ബെംഗളൂരു: മൈസൂരുവിൽ എംബിഎ വിദ്യാർത്ഥിനിയെ സംഘം ചേർന്നു പീഡിപ്പിച്ചരെ ഇനിയും പിടികൂടാനാകാതെ പൊലീസ്. അതിനിടെ മൈസൂരുവിലെ കാമ്പസുകളിലുള്ള വനിതകൾക്ക് ആറു മണിക്ക് ശേഷം പുറത്തിറങ്ങുന്നതിന് യൂണിവേഴ്‌സിറ്റി അധികൃതർ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. അസമയത്ത് ചാമുണ്ഡിഹില്ലിലേക്ക് യുവതി പോയതിനെ കർണ്ണാടക ആഭ്യന്തര മന്ത്രി വിമർശിക്കുകയും ചെയ്തു. ഇരയെ കുറ്റപ്പെടുത്തുന്ന പരോക്ഷ വാക്കുകളാണ് മന്ത്രിയുടേത്.

അതിനിടെ എൻജിനീയറിങ് വിദ്യാർത്ഥികളായ 3 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഉണ്ടെന്നു സൂചന പൊലീസിന് കിട്ടിയിട്ടുണ്ട്. കേരളത്തിലേക്കു കടന്നെന്നു സംശയമുള്ള ഇവരെ കണ്ടെത്താൻ 2 പൊലീസ് സംഘങ്ങളെ കർണാടക സർക്കാർ നിയോഗിച്ചു. സംഭവം നടന്ന ചാമുണ്ഡിഹിൽസിനു സമീപത്തെ ലളിതാദ്രിപുരയിലെ മൊബൈൽ ടവർ ലൊക്കേഷനിൽ നിന്നുള്ള ഫോൺകോളുകളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് മൈസൂരുവിലെ പ്രമുഖ എൻജിനീയറിങ് കോളജ് വിദ്യാർത്ഥികളിലേക്ക് എത്തിയത്.

ചൊവ്വാഴ്ച രാത്രി കൂട്ടുകാരനോടൊപ്പം ചാമുണ്ഡി കുന്നിലെത്തിയ 22കാരിയാണ് ആക്രമിക്കപ്പെട്ടത്. ബലാത്സംഗ ദൃശ്യം മൊബൈലിൽ പകർത്തിയ സംഘം മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയുണ്ട്. പ്രതികളെ പൊലീസ് വെടിവെച്ച് കൊല്ലണമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡി-എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു.

ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു പീഡനം. ബുധനാഴ്ച കോളജിൽ നടന്ന പരീക്ഷ ഇവർ എഴുതിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. ഇതാണ് സംശയത്തിന് കാരണം. അന്വേഷണ പുരോഗതി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നേരിട്ടാണു വിലയിരുത്തുന്നത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടില്ലെന്നും മൊഴി എടുക്കാറായിട്ടില്ലെന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

സംഭവസമയത്തു യുവതിക്കൊപ്പമുണ്ടായിരുന്ന സഹപാഠിയായ യുവാവിന്റെ മൊഴി പൊലീസ് വിശദ പരിശോധനയ്ക്ക വിധേയമാക്കിയിട്ടുണ്ട്. ''വ്യായാമത്തിനായും മറ്റും ഞാൻ ഇടയ്ക്കു സന്ദർശിക്കുന്ന സ്ഥലത്താണ് അക്രമം നടന്നത്. ബൈക്കിൽ നിന്ന് ഇറങ്ങി നടക്കുന്നതിനിടെയാണ് 25-30 വയസ്സിനിടെ പ്രായമുള്ള 6 പേർ ചേർന്ന് തടഞ്ഞുനിർത്തി ആക്രമിച്ചത്. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം അക്രമി സംഘം 3 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തി എന്നെക്കൊണ്ട് അച്ഛനെ ഫോണിൽ വിളിപ്പിച്ചാണ് പണം ആവശ്യപ്പെട്ടത്. സംഭവം പൊലീസിനെ അറിയിച്ചാൽ വിഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.''പണം കൈമാറിയോ എന്ന കാര്യം വ്യക്തമാകാനുണ്ടെന്നു പൊലീസ് പറഞ്ഞു.

മൊബൈൽടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളിലേക്ക് അന്വേഷണം എത്തിയത്. സംഭവം നടന്നതിന്റെ പിറ്റേന്ന് പരീക്ഷയ്ക്ക് ഹാജരാകാതിരുന്ന ഇവർ മൈസൂരുവിൽനിന്ന് മുങ്ങി. എല്ലാവരുടെയും മൊബൈൽ ഓഫാണ്. ഒപ്പമുണ്ടായിരുന്ന സഹപാഠിയായ യുവാവിന്റെ തലയിൽ കല്ലുകൊണ്ട് അടിച്ചു വീഴ്‌ത്തിയ ശേഷം ഉത്തരേന്ത്യൻ സ്വദേശിനിയെ 2 മണിക്കൂറോളമാണ് മദ്യലഹരിയിൽ പ്രതികൾ ആക്രമിച്ചത്.

ബോധരഹിതരായ യുവതിയെയും സഹപാഠിയെയും പുള്ളിപ്പുലിയുടെ വിഹാര കേന്ദ്രമായ വനപ്രദേശത്ത് തള്ളി സംഘം കടന്നുകളഞ്ഞു. നാട്ടുകാരിൽ ചിലർ ഇരുവരെയും കണ്ടെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഗുുരുതരാവസ്ഥയിൽ ചികിത്സയിലുള്ള യുവതിയിൽ നിന്ന് മൊഴിയെടുക്കാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഏഴരയോടെ ചാമുണ്ഡി ഹിൽസിനു സമീപം ലളിതാദ്രിപുര വനമേഖലയിലാണ് സംഭവം. ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

കൂട്ടബലാൽസംഗത്തെക്കുറിച്ചു പറയുന്നതിനിടെ, രാത്രിയിൽ ബൈക്കിൽ യാത്ര ചെയ്ത യുവതിയും സഹപാഠിയുമാണു കുറ്റക്കാരെന്ന മട്ടിൽ കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചതു വിവാദമായി. തുടർന്ന്, ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും തമാശ പറഞ്ഞതാണെന്നുമായി മന്ത്രിയുടെ വിശദീകരണം.