കോതമംഗലം:ദുഃഖങ്ങൾക്ക് അവധി നൽകി,പൂക്കളം ഒരുക്കിയും ആടിയും പാടിയും അവർ ഓണത്തെവരവേറ്റു.കൈ നിറയെ ഓണവിഭവങ്ങൾകൂടി കിട്ടിയപ്പോൾ അവരുടെ മുഖത്തെ സന്തോഷം പതിന്മടങ്ങായി.മൂന്നിലിട്ട തൂശനിലയിൽ വിഭവങ്ങൾ ഒന്നൊന്നായി നിരന്നപ്പോൾ ചിലർക്ക് കൗതുകം.ഒരു 'നുള്ള് 'മലദൈവങ്ങൾക്ക് സമർപ്പിച്ച ശേഷം,വിശപ്പിന്റെ വിളിയകറ്റി ,വിടപറയുമ്പോൾ അവർ ഒന്നടങ്കം പറഞ്ഞു..ഇതുപോലെ ഒരു ഓണം ഞങ്ങൾക്ക് ആദ്യമാണ്..ഇത് എന്നും ഞങ്ങളുടെ മനസിലുണ്ടാവും.എല്ലാത്തിനും നന്ദി..എന്റെനാട് ജനകീയകൂട്ടായ്മയുടെ നേതൃത്വത്തിൽ കുട്ടമ്പുഴ മാമലക്കണ്ടം മേട്നാപ്പാറ ആദിവാസികോളനിയിലെ ഓണാഘോത്തിന്റെ നേർക്കാഴ്ച ഇങ്ങിനെ.

വയറും മനസും ഓരുപോലെ നിറഞ്ഞാണ് ഇന്നലെ,പൂരാടം നാളിലെ ഓണാഘോഷത്തിൽ പങ്കാളികളായ ഊരുനിവാസികൾ താമസസ്ഥലങ്ങളിലേക്ക് മടങ്ങിയത്.പൂക്കളം ഇട്ടുകൊണ്ടായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം.അതിഥികൾ എത്തിയതോടെ ഒത്തുകൂടൽ കേന്ദ്രം അന്തേവാസികളെകൊണ്ട് നിറഞ്ഞു.കാടിന്റെ സംഗീതവും നൃത്തച്ചുവടുകളുമായിട്ടാണ് കോളനിവാസികൾ അതിഥികളെ എതിരേറ്റത്. പിന്നീട് ഇവർ അവതരിപ്പിച്ച പരമ്പരാഗത കലാരൂപങ്ങൾ അക്ഷരാർത്ഥത്തിൽ വേദിക്ക് നിറച്ചാർത്തായി.മുടി നന്നായി ചീകിയൊതുക്കി,തലനിറയെ പലവർണ്ണങ്ങളിലുള്ള റിബണുകൾ കെട്ടി, ആടയാഭരണങ്ങളണിഞ്ഞ് പ്രായമുള്ളവരുൾപ്പെടെയുള്ളവർ ഒരെ താളത്തിൽ ചുവടുവച്ചപ്പോൾ അതിഥികളിൽ ചിലർക്ക് 'ആവേശം 'അടക്കാനായില്ല.കുമ്മിയടി പുരോഗമിക്കുമ്പോൾ താളംപിടിച്ചു ഓരത്തുനിന്നിരുന്ന ഇവരിൽ ചിലർ കലാകാരികൾക്കൊപ്പം ചുവടുവച്ചത് കൗതുകകാഴ്ചയായി.

കോവിഡ് വ്യാപനം നാട്ടിൽ സൃഷിടിച്ച പ്രതിസന്ധികളുടെ അനുരണങ്ങൾ ഈ കാടിന്റെ മക്കളെയും ബാധിച്ചിരുന്നു.കാട്ടുവിഭവങ്ങൾ ശേരിച്ച്,വിൽപ്പന നടത്തിയായിരുന്നു മുൻകാലങ്ങളിൽ ആദിവാസി സമൂഹം നിത്യചെലവ്ക്ക് പണം കണ്ടെത്തിയിരുന്നത്. അടുത്തകാലത്തായി വനവിഭവങ്ങളായ തേൻ, തെള്ളി എന്നിവയുടെ ലഭ്യത നന്നായി കുറഞ്ഞു.കൃഷിയായിരുന്നു മറ്റൊരുവരുമാനമാർഗ്ഗം.സർക്കാർ ഇവർക്ക് റബ്ബർമരങ്ങൾ നട്ടുനൽകിയിരുന്നു.

റബ്ബറിന്റെ വിലക്കുറവിനെത്തുടർന്ന് ഇതിൽ നിന്നും ഇവർക്ക് കാര്യമായി വരുമാനമില്ല.ജനവാസമേഖലയോട് അടുത്തുതാമസിക്കുന്ന ഇവരിൽ ഒരു വിഭാഗം പുറമെ കൂലിപ്പണിക്കുപോയിട്ടാണ് അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തിയിരുന്നത്.കോവിഡ് എത്തിയതോടെ ഇതും താറുമാറായി.ചുരുക്കത്തിൽ നിത്യചെലവിനുപോലും വഴിയില്ലാത്ത അവസ്ഥയിലാണ് ഭൂരിഭാഗം അന്തേവാസികളുടെയും ജീവിതം.

