കണ്ണുർ: വിഷകൂൺ കഴിച്ച പത്തുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഉളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തൊട്ടിൽപ്പാലത്ത് വിഷക്കൂൺ കറിവെച്ചു കഴിച്ച പത്തുപേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്‌ച്ച രാത്രി ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് പത്തുപേരെയും പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

പേരട്ട തൊട്ടിപ്പാലത്തെ തോമഞ്ചേരി ഇബ്രാഹിം, തയ്യിൽതൊടി സഹീർ, കായച്ചി അബൂബക്കർ എന്നീ മൂന്നുപേരുടെ കുടുംബത്തിൽ നിന്നുള്ള പത്തുപേരാണ് ചികിത്സ തേടിയത്. കാട്ടിൽ നിന്നും കിട്ടിയ കൂൺ കറിവെച്ച് കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്കു കാരണം. എല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.