പത്തനംതിട്ട: പതിമൂന്നുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന മീ ടൂ ആരോപണം നേരിടുന്ന പുരോഗമന കലാസാഹിത്യ സംഘം വൈസ് പ്രസിഡന്റ് ഗോകുലേന്ദ്രന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സാംസ്‌കാരിക സമ്മേളനം നടത്തിയത് വിവാദമാകുന്നു. ഇക്കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ എഴുത്തുകാരനായ കെ.വി തമ്പി അനുസ്മരണ ചടങ്ങിന്റെ അധ്യക്ഷനായിരുന്നു ഗോകുലേന്ദ്രൻ.

കവിയും സ്ത്രീപക്ഷവാദിയുമായ പി. ഇ ഉഷ ഗോകുലേന്ദ്രൻ പങ്കെടുത്ത സാംസ്‌കാരിക സമ്മേളനത്തെക്കുറിച്ചെഴുതിയ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഈ സംഭവം പുറത്തറിയുന്നത്. ഉഷ ഇങ്ങനെ എഴുതിയിട്ടുണ്ട്. -ആരും മറന്നിട്ടുണ്ടാകില്ല ലോൺ ബേർഡ് (lone bird) നടത്തിയ മീ ടൂ വെളിപ്പെടുത്തൽ. അത്രയ്ക്കും നീറ്റലുണ്ടാക്കുന്നതായിരുന്നു ആ വെളിപ്പെടുത്തൽ. പു.ക.സയുടെ നേതാവ് ഗോകുലേന്ദ്രനാണ് പ്രതിസ്ഥാനത്ത്. അദ്ദേഹം ആരോപണം നിഷേധിച്ചിട്ടില്ല എന്നാണ് അറിവ്. പു.ക.സ അതിജീവിതയോടൊപ്പം ആവുമല്ലോ. എന്നാൽ കുറ്റാരോപിതൻ വീണ്ടുമിതാ സാംസ്‌കാരിക നായകനായി സജ്ജീവമായുണ്ട്. പത്തനംതിട്ടയിൽ കെ.വി തമ്പി അനുസ്മരണ പരിപാടി അധ്യക്ഷനാണ്. ഇത്തരം കാര്യങ്ങളിൽ എന്താണ് സ്ത്രീപക്ഷ കേരളത്തിന്റെ നിലപാട്. സാംസ്‌കാരിക കേരളമെങ്ങനെ ഇതിനെ കാണുന്നു. സ്ത്രീപക്ഷ കേരളം അതിജീവിതയോടൊപ്പമോ.

അദ്ധ്യാപകനും, സാഹിത്യകാരനും, പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ. കെ.വി തമ്പിയുടെ ഒമ്പതാമത് അനുസ്മരണം കെ.വി തമ്പി സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോമിൽ നടന്നു. ചടങ്ങിൽ സൗഹൃദ വേദി ചെയർമാൻ എ.ഗോകുലേന്ദ്രൻ അധ്യക്ഷം വഹിച്ചു.മികച്ച പത്രപ്രവർത്തകനുള്ള കെ.വി തമ്പി അവാർഡ് കേരള കൗമുദി കൊല്ലം സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സാം ചെമ്പകത്തിലിന് ഇന്ത്യൻ എക്‌സ്‌പ്രെസ് മുൻ അസോസിയേറ്റ് എഡിറ്റർ എ.ജെ ഫിലിപ്പ് സമ്മാനിച്ചു. മീ ടൂ ആരോപണം നേരിടുന്ന ഗോകുലേന്ദ്രനെ വെള്ളപൂശാനുള്ള മാധ്യമപ്രവർത്തകരുടെ കള്ളക്കളിയാണ് പുറത്തായിരിക്കുന്നത്.

2021 ഫെബ്രുവരിയിലാണ് ലോൺ ബേർഡ് എന്ന പേരിൽ പതിമൂന്നുകാരിയായ തന്നെ ഗോകുലേന്ദ്രൻ ലൈംഗികമായി പീഡിപ്പിച്ചതിനെക്കുറിച്ച് ഫേസ്‌ബുക്കിൽ തുറന്നെഴുതിയിരുന്നത്. പുരോഗമനം പറഞ്ഞുനടക്കുന്ന ഒരു വൃത്തികെട്ട മനുഷ്യനെക്കുറിച്ചാണ് തനിക്ക് പറയാനുള്ളതെന്ന് വ്യക്തമാക്കിയാണ് അവർ തന്റെ അനുഭവം എഴുതിയത്. ഈ അനുഭവകുറിപ്പ് വലിയ വിവാദമാകുകയും ഗോകുലേന്ദ്രനെ പു.ക.സ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിനിർത്തികൊണ്ട് ഒരു പ്രസ്താവന പുറപ്പൊടുവിച്ചിരുന്നു.

ഏതാനും നാളുകളായി ഇടതുപക്ഷ വേദികളിലും സാംസ്‌കാരിക സമ്മേളനങ്ങളിലും ഒഴിഞ്ഞുനിന്ന ഗോകുലേന്ദ്രൻ മാധ്യമപ്രവർത്തകരുടെ സഹായത്തോടെ വീണ്ടും സാംസ്‌കാരിക വേദികളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. കെ.വി തമ്പി അനുസ്മരണ ചടങ്ങിനെക്കുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട പത്തനംതിട്ടയിലെ സാംസ്‌കാരിക പ്രവർത്തകരുടെ പോസ്റ്റിന് താഴെ ഗോകുലേന്ദ്രനെക്കുറിച്ചുള്ള മോശം കമന്റുകൾ ധാരാളം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.