ഈ സാഹചര്യത്തിലാണ് ഇന്നലെ എന്റെനാട് ജനകീയകൂട്ടായ്മയുടെ നേതൃത്വത്തിൽ കോളനിയിലെ കമ്മ്യൂണിറ്റി ഹാളിൽ ഇവർക്കായി ഓണസദ്യയൊരുക്കിയത്.കാട്ടുപാതകൾ താണ്ടി ഊരിലെത്തിയ മാധ്യമപ്രവർത്തകരും എന്റെനാട് ജനകീയകൂട്ടായമ പ്രവർത്തകരും ഉൾപ്പെടുന്ന അതിഥികളെ ആദിവാസിസമൂഹം പരമ്പരാഗത രീതിയിൽ, മുളം കൊട്ടയിൽ നിറച്ച കാട്ടുപൂക്കൾ നൽകിയാണ് സ്വീകരിച്ചത്.

തുടർന്ന് തൃത്തച്ചുവടുകളുടെ അകമ്പടിയോടെ അതിഥികളെ ഊരുനിവാസികൾ കൂടിച്ചേരൽ വേദിയായ കമ്മ്യൂണിറ്റി ഹാളിലേക്ക് ആനയിച്ചു.ചെയർമാൻ ഷിബു തെക്കുംപുറം ദീപം തെളിയിച്ചതോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി.ഊരിലെ മുതിർന്ന സ്ത്രീകളായ മീനാക്ഷി മണി, കാർത്യായനി രാമകൃഷ്ണൻ എന്നിവർ ദീപം തെളിയിക്കുന്നതിൽ പങ്കാളികളായി.പരിയപ്പെടലും വിശേഷങ്ങൾ പങ്കിടലുമുൾപ്പെടെ ചടങ്ങുകൾ വേഗത്തിൽ പൂർത്തിയാക്കി.

തുടർന്ന് ഊരുനിവാസികളുടെ കലാപ്രകടനങ്ങൾ ആരംഭിച്ചു.പുറത്ത് മാറാപ്പിൽ കുട്ടിയെയും വഹിച്ചാണ് കലാകരികളിൽ ഒരാൾ പാട്ടിനൊപ്പം നൃത്തം ചവിട്ടിയിത്.കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ,മെമ്പർ സൽമ പരീത്,എന്റെനാട് ജനകീയകൂട്ടായ്മ ചെയർമാൻ ഷിബുതൊക്കും പുറം തുടങ്ങയിവർ കാലാകാരികൾക്കൊപ്പം നൃത്തത്തിന് ചുവടുവച്ചു.ഒരു മണിക്കൂറോളം നീണ്ടുനിന്ന കലാപരിപാടികൾക്ക് തിരശീല വീണപ്പോഴേയ്ക്കും കമ്മ്യൂണിറ്റി ഹാളിന്റെ മുൻവശത്ത് ഓണസദ്യയുടെ ചിട്ടവട്ടങ്ങൾ തുടങ്ങിയിരുന്നു.

മുന്നിലിട്ട തൂശനിലയിൽ വിഭവങ്ങൾ ഒന്നൊന്നായി വിളമ്പുമ്പോൾ ഇവരിൽ പലരുടെയും മുഖത്ത് അത്ഭുതവും ആശ്ചര്യവുമെല്ലാം പ്രകടമായി.സദ്യ വിഭവസമർദ്ദമായിരുന്നെങ്കിലും കറികൾ കൂതലും ഇലകളിൽ ബാക്കിയായി.ഇതെന്തെ.. ഇങ്ങിനെയെന്ന് ആശങ്കയോടെ തിരക്കിയവരോട് ഇതുതന്നെ ധാരണമെന്നായി ഊരുനിവാസികളുടെ ചിരിച്ചുകൊണ്ടുള്ള മറുപിടി.ഊരുനിവാസികളുടെ ദുരിതം അറിഞ്ഞാണ് അവർക്കൊപ്പം ഓണം ആഘോഷിക്കാൻ തീരുമാനിച്ചതെന്നും വരും നാളുകളിൽ കഴിയാവുന്ന സഹായങ്ങൾ ഇവർക്ക് എത്തിക്കുമെന്നും ഷിബു തെക്കുംപുറം അറിയിച്ചു.കഴിഞ്ഞവർഷം കോവിഡ് മൂലം ഊരിൽ ഓണാഘോഷങ്ങൾ നടന്നില്ലന്നും ഇത്തവണ സുമനസുകളുടെ സഹായത്താൽ ഓണം ആഘോഷിക്കാൻ പറ്റയിതിൽ സന്തോഷമുണ്ടെന്നും ഊരുമൂപ്പൻ രാജു മണി പറഞ്ഞു.

ഇത്തരത്തിൽ ഒരു അനുഭവം ആദ്യമായിട്ടാണ്.ഇത് എന്നും ഞങ്ങളുടെ മനസ്സിലുണ്ടാവും. വന്നവർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.ഊരുമൂപ്പൻ കൂട്ടിച്ചേർത്തു.എല്ലാവർക്കും ഓണവിഭവങ്ങൾ നിറച്ച സമ്മാനം, വിദ്യാർത്ഥികൾക്ക് മികവിനുള്ള അവാർഡ്, മൊബൈൽ ഫോണുകൾ എന്നിവ സമ്മാനിച്ചാണ് എന്റെനാട് കൂട്ടായ്മ പ്രവർത്തകർ കാടിറങ്ങിയത്. സി.കെ.സത്യൻ, കെ.എ. സിബി, സൽമ പരീത്, സി.ജെ.എൽദോസ്, ബേബി മൂലൻ, ജോഷി പൊട്ടയ്ക്കൽ എന്നിവരും ചടങ്ങുകളിൽ പങ്കാളികളായി.