മറയൂർ: താൻ ലക്ഷ്യമിട്ടത് ഫോറസ്റ്റ് വാച്ചർ അശോകനെ വകവരുത്താൻ ആയിരുന്നെന്നും ഇത് സാധിക്കാതെ വന്നതോടെയാണ് ഇയാൾക്ക് ചന്ദനം കടത്ത് സംബന്ധിച്ച വിവരം കൈമാറിയിരുന്ന ചന്ദ്രികയെ വെടിവച്ചിട്ടെതെന്നും മറയൂർ പാളപ്പെട്ടിക്കുടിയിലെ കുട്ടിക്കൊലയാളി. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് പാളപ്പെട്ടികുടിയിലെ താമസക്കാരിയായ ചന്ദ്രിക(34) വെടിയേറ്റ് മരിച്ചത്. സംഭവത്തെത്തുടർന്ന് മറയൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യവെയാണ് 17 കാരനായ കേസ്സിലെ ഒന്നാം പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്. കേസിലെ മൂന്നാംപ്രതി 16 കാരനാണ്. ഇവർ ഇരുവരും കൂട്ടാളിയായ മണികണ്ഠനും(19) പാളപ്പെട്ടി ആദിവാസി കോളനിവാസികളാണ്. മണികണ്ഠനെ ദേവികുളം കോടതിയിലും പ്രായപൂർത്തിയാവാത്ത മറ്റ് രണ്ട് പ്രതികളെ തൊടുപുഴ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെയും ഹാജരാക്കും.

കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് നൽകിയ ആളെക്കുറിച്ച് പിടിയിലായവർ പൊലീസിൽ വെളിപ്പെടുത്തിയതായിട്ടാണ് സൂചന. ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയുന്നു. മേഖലയിൽ ചന്ദനം കടത്തിൽ സജീവപങ്കാളിത്തമുള്ള ആളാണ് തോക്ക് മൂവർ സംഘത്തിന് കൈമാറിയതെന്നാണ് പൊലീസിന്റെ നിഗമനം. മേഖലയിൽ തോക്ക് സഹിതം കാവലിന് ആളെ നിർത്തി ,ചുറ്റിക്കറങ്ങി ചന്ദനം മുറിച്ചുകടത്തുന്നതിൽ പ്രധാനിയായ ഇയാൾ തമിഴ്‌നാടുമായി അടുത്തബന്ധമുണ്ടെന്നും ചന്ദനം ഇവിടെ നിന്നും എളുപ്പവഴിയിൽ തമിഴ്‌നാട്ടിലെത്തിക്കുന്നതിൽ ഇയാൾക്ക് പ്രധാന പങ്കുണ്ടെന്നുമാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

മേഖലയിലെ ചന്ദനം കടത്ത് മാഫിയയിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായവർ എന്നും പണവും മദ്യവും നൽകി ഇവരുൾപ്പെടെ വലിയൊരുസംഘം ചെറുപ്പക്കാരെ മാഫിയ സംഘം വലയിലാക്കിയിട്ടുണ്ടെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം. പാളപ്പെട്ടികോളനി മേഖലയിൽ വനം-പൊലീസ് ഉദ്യോഗസ്ഥർ അടുത്തകാലത്ത് ഭയപ്പാടോടെയാണ് എത്തിയിരുന്നത്. തോട്ടത്തോക്കുമായി ചന്ദനമാഫിയ സംഘം ഈ പ്രദേശത്ത് ചുറ്റിക്കറങ്ങുന്നത് പതിവായിരുന്നു. മറയൂരിൽ നിന്നും 16 കിലോമാറ്റർ ദൂരമെ ഉള്ളുവെങ്കിലും ഇവിടെ എത്താൻ 2 മണിക്കൂറിലേറെ സമയം വേണ്ടിവരും.

കുറച്ചുദൂരം ജീപ്പിൽപോകാം. പിന്നെ നടപ്പ് മാത്രമാണ് കോളനിയിലെത്തുന്നതിനുള്ള മാർഗ്ഗം. ഇതാണ് ഇവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചന്ദനമാഫിയയ്ക്ക് അനുഗ്രഹമായിട്ടുള്ളത്. മറയൂർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. അക്രമിസംഘത്തിൽ ഉൾപ്പെട്ട മണികണ്ഠനെ ഏതാനും ആഴ്ചകൾക്ക് മുമ്പ് ചന്ദനംമുറിച്ച് കടത്താൻശ്രമിച്ച സംഭവത്തിൽ വനംവകുപ്പ് അധികൃതർ പിടികൂടിയിരുന്നു. ഈ കേസ്സിൽ റിമാന്റിലായിരുന്ന ഇയാൾ ഒരാഴ്ച മുമ്പാണ് പുറത്തിറങ്ങിയത്. തുടർന്ന് തന്നെ കേസ്സിൽകുടുക്കിയ വനംവകുപ്പ് ജീവനക്കാരൻ അശോകനെ വകവരുത്താൻ ഇയാളുടെ നേതൃത്വത്തിൽ നീക്കം തുടങ്ങി. ഇതിനായി തോക്കും സംഘടിപ്പിച്ചു.

വെള്ളിയാഴ്ച വൈകിട്ട് മണികണ്ഠനും പ്രായപൂർത്തിയാവാത്ത 2 പേരും അടങ്ങുന്ന സംഘം അശോകനെത്തേടി ചന്ദന റിസർവ്വ് മേഖലയിൽ തിരച്ചിൽ തുടങ്ങി. രാത്രിവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.തുടർന്നാണ് തന്നെ കേസിൽ കുടുക്കിയ അശോകനുമായി ചന്ദ്രികയ്ക്ക് ബന്ധമുണ്ടെന്ന സംശയത്തിൽ ഇവർക്ക് നേരെ സംഘത്തിലെ 17 കാരൻ പിൻകഴുത്തിൽ നിറയൊഴിച്ചത്. ഇവർ സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു.

കൃഷിചെയ്തിരുന്ന പഞ്ഞപ്പുല്ലിന് രാത്രി കാവൽകിടക്കുന്ന ആറംഗസംഘത്തിനൊപ്പം വീടിന് സമീപമുള്ള ഷെഡിലായിരുന്നു ചന്ദ്രികയെ തേടിച്ചെന്ന് കുട്ടികൊലയാളി വെചിവച്ചുവീഴ്‌ത്തുകയായിരുന്നു.ഇവർക്കുനേരെ വെടിയുതിർത്തശേഷം അക്രമിസംഘം ഓടിമറഞ്ഞു. സംഭവമറിഞ്ഞ് രാത്രി 11.30 തോടടുത്ത് മറയൂർ പൊലീസ് സ്ഥലത്തെത്തി.

മറയൂരിൽ നിന്നും രണ്ട് മണിക്കൂറിലേറെ സമയം വേളം പാളപ്പെട്ടികുടിയിലെത്താൻ.ദുർഘടമായ പാതകളിലുടെ ജീപ്പിലും തുടർന്ന് കിലോമീറ്ററുകളോളം നടന്നുമാണ് പൊലീസ് സംഘം സംഭവം നടന്ന പുല്ലുകാട്ടിലെത്തിയത്. കൃത്യത്തിന് ശേഷം സംഭവനടന്ന സ്ഥലത്തിന് സമീപം വനത്തിലുപേക്ഷിച്ച തോക്ക് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.