തിരുവനന്തപുരം: കോവിഡ് രണ്ടാം വ്യാപനം ജനങ്ങൾക്ക് ഭീഷണിയാകുമ്പോൾ അവസരം മുതലെടുത്ത് മെഡിക്കൽ സ്റ്റോറുകൾ.മാസ്‌കുൾപ്പടെയുള്ള ആവിശ്യവസ്തുക്കൾക്ക് അനിയന്ത്രിതമായി വിലവർധിപ്പിച്ചും തോന്നിയ വില ഈടാക്കിയുമാണ് ജനങ്ങളെ ഇത്തരം സ്ഥാപനങ്ങൾ പിഴിഞ്ഞെടുക്കുന്നത്.സർക്കാർ സ്ഥാപനത്തിൽ 15 രൂപയ്ക്കു ലഭിക്കുന്ന മാസ്‌ക് സ്വകാര്യ സ്ഥാപനത്തിൽ നിന്നു വാങ്ങുമ്പോൾ വില 100 രൂപ കടക്കും. കൊറോണ വൈറസ് വ്യാപനം ശക്തമായിരിക്കെ ആവശ്യക്കാർ ഏറെയുള്ള പൾസ് ഓക്‌സിമീറ്ററിനും പിപിഇ കിറ്റിനുമൊക്കെ വില ഈടാക്കുന്നതും ഇതേ മട്ടിൽ. ഒരേ കമ്പനികൾ പല വില ഈടാക്കുമ്പോൾ നിയന്ത്രിക്കാൻ ആരുമില്ല.

തിരുവനന്തപുരം മെഡിക്കൽ കോളജ് വളപ്പിൽ സ്ഥിതി ചെയ്യുന്ന സർക്കാർ സ്ഥാപനമായ എസ്എടി ഡ്രഗ് ഹൗസിൽ എൻ 95 മാസ്‌ക്കിന്് വില 15 രൂപ. കമ്പനി നൽകുന്നതു 14.80 രൂപ നിരക്കിൽ. മാസ്‌ക്കിന് ഇന്നു മുതൽ 17.80 രൂപ നൽകണമെന്നു കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. വിൽപന 18 രൂപയ്ക്ക്.ഇതേ കമ്പനികൾ മെഡിക്കൽ സ്റ്റോറുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും മാസ്‌ക് നൽകുമ്പോൾ 40 രൂപയോളം ഈടാക്കും. അവർ വിൽക്കുന്നതാകട്ടെ 100 രൂപ വരെ നിരക്കിൽ. ചിലർ ഇതിലും കൂടുതലും ഈടാക്കുന്നുണ്ട്.എൻ 95 മാസ്‌ക് കഴുകി 5 തവണ വരെ ഉപയോഗിക്കാം. എന്നാൽ എൻ 95 മാസ്‌ക് എന്ന പേരിൽ വ്യാജനും പെരുകിയിട്ടുണ്ട്. യഥാർഥ മാസ്‌കിൽ കമ്പനിയുടെ പേര്, ബാച്ച് നമ്പർ, കാലാവധി എന്നിവ രേഖപ്പെടുത്തിയിരിക്കും.

ആകെ ആശ്വാസം സർജ്ജിക്കൽ മാസ്‌ക്കായിരുന്നു. എന്നാൽ ഡബിൾ മാസ്‌ക് നിർദ്ദേശം വന്നതോടെ ഇതും തഥൈവ. രൂപയുടെ സർജിക്കൽ മാസ്‌ക്കിനു വില കുത്തനെ ഉയർന്നു. പലയിടത്തും പല വില.ഡ്രഗ് ഹൗസിൽ പൾസ് ഓക്‌സിമീറ്ററിനു നേരത്തേ 550 രൂപയായിരുന്നു. കമ്പനികൾ കരണം മറിഞ്ഞതിനാൽ ഇപ്പോൾ 950 രൂപയാക്കി. പുറത്ത് 1200 രൂപയ്ക്കു ഓക്‌സിമീറ്ററുകൾ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ദിവസങ്ങൾക്കകം 2500 രൂപ കടന്നു.

ഡ്രഗ് ഹൗസിൽ 250 മുതൽ 270 രൂപ വരെയാണ് പിപിഇ കിറ്റിന്റെ വില. ആരോഗ്യ പ്രവർത്തകർ ഒരു കിറ്റ് പരമാവധി 4 മണിക്കൂറേ ഉപയോഗിക്കാറുള്ളൂ. പിന്നീട് ഉപേക്ഷിക്കും. സ്വകാര്യ ആശുപത്രികൾ 2 ദിവസത്തെ പിപിഇ കിറ്റിനു 17,000 രൂപവരെ ഈടാക്കുന്നെന്നു ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു. പിപിഇ കിറ്റിന് 1000 രൂപ ഈടാക്കാൻ സർക്കാരും അനുമതി നൽകിയിട്ടുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ (കാസ്പ്) ഉൾപ്പെട്ട 179 സ്വകാര്യ ആശുപത്രികൾക്കുള്ള കോവിഡ് ചികിത്സ പാക്കേജിലാണ് ഈ നിരക്ക്.