തിരുവനന്തപുരം: എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുർവേദ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ്, അഗ്രികൾച്ചർ കോഴ്‌സുകളിലേക്കുള്ള ആദ്യ അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോളേജുകളിലേക്കുള്ള മൂന്നാം അലോട്ട്‌മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർക്കാർ മെഡിക്കൽ, ഡന്റൽ കോളേജുകളിലേക്ക് മാത്രമാണ് ആദ്യ അലോട്ട്‌മെന്റ് നടത്തിയിട്ടുള്ളത്.

മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലേക്ക് അലോട്ട്‌മെന്റ് ലഭിക്കുന്നവർ ജൂലായ് 30നകം ഫീസ് അടച്ച് കോളേജുകളിൽ പ്രവേശനം നേടണം. നിശ്ചിത സമയത്തിനകം ഫീസടയ്ക്കാത്തവരുടെ അലോട്ട്‌മെന്റും ഹയർ ഓപ്ഷനുകളും റദ്ദാക്കും. അലോട്ട്‌മെന്റ് വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോംപേജിൽ ലഭ്യമാണ്. അലോട്ട്‌മെന്റ് മെമോ പ്രിന്റ്ഔട്ട് എടുത്തുസൂക്ഷിക്കണം. എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോളേജുകളിലേക്ക് അലോട്ട്‌മെന്റ് ലഭിച്ചവർ ജൂലായ് 25നകം എസ്.ബി.ഐയുടെ ശാഖകളിൽ ഫീസടച്ച് 25ന് വൈകിട്ട് 5നകം പ്രവേശനം നേടണം. സ്വാശ്രയ എൻജിനിയറിങ്, ആർക്കിടെക്ചർ കോളേജുകളിലെ കമ്മ്യൂണിറ്റി, സൊസൈറ്റി, ട്രസ്റ്റ് ക്വോട്ടയിലേക്കും സ്വാശ്രയ ഫാർമസി കോളേജുകളിലെ ന്യൂനപക്ഷ ക്വോട്ടയിലേക്കുമുള്ള സീറ്റുകളിൽ അലോട്ട്‌മെന്റ് നടത്തിയിട്ടുണ്ട്.

സ്വാശ്രയ എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി കോളേജുകളിലേക്കുള്ള അവസാന അലോട്ട്‌മെന്റാണിത്. ഈ കോളേജുകളിൽ അലോട്ട്‌മെന്റ് ലഭിച്ചവർ 25ന് വൈകിട്ട് 5നകം പ്രവേശനം നേടണം. അല്ലെങ്കിൽ പരീക്ഷാ കമ്മിഷണർക്ക് അടച്ച ഫീസ് തിരികെ ലഭിക്കില്ല. പ്രോസ്‌പെക്ടസ് പ്രകാരമുള്ള പിഴയടയ്‌ക്കേണ്ടി വരും. 25നുശേഷം ഫാർമസി കോളേജുകളിൽ നിന്ന് വിടുതൽ നേടുന്നവരും പിഴയൊടുക്കേണ്ടി വരും. വൈകി ലഭിച്ച സർട്ടിഫിക്കറ്റുകൾ കൂടി പരിഗണിച്ച് കാറ്റഗറി ലിസ്റ്റ് പുതുക്കിയിട്ടുണ്ട്. ഈ പട്ടിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെറ്ററിനറി കോഴ്‌സിലേക്ക് ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർമാർക്കുള്ള പ്രത്യേക സംവരണ സീറ്റുകളിലേക്ക് ഈ ഘട്ടത്തിൽ അലോട്ട്‌മെന്റ് നടത്തിയിട്ടില്ല. കാറ്റഗറി ലിസ്റ്റിലെ അപാകത പരിഹരിച്ച ശേഷം അലോട്ട്‌മെന്റ് നടത്തുമെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു.