ലണ്ടൻ: ലോക ടെന്നിസിലെ ഗ്ലാമർ താരം റഷ്യയുടെ മരിയ ഷറപ്പോവ വിവാഹിതയാകുന്നു. നാൽപ്പത്തൊന്നുകാരനായ ബ്രിട്ടിഷ് വ്യവസായി അലക്സാണ്ടർ ജിൽക്സാണ് മുപ്പത്തിമൂന്നുകാരിയായ ഷറപ്പോവയുടെ ജീവിത പങ്കാളിയാകുന്നത്. അലക്സാണ്ടർ ജിൽക്സന്റെ രണ്ടാം വിവാഹമാണിത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഷറപ്പോവ പരസ്യമാക്കിയത്. ‘ആദ്യ കാഴ്ചയിൽത്തന്നെ ഞാൻ യെസ് പറഞ്ഞു. ഇത് നമ്മുടെ കൊച്ചു രഹസ്യമായിരുന്നു. അല്ലേ?' – അലക്സാണ്ടർ ജിൽക്സിനൊപ്പമുള്ള ചിത്രങ്ങൾ‌ പങ്കുവച്ച് ഷറപ്പോവ കുറിച്ചു.

മരിയ ഷറപ്പോവ ഈ വർഷം ഫെബ്രുവരിയിലാണ് പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിച്ചത്. അഞ്ച് തവണ ഗ്രാൻസ്‍ലാം കിരീടം ചൂടിയിട്ടുണ്ട്. 2004-ൽ പതിനേഴാം വയസ്സിൽ വിംബിൾഡൺ കിരീടം നേടിയാണ് ഷറപ്പോവ താരമായത്. ഈ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന റെക്കോഡും അന്ന് ഷറപ്പോവ സ്വന്തമാക്കി. 2005-ൽ ലോക ഒന്നാം നമ്പറായ റഷ്യക്കാരി അടുത്ത വർഷം യു.എസ് ഓപ്പൺ കിരീടം നേടി.

എന്നാൽ 2007 മുതൽ തോളിനേറ്റ പരിക്ക് ഷറപ്പോവയ്ക്ക് തിരിച്ചടിയായി. 2008-ൽ ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിലൂടെ തിരിച്ചെത്തിയെങ്കിലും പരിക്ക് വീണ്ടുമെത്തി. ഇതോടെ ആ വർഷത്തെ യു.എസ് ഓപ്പണും ബെയ്ജിങ് ഒളിമ്പിക്സും താരത്തിന് നഷ്ടപ്പെട്ടു. 2012-ൽ തിരിച്ചുവന്ന ഷറപ്പോവ ഫ്രഞ്ച് ഓപ്പൺ നേടി കരിയർ ഗ്രാൻസ്ലാം പൂർത്തിയാക്കി. ഈ നേട്ടത്തിലെത്തുന്ന പത്താമത്തെ വനിതാ ടെന്നീസ് താരവുമായി. ആ വർഷം ഒളിമ്പിക്സിൽ വെള്ളി മെഡലും അക്കൗണ്ടിലെത്തിച്ചു. 2014-ൽ ഷറപ്പോവ വീണ്ടും ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിട്ടു.

2016-ലെ ഓസ്ട്രേലിയൻ ഓപ്പണിന് ശേഷം ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഷറപ്പോവ 15 മാസം വിലക്ക് നേരിട്ടിരുന്നു. അതിനുശേഷം കോർട്ടിൽ തിരിച്ചെത്തിയ ഷറപ്പോവയ്ക്ക് തിളങ്ങാനായില്ല. തോളെല്ലിനേറ്റ പരിക്കും താരത്തെ അലട്ടിയിരുന്നു. 15 മാസത്തെ വിലക്ക് നേരിട്ട ഷറപ്പോവ തിരിച്ചുവരവിൽ ഒരു പ്രധാന ടൂർണമെന്റിൽ മാത്രമാണ് ക്വാർട്ടർ ഫൈനലിൽ എത്തിയത്.

മുൻ ലോക ഒന്നാം റാങ്കുകാരിയായ ഷറപ്പോവ നിലവിൽ റാങ്കിംഗിൽ 373ാം സ്ഥാനത്താണ്. ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പണിൽ പരാജയപ്പെട്ടശേഷം ഇത് കരിയറിലെ അവസാന ഗ്രാൻസ്ലാമാണോ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ഷറപ്പോവയുടെ മറുപടി. ടെന്നീസിന് പുറമെ ഫാഷൻ ലോകത്തും ഗ്ലാമർ താരമായി ഷറപ്പോവ ആരാധകരുടെ മനം കവർന്നിരുന്നു.

1987 ഏപ്രിൽ 19 ന് സോവിയറ്റ് യൂണിയനിലെ ന്യാഗനിലാണ് മരിയ ഷറപ്പോവ ജനിച്ചത്. അവരുടെ മാതാപിതാക്കളായ യൂറി, യെലേന എന്നിവർ മുൻ സോവിയറ്റ് ബെലാറസിലെ ഗോമെൽ നഗരത്തിൽനിന്നുള്ളവരാണ്. 1986 ലെ ചെർണോബിൽ ആണവ ദുരന്തത്തിന്റെ പ്രാദേശിക പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കയാൽ മരിയ ജനിക്കുന്നതിനു മുമ്പുതന്നെ മാതാപിതാങ്ങൾ തങ്ങളുടെ മാതൃഭൂമി ഉപേക്ഷിച്ചിരുന്നു. 2018 ഒക്ടോബറിലാണ് ഷറപ്പോവയും അലക്സാണ്ടർ ജിൽക്സും തമ്മിലുള്ള പ്രണയം പൊതുജന ശ്രദ്ധയിലെത്തുന്നത്. ബ്രിട്ടീഷ് രാജകുടുംബവുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് അലക്സാണ്ടർ. ബ്രിട്ടിഷ് – ബഹ്റൈൻ ഫാഷൻ ഡിസൈനറായ മിഷ നോനുവാണ് അലക്സാണ്ടറിന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഒരു കുഞ്ഞുണ്ട്.