ന്യൂഡൽഹി: ഛത്തീസ്‌ഗഢിലെ ബീജാപൂരിൽ ഏറ്റുമുട്ടലിനിടെ കാണാതായ സിആർപിഎഫ് കമാൻഡോ തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ, മാവോയിസ്റ്റുകൾ ഉപാധികൾ മുന്നോട്ടുവച്ചു. തങ്ങളുമായി സന്ധി സംഭാഷണത്തിന് സർക്കാർ ഒരുസംഘത്തെ അയച്ചാൽ, രണ്ടുദിവസത്തിനകം ജവാനെ വിട്ടയയ്ക്കാമെന്നാണ് മാവോയിസ്റ്റുകളുടെ വാഗ്ദാനം. എബിപി ന്യൂസിന്റെ ബീജാപൂർ ലേഖകൻ ഗണേശ് മിശ്രയെ ബന്ധപ്പെട്ടാണ് മാവോയിസ്റ്റുകൾ ഇക്കാര്യം അറിയിച്ചത്.

ജവാന്റെ ഫോട്ടോ നേരത്തെ പുറത്തുവിട്ടിരുന്നു. വെടിയേറ്റ രാകേശ്വർ സിങ്ങിന് ചികിത്സ നൽകിയെന്നും ഇപ്പോൾ നില മെച്ചപ്പെട്ടുമെന്നുമാണ് മാവോയിസ്റ്റുകൾ സന്ദേശത്തിൽ പറയുന്നത്. സന്ധി സംഭാഷണത്തിന് ആരൊക്കെയുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കണം. എന്നാൽ, ഉപാധികൾ മുന്നോട്ടുവച്ചാൽ കടുത്ത അക്രമങ്ങളിൽ ഏർപ്പെടുന്ന മാവോയിസ്റ്റുകളുമായി ചർച്ച സാധ്യമല്ലെന്നാണ് സർക്കാർ നിലപാട്. ഏറ്റുമുട്ടൽ നടന്ന് മൂന്നു ദിവസം പിന്നിടുമ്പോഴാണ് ജവാൻ തങ്ങളുടെ കസ്റ്റഡിയിലാണെന്ന് മാവോയിസ്റ്റുകൾ വെളിപ്പെടുത്തിയിരിക്കുന്നത്. ജവാനെ കണ്ടെത്താനായുള്ള ശ്രമം തുടർന്നുവരവെയാണ് വെളിപ്പെടുത്തൽ. സിപിഐ മാവോയിസ്റ്റ് ദന്തകാരണ്യ സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെതാണ് പ്രതികരണം. 

പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയുമായി നടന്ന ഏറ്റുമുട്ടലിൽ 22 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. ഈ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകൾ രാകേഷ് സിങിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും എന്നാൽ ഭരണകൂടം സത്യസന്ധമായല്ല പെരുമാറുന്നത് എന്നും രണ്ടുപേജുള്ള ഹിന്ദിയിലെഴുതിയ കത്തിൽ മാവോയിസ്റ്റുകൾ പറയുന്നു. ഈ കത്തിന്റെ ആധികാരിത സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തുകയാണെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

സർക്കാർ മൗനം പാലിക്കുന്നുവെന്ന് ജവാന്റെ കുടുംബം

സർക്കാർ ഒരുനടപടിയും സ്വീകരിക്കാതെ മൗനം പാലിക്കുകയാണെന്ന് ജവാൻ രാകേശ്വർ സിങ്ങിന്റെ കുടുംബം ആരോപിച്ചു. അഭിനന്ദനെ പാക്കിസ്ഥാനിൽ നിന്ന് വിമോചിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു. രാകേശ്വർ സിങ്ങിന്റെ കാര്യത്തിൽ എന്താണ് നടപടിക്ക് കാലതാമസം എന്നാണ് കുടുംബത്തിന്റെ ചോദ്യം. മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന രാകേശ്വർ സിങ്ങിന്റെ ചിത്രം ഇപ്പോഴത്തേത് അല്ലെന്നും് കുടുംബം പറയുന്നു. സിആർപിഎഫ് കോബ്ര കമാൻഡോ രാകേഷ് സിങ് മൻഹാസിന്റെ ഒരുവർഷം മുൻപുള്ള ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് കുടുംബം പറഞ്ഞു. കുടുംബം  ജമ്മു-പൂഞ്ച് ദേശീയപാതയിൽ പ്രതിഷേധം നടത്തി.

കമാൻഡോ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള മാവോയിസ്റ്റുകളുടെ കത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ നേരത്തെ പുറത്തുവന്നിരുന്നു. ഹിന്ദിയിലുള്ള കത്തിനൊപ്പം ഈ ചിത്രവും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഒരുവർഷം മുൻപ് അവധിക്ക് നാട്ടിലെത്തിയപ്പോൾ രാകേഷിന്റെ ഫോണിൽ താൻ ഈ ചിത്രം കണ്ടിട്ടുണ്ടെന്ന് സൈനികന്റെ ബന്ധു പ്രവീൺ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് മാവോയിസ്റ്റുകളുടെ നാടകമാണെന്ന് പറഞ്ഞ കുടുബം, എത്രയും വേഗം രാകേഷിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു.
മാവോയിസ്റ്റുകൾ പുറത്തുവിട്ടതായി പറയുന്ന കത്തും ചിത്രവും ശരിക്കുള്ളതാണെന്ന് സിആർപിഎഫ് സ്ഥിരീകരിച്ചിട്ടില്ല. രാകേഷിനെ കണ്ടെത്താനായുള്ള ശ്രമം ഊർജിതമായി തുടരുകയാണെന്ന് സിആർപിഎഫ് അറിയിച്ചു.