കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇടത് യുവജന സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവർത്തകൻ മരിച്ചു. ബങ്കുര ജില്ലയിൽ നിന്നുള്ള മൈദുൽ ഇസ്ലാം മിദ്ദ എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൈദുൽ സൗത്തുകൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൈദുൽ ഇസ്ലാം മിദ്ദയു‌ടേതുകൊലപാതകമെന്ന് സിപിഎം ആരോപിക്കുമ്പോൾ ആത്മഹത്യ എന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

അമിതമായ രക്തസ്രാവത്തെ തുടർന്നാണ് മരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും അമിത രക്തം നഷ്ടപ്പെട്ടതിനെ തുടർന്ന് രാവിലെ അദ്ദേഹം മരിച്ചുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞ പതിനൊന്നിന് കൊൽക്കത്തയിൽ പൊലീസുമായി ഉണ്ടായ സംഘർഷിത്തിൽ പരിക്കേറ്റ പ്രവർത്തകനാണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. മരണത്തിന് പിന്നാലെ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി. ഡിവൈഎഫ്‌ഐ പ്രവർത്തകന്റേതുകൊലപാതകമാണെന്ന് സിപിഎം ആരോപിച്ചു. അതേസമയം, ആത്മഹത്യയാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.

വിദ്യാർത്ഥി, യുവജന മാർച്ചിൽ വിരണ്ട തൃണമൂൽ സർക്കാർ ക്രൂരമായി ലാത്തിച്ചാർജ് നടത്തുകയായിരുന്നുവെന്ന് സിപിഎം നേതാവ് സുജൻ ചക്രബർത്തി പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപിയും രംഗത്തെത്തി. മമത സർക്കാരിന് എല്ലാത്തരത്തിലും നിയന്ത്രണം നഷ്ടപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് ആരോപിച്ചു. സംഭവം നടന്ന ദിവസം പൊലീസ് സമതചിത്തതയോടെയാണ് പെരുമാറിയതെന്നും മൈദുലിന്റെത് ആത്മഹത്യയാണെന്നും പഞ്ചായത്ത് വകുപ്പ് മന്ത്രി സുബ്രത മുഖർജി പറഞ്ഞു.

മിദ്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഷേക്സ്പിയർ സരാനി പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി കൊൽക്കത്ത പൊലീസ് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇക്കാര്യം ഞങ്ങൾ സമഗ്രമായി അന്വേഷിക്കുന്നുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധന നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.

റാലിക്കിടെ ഇടതുപാർട്ടികളിലെ വിദ്യാർത്ഥികളും യുവജനങ്ങളും പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ പൊലീസിനും സമരക്കാർക്കും പരിക്കേറ്റിരുന്നു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ്ജ് നടത്തുകയും ടിയർ ഗ്യാസ് ഷെല്ലുകൾ പൊട്ടിക്കുകയും ജലപീരങ്കി ഉപയോ​ഗിക്കുകയും ചെയ്തിരുന്നു.പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഫെബ്രുവരി 12 ന് ഇടതുമുന്നണി സംസ്ഥാന വ്യാപകമായി 12 മണിക്കൂർ ബന്ദ് ആചരിക്കുകയും ചെയ്തിരുന്നു.