ശ്രീനഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുത്ത സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. കാശ്മീരിലെ ഉദ്ധംപൂർ ജില്ലയിലെ രാംനഗർ ഏരിയയലാണ് സംഭവം. പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ 35വയസ്സുള്ള വ്യക്തിക്ക് വിവാഹം ചെയ്തുകൊടുത്ത സംഭവത്തിൽ മാതാപിതാക്കൾ ഉൾപ്പടെ ആറ് പേർക്കെതിരെയാണ് കേസെടുത്തത്.

പെൺകുട്ടിയെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളുൾപ്പെടെയാണ് ആറ് പേർക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കട്വാൾട്ട് ഗ്രാമത്തിലെ സാർപാഞ്ചിൽ നിന്നാണ് 13 വയസ്സുള്ള പെൺകുട്ടിയെ 35 വയസ്സുള്ള വ്യക്തിക്ക് നിർബന്ധിതമായി വിവാഹം കഴിച്ചുകൊടുക്കാൻ തീരുമാനിച്ചിരിക്കുന്നതായി വിവരം ലഭിക്കുന്നത്. പൊലീസ് സംഘം ഉടനടി സ്ഥലത്തെത്തി റെയ്ഡ് നടത്തി. പെൺകുട്ടിക്ക് 13 വയസ്സ് മാത്രമേ പ്രായമുള്ളൂവെന്ന് അവിടെ നിന്നും ലഭിച്ച ജനനസർട്ടിഫിക്കറ്റിൽ നിന്നും വ്യക്തമായി. ഉദ്ധംപൂർ എസ്എസ്‌പി സർഗുൺ ശുക്ല വ്യക്തമാക്കി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താൻ ശ്രമിച്ച സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ, ഭർത്താവ്, അയാളുടെ മാതാപിതാക്കൾ എന്നിവരെ ഉടൻതന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് രാംനഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.