കണ്ണൂർ: മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സീറ്റ് ധാരണ പൂർത്തിയായി. ഓഗസ്റ്റ് 20നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 35 വാർഡുകളാണ് നഗരസഭയിലുള്ളത്. കോൺഗ്രസ് 24 സീറ്റുകളിലാണ് മത്സരിക്കുക. മുസ് ലിം ലീഗ് ഒമ്പത് സീറ്റുകളിലും ആർഎസ്‌പി, സിഎംപി എന്നിവർ ഓരോ സീറ്റുകളിലും മത്സരിക്കും.

ജൂലൈ 26 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. ഓഗസ്റ്റ് രണ്ട് വരെ നാമനിർദേശ പത്രിക സ്വീകരിക്കും. സൂക്ഷ്മപരിശോധന ഓഗസ്റ്റ് മൂന്നിന് നടക്കും. പത്രിക ഓഗസ്റ്റ് അഞ്ച് വരെ പിൻവലിക്കാം.

2017ൽ നടന്ന തെരഞ്ഞെടുപ്പിൽ 35 വാർഡിൽ 28 സീറ്റ് നേടി എൽഡിഎഫ് ഭരണത്തുടർച്ച കരസ്ഥമാക്കുകയായിരുന്നു. യുഡിഎഫ് ഏഴ് സീറ്റാണ് നേടിയത്.
സംസ്ഥാനത്തെ 1200ൽ 1199 തദ്ദേശ സ്ഥാപനങ്ങളിലേക്ക് മാത്രമാണ് അഞ്ച് വർഷം കൂടുമ്പോൾ ഒരുമിച്ച് തെരഞ്ഞെടുപ്പ് നടക്കാറുള്ളത്. ഓരോ ഭരണസമിതിക്കും അഞ്ച് വർഷം കാലാവധി നൽകണമെന്ന നിയമമുള്ളതിനാൽ സംസ്ഥാനത്തെ മറ്റു പൊതുതെരഞ്ഞെടുപ്പിനൊപ്പം മട്ടന്നൂരിൽ വോട്ടെടുപ്പ് നടത്താറില്ല.