കൊച്ചി: കേസ് അന്വേഷണത്തിനെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ മോൻസൻ മാവുങ്കൽ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തായതോടെ പുറത്തു വരുന്നത് ഉന്നത ബന്ധങ്ങൾ. അതിനിടെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ ഇരയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മോൻസൺ മാവുങ്കലിനെതിരേ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിയും ലഭിച്ചു. ക്രൈംബ്രാഞ്ച് പ്രത്യേക സംഘം വിശദമായ അന്വേഷണം ഇക്കാര്യത്തിൽ നടത്തും.

മോൻസന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ ശ്രീവത്സം ഗ്രൂപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിക്കാനെത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അനിൽ കുമാറിനെയും സംഘത്തെയുമാണു ഭീഷണിപ്പെടുത്തിയത്. ഉദ്യോഗസ്ഥർക്കെതിരെ ഡിജിപിയെക്കൊണ്ട് നടപടി എടുപ്പിക്കുമെന്ന് മാവുങ്കലിന്റെ ഭീഷണിയാണ് പുറത്തു വന്നിരിക്കുന്നത്. അതിനിടെ പൊലീസ് ഉദ്യോഗസ്ഥർ ആരും ഇനിയും കേസിൽ പ്രതിയായിട്ടില്ല.

വീട്ടിലെത്തിയ അന്വേഷണ സംഘത്തിന്റെ ചോദ്യങ്ങൾ വീഡിയോയിൽ പകർത്തിയ മോൻസൻ തനിക്കും പൊലീസിൽ പല സ്വാധീനങ്ങളുണ്ടെന്നു വ്യക്തമാക്കുന്നു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കെതിരെയും ഭീഷണി പരാമർശങ്ങളുണ്ട്. ഡിജിപിയുടെ അടുത്തുനിന്നോ കോടതിയിൽ നിന്നോ മറുപടി കിട്ടുന്നതുവരെ പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകില്ലെന്നാണു മോൻസൻ വ്യക്തമാക്കുന്നത്.

അതിനിടെയാണ് പീഡന പരാതിയും എത്തുന്നത്.ചേർത്തല സ്വദേശിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ടാണ് മോൻസൺ ഇടപെട്ടത്. 10 ലക്ഷം രൂപയും വാഗ്ദാനം ചെയ്തു. മോൻസൺ കേസിൽ നേരിട്ട് ഇടപെട്ടത് ഇയാളുടെ ബിസിനസ് പാർട്ട്ണറുടെ കുടുംബത്തെ രക്ഷിച്ചെടുക്കാനാണെന്നാണ് യുവതി പറയുന്നത്. കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ നഗ്‌നദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് മോൻസൺ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.

കേസ് അന്വേഷണത്തിൽ പൊലീസ് വീഴ്ച വരുത്തിയെന്നാണ് ആരോപണം. പ്രതികളുടെ ഫോണുകളടക്കം പിടിച്ചെടുക്കണമെന്നും യുവതി ആവശ്യപ്പെടുന്നുണ്ട്. അതേസമയം, കേസിൽ പ്രതികളുടെ ഫോണുകൾ പിടിച്ചെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നാണ് എറണാകുളം സൗത്ത് പൊലീസിന്റെ വിശദീകരണം.

'കലിംഗ കല്യാൺ ഫൗണ്ടേഷൻ' അടക്കമുള്ള കമ്പനികൾക്കെതിരേ അന്വേഷണം തുടങ്ങി കഴിഞ്ഞു.. 'കലിംഗ കല്യാൺ ഫൗണ്ടേഷൻ', 'കോസ്മോസ് ഗ്രൂപ്പ്', 'മോൻസൺ എഡിഷൻ' എന്നീ കമ്പനികൾക്കെതിരേയാണ് അന്വേഷണം. ഇവയെല്ലാം മോൻസൺ തട്ടിപ്പിനായി രൂപവത്കരിച്ച കമ്പനികൾ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ചില പരിപാടികൾ മോൻസൺ എഡിഷൻ സ്‌പോൺസർ ചെയ്തിരുന്നു. അങ്ങനെ ഈ കമ്പനി വലിയ സംഭവമാണെന്ന് വരുത്തിത്തീർത്തശേഷം ഇതിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം വാങ്ങിയതായി സൂചനയുണ്ട്.

'മോൻസൺ എഡിഷൻ' കമ്പനിയിൽ പങ്കാളിയാക്കാം എന്ന് പരാതിക്കാരനായ യാക്കൂബ് പുറായിലിനും മോൻസൺ ഉറപ്പു നൽകിയിരുന്നു. കോസ്മോസ് ഗ്രൂപ്പിന് കീഴിൽ വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ നടക്കുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഈ രണ്ട് കമ്പനികളിലും ആരെല്ലാം പാർട്ണർമാരായി ഉണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ, കലിംഗ കല്യാൺ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

കലിംഗയുടെ മാനേജിങ് ഡയറക്ടർ എന്നാണ് മോൻസൺ അവകാശപ്പെട്ടിരുന്നത്. ഡൽഹിയിലുള്ള വി.ജെ. പാട്ടീൽ എന്നയാൾ കമ്പനി ചെയർമാനും മംഗലാപുരത്ത് നിന്നുള്ള യശ്വന്ത്, ബെംഗളൂരുവിൽ നിന്നുള്ള ഡോ. റാം, എറണാകുളത്ത് നിന്നുള്ള ഐപ്പ് കോശി എന്നിവർ ഡയറക്ടർമാരുമാണെന്നാണ് മോൻസൺ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.

കലിംഗ കല്യാണിന്റെ പാർട്ണർമാരായ ഡോ. റാം, കോശി, യശ്വന്ത്, രാജീവ് എന്നവരുമൊത്ത് ഡയറക്ടർ ബോർഡ് മീറ്റിങ് ചേർന്നതിന്റെ ഫോട്ടോകളും അനുബന്ധ രേഖകളും പ്രതി പരാതിക്കാരെ കാണിക്കുകയും ചെയ്തിരുന്നു. ഇവ കാണിച്ചശേഷം അനൂപ് വി. അഹമ്മദിന് കലിംഗ കല്യാൺ കമ്പനിയുടെ ഡയറക്ടറാക്കാമെന്നും വാഗ്ദാനം നൽകി. കലിംഗയിലെ പാർട്ണർമാരെ കണ്ടെത്തി ചോദ്യം ചെയ്യും.