ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന്റെ ഭാഗമായി ഓഫിസിൽ പ്രത്യേക പൂജ നടത്തി മൻസുഖ് മാണ്ഡവ്യ. മന്ത്രി കസേരയിൽ ചരട് ജപിച്ച് കെട്ടുകയും ചെയ്തു. പുതിയ ആരോഗ്യമന്ത്രി കസേരയിൽ മന്ത്രച്ചരട് കെട്ടുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കോവിഡ് പ്രതിസന്ധി വലിയ തോതിൽ രാജ്യത്തെ ബാധിച്ചതിന് പിന്നാലെ കടുത്ത വിമർശനം ഉയർന്നതോടെയാണ് ഡോ. ഹർഷ് വർധനെ മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ദൗത്യം മാണ്ഡവ്യയെ ഏൽപ്പിച്ചത്. പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്ന ദൗത്യമാണ് മാണ്ഡവ്യയെ ചുമതല നൽകിയതും.



തന്റെ മുൻഗാമിയുടെ കസേര തെറുപ്പിച്ച 'കോവിഡ് പ്രതിസന്ധി' മൂന്നാം തരംഗത്തിന്റെ രൂപത്തിൽ വൈകാതെ സംഭവിച്ചേക്കുമെന്ന വിലയിരുത്തലുകൾ പുറത്തുവരുന്നതിനിടെയാണ് വലിയ ദൗത്യം മാണ്ഡവ്യ ഏറ്റെടുക്കുന്നത്. ചുമതലയേൽക്കുന്നതിന്റെ ഭാഗമായി നടന്ന പൂജകളും മന്ത്രച്ചരടുകളുടെ ബന്ധനവുമെല്ലാം നടത്തിയാണ് പുതിയ ദൗത്യത്തിലേക്ക് മാണ്ഡവ്യ കടക്കുന്നത്.

എന്നാൽ പൂജയുടേയും മന്ത്രച്ചരടുകൾ കെട്ടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നതോടെ സാമൂഹ്യ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തു. വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.

വളം, കെമിക്കൽ വകുപ്പുകളുടെ സഹമന്ത്രിയായ മാണ്ഡവ്യ കൃത്യമായ മുന്നൊരുക്കത്തോടെയാണ് ചുമതലയേൽക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. വകുപ്പിനെക്കുറിച്ച് വ്യക്തമായി പഠിച്ചു തന്നെയാണ് മാണ്ഡവ്യ സ്ഥാനം ഏറ്റെടുത്തത് എന്നാണ് സംസാരം. കഴിഞ്ഞ ആറു ദിവസമായി മാണ്ഡവ്യ രാജ്യത്തെ പ്രമുഖ വാക്‌സീൻ നിർമ്മാണ കേന്ദ്രങ്ങൾ സന്ദർശിക്കുകയായിരുന്നു.

ആരോഗ്യ വകുപ്പിലേക്കെത്തും മുൻപുള്ള ഒരുക്കമായാണ് ഈ സന്ദർശനത്തെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. സീറം ഇൻസ്റ്റിറ്റ്യൂട്ട് (പുണെ), സൈഡസ് (അഹമ്മദാബാദ്), കോവാക്‌സീൻ (അഹമ്മദാബാദ്) എന്നീ കമ്പനികളുടെ കേന്ദ്രങ്ങളിലാണ് മാണ്ഡവ്യ എത്തിയത്.

ഗുജറാത്ത് കാർഷിക സർവകലാശാലയിൽനിന്ന് വെറ്ററിനറി സയൻസിൽ ബിരുദം നേടിയ ആളാണ് മാണ്ഡവ്യ. പിന്നീട് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. എബിവിപിയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തിളങ്ങിയ മാണ്ഡവ്യ ബിജെപിയിലൂടെ നേതൃനിരയിലെത്തി. 2002ൽ 28ാം വയസ്സിൽ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2012ൽ ഗുജറാത്തിൽനിന്ന് രാജ്യസഭയിലെത്തി. 2016ൽ കേന്ദ്രമന്ത്രിസഭയിലേക്ക് അവസരം ലഭിച്ചു.

മോദി സർക്കാരിൽ ഗതാഗതം, തുറമുഖം, കെമിക്കൽ, വളം വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിട്ടായിരുന്നു മാണ്ഡവ്യയുടെ വരവ്. പ്രധാനമന്ത്രി മോദിയോടും അമിത് ഷായോടുമുള്ള വിശ്വസ്തത മാണ്ഡവ്യയ്ക്ക് കാബിനറ്റ് മന്ത്രി പദവി നേടിക്കൊടുത്തു. 'നരേന്ദ്ര മോദിയും അമിത്ഷായും ഒരിക്കൽ കൂടി എന്നിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. അവരോട് നന്ദിയുണ്ട്.' മാണ്ഡവ്യ ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ എംപിയായ മൻസൂഖ് മാണ്ഡവ്യ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന് പിന്നാലെ അദ്ദേഹത്തിന്റെ ട്വീറ്റുകൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. പഴയ ട്വീറ്റുകൾ പലരും കുത്തിപ്പൊക്കിയതോടെ ട്രോളുകളും നിരവധിയായി.

ഇംഗ്ലീഷിലുള്ള തെറ്റായ പ്രയോഗങ്ങളോടെയുള്ള ചില ട്വീറ്റുകൾ ഉപയോഗിച്ചാണ് അദ്ദേഹത്തെ പലരും ട്രോളുന്നത്. രാഹുൽ ഗാന്ധി മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനാണെന്നതടക്കമുള്ള അബദ്ധ ട്വീറ്റും ട്വിറ്ററിൽ മായാതെ കിടക്കുന്നുണ്ട്. ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവാണെന്ന് എഴുതുന്നതിന് പകരം അദ്ദേഹം ട്വീറ്റ് ചെയ്തത് മഹാത്മഗാന്ധിയായിരുന്നു ഞങ്ങളുടെ പിതാവിന്റെ രാഷ്ട്രമെന്നാണ്. ഇതേറ്റെടുത്ത ട്രോളന്മാർ ആരോഗ്യ മന്ത്രി എന്നതിന് പകരം മന്ത്രിയുടെ ആരോഗ്യം എന്ന് കുറിച്ചിരുന്നു.

രാഹുൽ ഗാന്ധിയുടെ കൊച്ചുമകനായ മിസ്റ്റർ രാഹുൽ ജി, ഗാന്ധിജിയുടെ മരണത്തിന് ആർഎസ്എസ് ഒരു തരത്തിലും ഉത്തരവാദിയല്ലെന്ന് താങ്കൾ ഇതിനകം എഴുതിയിട്ടുണ്ട്' എന്നായിരുന്നു 2014 അദ്ദേഹത്തിന്റെ ഒരു ട്വീറ്റ്. എന്നാൽ ഒരുകൂട്ടർ അദ്ദേഹത്തെ പിന്തുണച്ചും രംഗത്തുവന്നിട്ടുണ്ട്. ഇംഗ്ലീഷിൽ പ്രാവീണ്യമില്ലാത്തതിനാൽ അദ്ദേഹത്തെ ട്രോളുന്നത് നിർഭാഗ്യകരണമെന്നാണ് അവരുടെ വാദം.