തിരുവനന്തപുരം: കോവിഡ് രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ മോഹൻലാൽ നായകനായി എത്തുന്ന 'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ബിഗ്ബഡ്ജറ്റ് ചരിത്ര സിനിമ ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുമോ എന്നുള്ള സംശയം സിനിമാപ്രേമികൾ ചോദിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഈ ചോദ്യങ്ങൾക്ക് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ പ്രിയദർശൻ തന്നെ രംഗത്തുവന്നിരിക്കുകയാണ്.

ചിത്രം ഒടിടി വഴി പുറത്തിറക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് സംവിധായകൻ വ്യക്തമാക്കിയിരിക്കുന്നത്. 100 കോടിയിലധികം മുതൽമുടക്കിൽ നിർമ്മിച്ച ചിത്രം റിലീസ് ചെയ്യുക തീയറ്റർ വഴി മാത്രമായിരിക്കുമെന്നും വലിയ സ്‌ക്രീനിൽ ആസ്വദിക്കേണ്ട സിനിമയാണിതെന്നും പ്രിയദർശൻ പറയുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. തീയറ്ററിലൂടെ സിനിമ റിലീസ് ചെയ്യുന്നതിനായി ഇനിയും ആറ് മാസം കൂടി കാത്തിരിക്കാൻ തയ്യാറാണ് താനെന്നും അദ്ദേഹം അറിയിക്കുന്നു.

ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹൻലാലിനും നിർമ്മാതാവായ ആന്റണി പെരുമ്പാവൂരിനും ഇതേ അഭിപ്രായം തന്നെയാണ് ഉള്ളതെന്നും മരക്കാറിനെപ്പോലെ വലിയ വിജയപ്രതീക്ഷയുള്ള സിനിമയ്ക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമിന് മുമ്പുതന്നെ ബിഗ് സ്‌ക്രീൻ കിട്ടുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും പ്രിയദർശൻ പറഞ്ഞു. ദേശീയ അവാർഡ് നേടിയ 'മരക്കാർ അറബിക്കടലിന്റെ സിംഹ'ത്തിന്റെ റിലീസ് കോവിഡ് രോഗവ്യാപനത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു