ബ്യൂണസ് ഐറിസ്: മദ്യവും മയക്കുമരുന്നുമായിരുന്നു ഫുട്ബോൾ ഇതിഹാസം ഡീഗോ അർമാൻഡോ മാറഡോണയെ ജീവിതത്തിൽ വില്ലനാക്കിയത്. ഫുട്‌ബോളിലെ ദൈവം മയക്കുമരുന്നിന് അടിമയായത് അരാധകർ ഞെട്ടലോടെയാണ് കേട്ടിരുന്നത്. 1994ലെ ലോകകപ്പിൽ സർവ്വപ്രതാപവുമായി കളിക്കളം വാഴുമ്പോൾ അദ്ദേഹം പിടിക്കപ്പെട്ടു. അങ്ങനെ വിലക്കും എത്തി. അറുപതാം പിറന്നാൾ ആഘോഷിച്ച് ലോകത്തിന്റെ സ്‌നേഹം മുഴുവൻ ഏറ്റുവാങ്ങിയ ശേഷം മടക്കം. ഈ മാസം തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയ അദ്ദേഹത്തിന് പിൻവാങ്ങൽ ലക്ഷണങ്ങളും (വിത്ത്ഡ്രോവൽ സിംപ്റ്റംസ്) ഉണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം.

അമിതമായ മദ്യപിക്കുന്നവരിലും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നവരിൽ ലഹരി നിർത്തുന്ന സമയം അവരിൽ ഉണ്ടാവുന്ന ചില മാനസികവും ശാരീരികവും ആയ പ്രതികരണമാണ് പിൻവാങ്ങൽ ലക്ഷണങ്ങൾ. ഇത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ്. പലരും ഇത് ലഹരി നിർത്തിയതുകൊണ്ടാണെന്നു തെറ്റിദ്ധരിച്ചു വീണ്ടും വീണ്ടും അത് കഴിക്കുന്നു. അനിയന്ത്രിതമായി ഉപയോഗിച്ച ലഹരി നാഡീവ്യവസ്ഥയിലും തലച്ചോറിലും ഉണ്ടാക്കിയ ആശ്രിതത്വമാണ് ഇതിനു കാരണം. ഇങ്ങനെ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴാണ് മറഡോണയുടെ ജീവൻ എടുക്കാൻ ഹൃദയാഘാതം എത്തിയത്. വിഷാദ രോഗത്തെത്തുടർന്ന് അദ്ദേഹത്തെ ബ്യൂണസ് ഐറിസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ പരിശോധനയ്ക്കിടെ സ്‌കാനിങ്ങിലൂടെയാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് 80 മിനിറ്റ് നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് അദ്ദേഹത്തിന്റെ തലച്ചോറിലെ കട്ടപിടിച്ച രക്തം നീക്കം ചെയ്തത്. കഴിഞ്ഞ മാസമാണ് താരം 60-ാം പിറന്നാൾ ആഘോഷിച്ചത്. ദാരിദ്രത്തിന്റെ പടകുഴിയിൽ നിന്ന് ഫുട്‌ബോളിലെ 'ദൈവം' ആയി മാറിയ അത്ഭുത മനുഷ്യൻ അങ്ങനെ മാനസിക സംഘർഷങ്ങൾക്കിടെ വിടവാങ്ങി.

അമേരിക്കയുടെ അധീശത്വത്തെ പരസ്യമായി തന്നെ ചോദ്യം ചെയ്ത ഫുട്‌ബോളാറാണ് മറഡോണ. ഫിഫയുടെ കള്ളവും തുറന്നുകാട്ടി. വിപണി കളി കൈയടിക്കിയപ്പോൾ രാജാവ് നഗ്‌നനാണെന്ന് വിളിച്ചുപറഞ്ഞു. ക്യൂബൻ വിപ്ലവനായകൻ ഫിഡൽ കാസ്‌ട്രോയായിരുന്നു ഡീഗോയുടെ രാഷ്ട്രീയ ഗുരു. കാസ്ട്രോയുടെ മരണദിനം തന്നെ മറഡോണയും യാത്രയായി. രണ്ടു പേരും അവസാനശ്വാസം വലിച്ചത് നവംബർ ഇരുപത്തിയഞ്ചിന്. 2016 നവംബർ ഇരുപത്തിയഞ്ചിന് ഹവാനയിൽ വച്ചായിരുന്നു കാസ്ട്രോയുടെ അന്ത്യം. ഇടങ്കൈയിൽ ചെ ഗുവേരയെയും വലങ്കാലിൽ ഫിഡലിനെയും പച്ചുകുത്തിയ ഡീഗോ. നാട്ടുകാരനായ ചെയെക്കാൾ ക്യൂബക്കാരനും ചെയുടെ സമരസഖാവുമായിരുന്ന കാസ്ട്രോയായിരുന്നു ഡീഗോയുടെ ഹീറോ.

