ലണ്ടൻ: കുട്ടിക്കാലം മുതൽ കുടുംബത്തിനകത്തുനിന്നും ഏറ്റുവാങ്ങേണ്ടിവന്ന അവഗണനകളുടെ കഥകൾ പറഞ്ഞ് ഹാരി വിവാദത്തിലാക്കിയ മാനസികാരോഗ്യ പരിപാടിയിൽ പങ്കെടുത്ത് ഓപ്ര വിൻഫ്രിയും ലേഡി ഗാഗയും തങ്ങളുടെ ബാല്യകാലത്തെ കയ്‌പ്പേറിയ അനുഭവങ്ങൾ പങ്കുവച്ചു. വെറും ഒമ്പത് വയസ്സു മാത്രം പ്രായമുള്ളപ്പോൾ, തന്റെ ഒരു ബന്ധുവിനാൽ തുടർച്ചയായി ബലാത്സംഗം ചെയ്യപ്പെടേണ്ടിവന്നതിനെ കുറിച്ച് പറയുമ്പോൾ വിൻഫ്രി പൊട്ടിക്കരയുകയായിരുന്നു. 14 വയസ്സുവരെ താൻ ഈ ദുര്യോഗവും പേറി നടന്നുവെന്ന് ഇപ്പോൾ 67 വയസ്സുള്ള ഈ പത്രപ്രവർത്തക ടി വി ഷോയിൽ പറഞ്ഞു.

19 വയസ്സുകാരനായ തന്റെ ബന്ധു തന്നെ ബലാത്സംഗം ചെയ്യുമ്പോൾ സെക്സിനെ കുറിച്ച് തനിക്ക് ഒന്നുമറിയില്ലായിരുന്നു എന്ന് അവർ പറഞ്ഞു. എന്നാൽ, പെൺകുട്ടികൾ ഒരിക്കലും ഒരിടത്തും സുരക്ഷിതരല്ലെന്ന് ആ അനുഭവം തന്നെ പഠിപ്പിച്ചു എന്നും അവർ പറഞ്ഞു. ഒമ്പതാംവയസ്സിലായിരുന്നു ആദ്യമായി അയാൾ ബലാത്സംഗം ചെയ്തത്. ഭയത്തിൽ നിന്നുണ്ടായ തന്റെ മൗന അയാൾക്ക് കൂടുതൽ ധൈര്യമേകി 12 വയസ്സുവരെ അയാൾ തന്നെ തുടർച്ചയായി പീഡിപ്പിച്ചിരുന്നു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലേന്നും, ഒരു അമ്മാവൻ ഉൾപ്പടെ മറ്റു ചില ബന്ധുക്കളും തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. 14 വയസ്സിൽ ഗർഭിണിയാകുന്നതുവരെ ഇങ്ങനെ പീഡിപ്പിക്കപ്പെട്ടു. ഗർഭിണിയായപ്പോൾ തന്നെ അച്ഛന്റെ കൂടെ താമസിക്കാൻ വിട്ടു. പ്രസവിച്ച് രണ്ടാഴ്‌ച്ച കഴിഞ്ഞപ്പോൾ തന്നെ കുട്ടി മരണമടയുകയും ചെയ്തെന്ന് അവർ പറഞ്ഞു. മുത്തശ്ശിയുടെ സംരക്ഷണയില്ലായിരുന്നു ഇവർ വളര്ന്നുവന്നത്. കുട്ടികളെ അവഗണിക്കുന്ന അമ്മയും, ചെറിയ തെറ്റുകൾക്ക് പോലും അതികഠിനമായ ശിക്ഷകൾ നൽകുന്ന മുത്തശ്ശിയുമാണ് തന്റെ ബാല്യകാല സ്മരണകളിലെന്നും അവർ പറയുന്നു.

കൗമാരത്തിലെ ദുരന്താനുഭവങ്ങൾ പങ്കുവച്ച് പ്രശസ്ത ഗായിക ലേഡി ഗാഗയും ഷോയിൽ പങ്കുചേരുന്നുണ്ട്. തനിക്ക് പത്തൊമ്പത് വയസ്സുള്ളപ്പോൾ ഒരു മ്യുസിക് പ്രൊഡ്യുസർ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയും അവസാനം ഗർഭിണിയായപ്പോൾ തെരുവിൽ ഉപേക്ഷിക്കുകയും ചെയ്ത കഥയാണ് അവർ പറഞ്ഞത്. തനിക്ക് ഇഷ്ടമല്ലാതിരുന്നിട്ടും തന്നെ ഭയപ്പെടുത്തിയും നിർബന്ധിച്ചുമായിരുന്നു അയാൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്. ഇത് തന്നെ മാനസികമായി തകർത്തു കളഞ്ഞു എന്നും ഗാഗ പറഞ്ഞു.

ശാരീരികമായും മാനസികമായും തകർന്ന ദിനങ്ങളിൽ തന്നെ ചികിത്സിച്ചിരുന്ന ഒരു ഡോക്ടറായിരുന്നു ഒരു മാനസികാരോഗ്യ വിദഗ്ദനെ കാണുവാൻ ഉപദേശിച്ചത്. മാസങ്ങളോളം ഒരു സ്റ്റുഡിയോയിൽ അടച്ചുപൂട്ടി ലൈംഗികമായി പീഡിപ്പിച്ചതിന്റെ മാനസിക പ്രത്യാഘാതം മാറ്റിയെടുക്കുവാൻ ഏറെ നാളുകളെടുത്തെന്നും അവർ പറഞ്ഞു.