പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്‌ത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശത്തെ കളിയാക്കി ടെന്നീസ് ഇതിഹാസം മാർട്ടിന നവരത്തിലോവ. ട്വിറ്ററിലായിരുന്നു മോദിക്കെതിരായ മാർട്ടീനയുടെ ട്രോൾ. സൻസാദ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അമിത് ഷാ പ്രധാനമന്ത്രിയെ പുകഴ്‌ത്തിയത്. നരേന്ദ്ര മോദി ഏകാധിപതിയല്ലെന്നും രാജ്യം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ജനാധിപത്യ നേതാവാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

'എന്റെ അടുത്ത തമാശ' യെന്നാണ് മാർട്ടീന ഷായുടെ പരാമർശത്തെ വിലയിരുത്തിയത്. അതേസമയം മോദിയെ പരിഹസിച്ചത് സംഘപരിവാർ കേന്ദ്രങ്ങൾ പ്രകോപിപ്പിച്ചിട്ടുണ്ട്. അതിരൂക്ഷമായി പ്രതികരണങ്ങളാണ് മിക്ക ബിജെപി അനുഭാവികളും മാർട്ടീനയ്‌ക്കെതിരെ നടത്തുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതിഹാസ താരത്തിന്റെ പരിഹാസമെന്ന് വിമർശിക്കുന്നവരും കുറവല്ല. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ഇടപെടൽ നടത്തുന്ന കായികതാരം കൂടിയാണ് മാർട്ടീന.

അമ്പരപ്പ് പ്രകടമാക്കുന്ന ഇമോജിയും കോമാളി ഇമോജിയും ട്വീറ്റിലുണ്ട്. മോദിയെ കൊമാളിയെന്ന് കളിയാക്കുന്നതാണെന്ന് ചിലർക്ക് അഭിപ്രായമുണ്ട്. അതേസമയം സൈബർ ആക്രമണത്തോട് താരം പ്രതികരിച്ചിട്ടില്ല.