സെഗ്രബ് അരീനയിൽ നാട്ടുകാരനായ യുവാൻ മാർട്ടിൻ ഡെൽ പൊട്രോയുടെ ഡേവിസ് കപ്പ് മത്സരം കണ്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു ഡീഗോയെ തേടി ഫിഡലിന്റെ മരണവാർത്തയെത്തിയത്. വിവരമറിഞ്ഞ ഡീഗോയ്ക്ക് കരച്ചിൽ അടക്കാൻ കഴിഞ്ഞിരുന്നില്ല. അച്ഛന്റെ വിയോഗത്തിനുശേഷം ഞാൻ ഏറ്റവുമധികം കരഞ്ഞത് ഇന്നാണ്. മയക്കുമരുന്നിന്റെ ഇരുട്ടിൽ നിന്ന് എനിക്ക് തിരിച്ചുവരാൻ കഴിയുമെന്ന് എന്നോട് പറഞ്ഞത് അദ്ദേഹമാണ്. ഞാൻ തിരിച്ചുവരിക തന്നെ ചെയ്തു. ഡേവിസ് കപ്പിനിടെ 107-ാം നമ്പർ ബോക്സിലിരുന്ന് വിതുമ്പലടക്കാൻ പാടുപെട്ട് ഡീഗോ പറഞ്ഞു.

കേവലം അമേരിക്കൻ വിരോധം മാത്രമായിരുന്നില്ല കാസ്ട്രോയിലേയ്ക്ക് അടുപ്പിച്ചത്. അച്ഛനും മകനും തമ്മിലുള്ള ഒരു ബന്ധമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. മയക്കുമരുന്നിന്റെ ലോകത്തേയ്ക്ക് നിലതെറ്റി വീണ ഡീഗോയെ വീണ്ടും ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നത് കാസ്ട്രോയായിരുന്നു. അർജന്റീന മെക്സിക്കോയിൽ ജർമനിയെ മുട്ടുകുത്തിച്ച് ലോകകപ്പിൽ മുത്തമിട്ട 1986ൽ തന്നെയാണ് ഡീഗോ ആദ്യമായി കാസ്ട്രോയെ കണ്ടുമുട്ടുന്നത്. ക്യൂബൻ കാടുകളിൽ ചെഗുവേരയ്ക്കൊപ്പം നടത്തിയ കാസ്ട്രോയുടെ ഐതിഹാസികമായ പോരാട്ടങ്ങളുടെ കഥകളാണ് ഡീഗോയെ ലഹരി പിടിപ്പിച്ചത്. ഫീഡലും മറഡോണയുടെ മാന്ത്രികതയിൽ വീണു.

മയക്കുമരുന്നിൽ നിന്ന് രക്ഷ നേടാനായി ഓടിനടന്ന ഡീഗോയ്ക്ക് അന്ന് ആശ്രയമൊരുക്കിയത് കാസ്ട്രോയായിരുന്നു. ക്യൂബയിലെ ഏറ്റവും വിദഗ്ദ്ധരായ ഡോക്ടർമാരെ തന്നെ അന്ന് കാസ്ട്രോ വിട്ടുകൊടുത്തു. നാലു വർഷമാണ് ഡീഗോ ക്യൂബയിൽ ചികിത്സ തേടിയത്. എന്നും ഫിഡൽ വിളിക്കും. മണിക്കൂറുകളോളം പിന്നെ ചർച്ചയാണ്. കളിയും കാര്യവും രാഷ്ട്രീയവും... ചർച്ചയങ്ങനെ നീണ്ടുപോകും. മയക്കുമരുന്നിന്റെ വല ഭേദിച്ച് പുറത്തുവരാൻ ഫിഡൽ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. നാലു വർഷത്തിനുശേഷം ഹവാനയിൽ നിന്ന് ഡീഗോ ജീവിതത്തിലേയ്ക്ക് വീണ്ടും മടങ്ങി എത്തി.

അർജന്റീന എന്റെ നേരെ വാതിൽ കൊട്ടിയടച്ചപ്പോൾ അദ്ദേഹം എനിക്ക് ക്യൂബയിലേയ്ക്കുള്ള വാതിൽ തുറന്നു തന്നുവെന്നാണ് നാല് വർഷം മുൻപ് കാസ്ട്രോയുടെ മരണവാർത്ത കേട്ടപ്പോൾ ഡീഗോ പ്രതികരിച്ചത്. എനിക്ക് അദ്ദേഹം ഒരു അച്ഛനെപ്പോലെയായിരുന്നു പിൽക്കാലത്ത് പല അഭിമുഖങ്ങളിലും ഡീഗോ ആവർത്തിച്ചു. അങ്ങനെ ഫിഡലിന്റെ കാരുണ്യം തുറന്നു പറഞ്ഞ് പറഞ്ഞിരിക്കുമ്പോൾ അപ്രതീക്ഷിതമായി നവംബർ 25ന് ഡീഗോയും മടങ്ങി.