മലപ്പുറം: അലനും താഹയും ഉൾപ്പെട്ട പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതി സിപി ഉസ്മാൻ പിടിയിൽ. മലപ്പുറത്ത് നിന്നാണ് ഇയാൾ പിടിയിലായത്. തുവ്വൂർ ചെമ്പ്രശേരി ഈസ്റ്റ് സ്വദേശിയാണ് ഉസ്മാൻ. മാവോയിസ്റ്റ് ബന്ധമുള്ള പത്തിലേറെ കേസുകളിൽ പ്രതിയാണ് ഉസ്മാനെന്ന് പൊലീസ് പറഞ്ഞു. സിപി ഉസ്മാനുമായി സംസാരിച്ച് നിൽക്കുന്നതിനിടെയാണ് രണ്ട് വർഷം മുൻപ് അലനും താഹയും പൊലീസ് പിടിയിലായത്. അതിന് ശേഷം ഉസ്മാൻ ഒളിവിലായിരുന്നു. അന്ന് ഇവരിൽ നിന്ന് ഉസ്മാൻ നൽകിയ ലഘുലേഖകൾ പൊലീസ് കണ്ടെത്തിയിരുന്നു.

ആന്റി ടെററിസ്റ്റ് സ്‌ക്വാഡാണ് ഉസ്മാനെ പിടികൂടിയത്. ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ചൈത്ര തേരേസ ജോണിന്റെ നേതൃത്വത്തിലുള്ള സംഘം അരിക്കോട് പൊലീസ് ക്യാംപിൽ ഉസ്മാനെ ചോദ്യം ചെയ്യുകയാണ്. 2016ലും മാവോയിസ്റ്റ് ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഉസ്മാൻ അറസ്റ്റിലായിരുന്നു. അന്ന് കാളികാവിലുള്ള സഹോദരിയുടെ വീട്ടിൽ നിന്നാണ് ഉസ്മാനെ പൊലീസ് പിടികൂടിയത്. പിന്നീട് ജയിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഉസ്മാൻ മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തിരുന്നു

നേരത്തെ കേരളത്തിലും തമിഴ്‌നാട്ടിലുമായി അറസ്റ്റിലായ മാവോയിസ്റ്റുകളെ ചോദ്യം ചെയ്തപ്പോൾ ഉസ്മാനും മാവേയിസ്റ്റുകളും തമ്മിലുള്ള ബന്ധം കണ്ടെത്തിയിരുന്നു. കൂടാതെ മാവോയിസ്റ്റുകൾ നടത്തിയ വനമേഖലയിലെ ക്യാംപിലും ഉസ്മാൻ പങ്കെടുത്തിരുന്നതായും പൊലീസ് പറയുന്നു. 2019 നവംബർ ഒന്നിനാണു പന്തീരാങ്കാവ് പൊലീസ് അലൻ, താഹ എന്നിവരെ അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ആശയ പ്രചാരണ വസ്തുക്കൾ ഇവരിൽ നിന്നും പിടിച്ചെടുത്തതോടെ യുഎപിഎ ചുമത്തി കേസന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.

കേസിൽ നാലാം പ്രതിയായ വിജിത്ത് വിജയനെതിരെ ഗുരുതര ആരോപണവുമായി എൻഐഎ രംഗത്തുവന്നിരുന്നു. സി പി ഉസ്മാനും വൈത്തിരിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജലീലുമൊത്ത് വിജിത്ത് മാവോയിസ്റ്റ് ഓപ്പറേഷനുകൾക്ക് ഗുഢാലോചന നടത്തിയതായാണ് എൻഐഎ കണ്ടെത്തൽ. ഒളിവിൽ കഴിയുന്ന മാവോയിസ്റ്റുകൾക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയ നൽകുന്നത് വിജിത്ത് ആണെന്നും എൻഐഎ ആരോപിച്ചിരുന്നു.

നിരോധിക്കപ്പെട്ട സിപിഐ മാവോയിസ്റ്റ് സംഘടനയിലെ സുപ്രധാന കണ്ണിയാണ് വിജിത്ത് എന്ന് എൻഐഎ പറയുന്നു. ഇത് തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകളടക്കം ലഭിച്ചിച്ചുണ്ടെന്നാണ് എൻഐഎ അവകാശവാദം. സംഘടനയിലെ ഉന്നത നേതാക്കളുമായി വിജിത്തിന് അടുത്ത ബന്ധമുണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ. കേസിൽ ഒളിവിൽ കഴിയുന്ന സി പി ഉസ്മാനും വൈത്തിരിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജലീലുമൊത്ത് വിജിത്ത് മാവോയിസ്റ്റ് ഓപ്പറേഷനുകൾക്കായി ഗുഢാലോചന നടത്തി. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തു. ഒളിവിലുള്ള സിപിഐ മാവോയിസ്റ്റുകൾക്ക് വിജിത് ഭക്ഷണവും വസ്ത്രങ്ങളും മരുന്നും എത്തിച്ചിട്ടുണ്ടെന്നും എൻഐഎ പറയുന്നു.

മാവോയിസ്റ്റ് പ്രസിദ്ധീകരണ വിഭാഗത്തിൽ അംഗമായ വിജിത്തിന് മാവോയിസ്റ്റ് സാഹിത്യങ്ങൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്ന ചുമതലയുണ്ടെന്നും സംഘടനയിൽ വിജിത് അറിയപ്പെടുന്നത് പച്ച, ബാലു, മുസഫിർ, അജയ് എന്നീ പേരുകളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.