് വീട്ടിൽ ദിവ്യബാബു എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും രണ്ട് വർഷത്തോളമായി ഒറ്റപ്പാലത്തിനടുത്ത് നെല്ലായയിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

ഇരുവർക്കും രണ്ട് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. മലപ്പുറം മഞ്ചേരി സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. ദിവ്യയുടെ സഹോദരിക്ക് കാൻസറാണെന്നും ചികിത്സക്കായി പണം ആവശ്യമുണ്ടെന്നും പറഞ്ഞാണ് മഞ്ചേരി സ്വദേശിയിൽ നിന്നും ഇവർ പലപ്പോഴായി പണം കൈക്കലാക്കിയത്.

ഇത്തരത്തിൽ 35 ലക്ഷം രൂപയോളം പരാതിക്കാരൻ ഇവർക്ക് പലപ്പോഴായി അയച്ചു നൽകിയിട്ടുണ്ട്. ഒടുവിൽ സഹോദരി മരണപ്പെട്ടെന്നും സംസ്‌കാര ചടങ്ങുകൾക്കായി പണം ആവശ്യമുണ്ടെന്നും പറഞ്ഞ് പണം ചോദിച്ചപ്പോഴാണ് സംശയം തോന്നിയ പരാതിക്കാരൻ അക്കൗണ്ട് ഉടമയെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന് ഇരയായതായി മനസ്സിലാക്കിയത്.

എന്നാൽ തീരെ പരിചയമില്ലാത്ത ഒരാൾക്ക് ഇത്രയധികം പണം നൽകിയെന്ന് പറയുന്നതിലും അസ്വാഭാവികതയുണ്ട്. ദിവ്യയും മൻസൂറും കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഒറ്റപ്പാലത്തിനടുത്ത് നെല്ലായ അംബേദ്കർ കോളനിയിൽ വാടകക്ക് താമസിച്ചുവരികയാണ്. ഇരുവരും നേരത്തെ എറണാകുളത്തെ ഒരു തുണിക്കടയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇവിടെ നിന്നാണ് ഇരുവരും പരിചയപ്പെട്ടതും ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനത്തിലെത്തിയതും.

മൻസൂർ നേരത്തെയും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. മൻസൂറിനെതിരെ ജന്മസ്ഥലമായ എടക്കരയിലും നിലമ്പൂരിലും സമാന തട്ടിപ്പുകൾ നടത്തിയതിന് കേസ് നിലനിൽക്കുന്നുണ്ട്. സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകിയാണ് ഇവർ പണം തട്ടുന്നത്. ഇത്തരത്തിൽ പലപ്പോഴായി പല ആളുകളിൽ നിന്നും അര കോടി രൂപയോളം ഇരുവരും ചേർന്ന് തട്ടിയെടുത്തിട്ടുള്ളതായി പൊലീസ് പറഞ്ഞു. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.