കോഴിക്കോട്: 'ഭാര്യ മരണപ്പെട്ട ആരോഗ്യവാനായ മുസ്ലിം യുവാവ് ( 75 വയസ്സ്) സുന്നി കടുംബം; 50നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ രക്ഷിതാക്കളിൽനിന്ന് അലോചന ക്ഷണിക്കുന്നു'.. ഈ ഒരു പത്രകട്ടിങ്ങ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറൽ ആവുകയാണ്. എന്നാണ് ഈ മാട്രിമോണിയൽ പരസ്യം വന്നത് എന്ന് അറിയില്ലെങ്കിലും ഇത് വലിയ ചർച്ചകളാണ് ഉയർത്തുന്നത്.

75കാരനനെ യുവാവായിക്കാണ്ട് പരസ്യം ചെയ്യുന്നതിനെയും, അമ്പത് വയസ്സുള്ളവരായാലും രക്ഷിതാക്കളിൽ നിന്ന് മറുപടി ആവശ്യപ്പെട്ടതും അടക്കം പലതും സോഷ്യൽ മീഡിയയിൽ ട്രോൾ ആവുകയാണ്. പക്ഷേ ഏത് പ്രായത്തിലും ജീവിതം അവസാനിക്കുന്നില്ല എന്നതിന്റെ പോസറ്റീവ് സൂചനയായി ഇതിനെ എടുത്തുകൂടെയെന്നും പലരും ചോദിക്കുന്നു.

ഇതേക്കുറിച്ച് ബിബിൻ ബാബു എന്ന വ്യക്തി എഴുതിയ ട്രോൾ ഇങ്ങനെ:

പ്രായം കണ്ടിട്ട് കാലിൽ എണ്ണയിട്ട് തടവാനാണ് എന്ന് കരുതി ആരും ചെന്ന് കേറിക്കൊടുക്കരുത്. ആരോഗ്യവാനാണ് എന്ന് പ്രത്യേകം പറയുന്നുണ്ട്. ഈ കൊമ്പറ്റീഷനിൽ ആരോഗ്യമുള്ള സ്ത്രീകൾ മാത്രം പങ്കെടുത്താൽ മതിയാവും. പിന്നെ, ഇതിനെ കളിയാക്കി പോസ്റ്റ് ഇടുന്നവർ 75 കാരൻ എന്ന് കേട്ടിട്ട് എന്താണാവോ വിചാരിക്കുന്നത്. കേരളത്തിലെ പല വീടുകളിലും ചെന്നാൽ അവിടുത്തെ പ്രായം കൂടിയ ( മിക്കവാറും 50 നു മുകളിൽ ) ആളുകൾക്കൊന്നും ഒരു മുറി കാണില്ല. വീട്ടിലെ അപ്പൻ ഹാളിലോ വരാന്തയിലോ ഒക്കെ ഒരു കട്ടിലോ പയോ ഇട്ട് കിടക്കുന്നതും അമ്മ അടുക്കളയിലോ മറ്റോ കിടക്കുന്നതും കാണാം.

പ്രായം കൂടിയവർക്ക് ഇണയുടെ ആവശ്യം ഇല്ല എന്നാണോ. പ്രായം കൂടിയ എല്ലാവരുടെയും ലൈംഗിക ശേഷിയും താൽപര്യവും നഷ്ടപ്പെടും എന്നാണോ. ഇവർക്കൊക്കെ ഒരു സ്വകാര്യത ആവശ്യമുണ്ട് എന്ന് അവരുടെ മക്കൾക്ക് ഇനി അവർ പ്രായം ചെല്ലുന്ന സമയത്ത് മാത്രമേ മനസ്സിലാകൂ എന്നുണ്ടോ.

50 വയസിന് മുകളിലുള്ള ആരെങ്കിലും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്ന് കേട്ടാൽ തന്നെ ചിരി പൊട്ടുന്ന, അത് എന്തോ വയ്യാത്ത പട്ടിയുടെ കയ്യാല കേറ്റം ആണെന്ന് കരുതുന്ന ഒരു പുരോഗമന സമൂഹം ആണ് ഇവിടെ ഉള്ളത് ?? അടുത്ത വേറൊന്ന് , പെണ്ണിന് ആണിനെക്കാൾ പ്രായം കൂടാനും പാടില്ല. അത് ഈ കാലഘട്ടത്തിൽ ഇനി എന്തിനാണ് വെച്ചോണ്ടിരിക്കുന്നത് എന്ന് മനസിലാകുന്നില്ല. എന്തായാലും ഇതേപ്പറ്റി സമൂഹം ചർച്ച ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതിൽ സംശയമില്ല.