തിരുവനന്തപുരം: കൊടകരക്കേസിൽ ബിജെപിയെ തീർത്തും പ്രതിരോധത്തിലാക്കുകയാണ് പിണറായി സർക്കാർ. സികെ ജാനുവിന് പത്ത് ലക്ഷം നൽകിയെന്ന ആരോപണവും മഞ്ചേശ്വരത്തെ സുന്ദരയുടെ രണ്ടര ലക്ഷം രൂപ കിട്ടിയെന്ന ആരോപണത്തേയും ഗൗരവത്തോടെയാണ് സർക്കാരെടുക്കുന്നത്. ഇതിനൊപ്പം ബിജെപിക്കെതിരെ സമീപകാലത്തുയർന്ന ആക്ഷേപങ്ങളിൽ എല്ലാം പരിശോധന നടത്തും. കള്ളപ്പണ ലോബിയുമായി ബിജെപിക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കാനാണ് തീരുമാനം. ഫലത്തിൽ ബിജെപിയുടെ വെല്ലുവിളിയെ പൂർണ്ണമായും തകർക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം. ന്യൂനപക്ഷങ്ങളെ സിപിഎമ്മിനോട് അടുപ്പിച്ച് നിർത്താനാണ് ഇത്.

ഇതിന്റെ ഭാഗമായി പഴയ മെഡിക്കൽ കോഴ ആരോപണത്തിലേക്കും അന്വേഷണം നീളും. നേരത്തെ ഈ വിഷയം വിജിലൻസ് അന്വേഷിച്ചിരുന്നു. എന്നാൽ കേസ് അന്വേഷണം മുമ്പോട്ട് കൊണ്ടു പോയില്ല. തൃശൂരിൽ വച്ചാണ് മെഡിക്കൽ കോഴയിലെ കള്ളപ്പണ ഇടപാടും നടന്നതെന്ന ആരോപണം സജീവമായിരുന്നു. തൃശൂരിൽ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലായിരുന്നു പ്രതിസ്ഥാനത്ത്. ഇതേ കുറിച്ച് അന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന നസീർ അന്വേഷണവും നടത്തി. നസീറിനെ ഇതേ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നാണ് സിപിഎം കണക്കുകൂട്ടൽ. നസീറും ബിജെപി നേതൃത്വവും ഇന്ന് അത്ര രസത്തിലല്ല. അതിനാൽ ഈ കേസിന് പുറകേ നീങ്ങാനാണ് തീരുമാനം.

കൊടകര കേസിലും തൃശൂരിലെ ഈ ഹോട്ടൽ പ്രതിസ്ഥാനത്താണ്. ചില പണ ഇടപാടുകളിൽ പൊലീസ് അന്വേഷണവും നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മെഡിക്കൽ കോഴയിലെ അന്വേഷണ സാധ്യതകളിൽ ചില സത്യങ്ങൾ കൂടി പുറത്തു വരുമെന്നാണ് സിപിഎം വിലയിരുത്തൽ. പൊലീസ് രഹസ്യമായി ഇക്കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. കുമ്മനം രാജശേഖരനായിരുന്നു അന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ്. കുമ്മനത്തിന്റെ ചില പേഴ്‌സണൽ സ്റ്റാഫുകളും ആരോപണത്തിൽ കുടുങ്ങി. പിന്നീട് മറ്റൊരു സാമ്പത്തിക തട്ടിപ്പിലും കുമ്മനത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് കുടുങ്ങി. പത്തനംതിട്ടയിലെ ഈ കേസ് എങ്ങനെയാണ് പറഞ്ഞൊതുക്കിയതെന്നും പരിശോധിക്കും.

സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരായ മെഡിക്കൽ കോഴ ആരോപണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. സ്വാശ്രയ കോളജ് അനുവദിക്കാൻ കോടികൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് അന്വേഷണം നടത്തിയത്. രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് അന്വേഷണം തുടങ്ങി. വർക്കല എസ്.ആർ, ചെർപ്പുളശേരി കേരള എന്നീ മെഡിക്കൽ കോളജുകൾക്ക് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം നേടിതരമാനെന്ന പേരിൽ കോടികൾ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

എം ടി. രമേശും ആർ.എസ്. വിനോദുമായിരുന്നു പ്രതിക്കൂട്ടിൽ. കുമ്മനം രാജശേഖരൻ ബിജെപി അധ്യക്ഷനായിരിക്കെ പാർട്ടി തന്നെ നടത്തിയ രണ്ടംഗ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിലൂടെയാണ് ആരോപണം പുറത്ത് വന്നത്. ഇതിനെ തുടർന്ന് വിജിലൻസ് അന്വേഷിച്ചെങ്കിലും അന്വേഷണ കമ്മീഷന് അംഗങ്ങൾ തന്നെ മൊഴിമാറ്റി. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണം ശുപാർശ ചെയ്ത് വിജിലൻസ് കേസ് അവസാനിപ്പിക്കുകയായിരുന്നുു. ഇതിനൊപ്പം ജനുവരിയിൽ പ്രതിപക്ഷ നേതാവും പരാതി നൽകിയതോടെ ഡി.ജി.പി ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറുകയായിരുന്നു. പക്ഷേ തുടർ നടപടികളൊന്നും ഉണ്ടായില്ല. ഈ പരാതിയിൽ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണത്തിനാണ് സാധ്യത.

മെഡിക്കൽ കോഴ ആരോപണത്തിൽ ഡൽഹിയിലെ വിവാദ ഇടനിലക്കാരൻ സതീഷ് നായർ വിജിലൻസിനു മൊഴി നൽകിയിരുന്നു. മെഡിക്കൽ കോളജ് അനുമതിക്കായി വർക്കല എസ്.ആർ.മെഡിക്കൽ കോളജ് ഉടമ ആർ.ഷാജി ബിജെപി നേതാക്കൾ വഴി 5.65 കോടി രൂപ കൈമാറിയെന്നാണ് കേസ്. നേരത്തെ ആർ.ഷാജിയിൽ നിന്ന് 25 ലക്ഷം രൂപ സതീഷ്‌നായർക്ക് കൈമാറിയതായി ആർ.എസ്.വിനോദ് വിജിലൻസിന് മൊഴി നൽകിയിരുന്നു.

കുമ്മനം രാജശേഖരനും ആരോപണത്തെക്കുറിച്ചു പാർട്ടിതല അന്വേഷണം നടത്തിയ കെ.പി.ശ്രീശൻ, എ.കെ.നസീർ എന്നിവരും വിജിലൻസിന് മൊഴിനൽകിയിരുന്നു. കോഴ വിവാദവുമായി ബന്ധപ്പെട്ട പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് കണ്ടിട്ടില്ലെന്ന കുമ്മനം രാജശേഖരന്റെ വാദം ഇവർ തള്ളി. അന്വേഷണ റിപ്പോർട്ട് കുമ്മനം രാജശേഖരനു കൈമാറിയിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട് യഥാർഥ റിപ്പോർട്ടാണോ എന്നറിയില്ലെന്നും ഇരുവരും മൊഴി നൽകി.

മാധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിലുള്ള ഒരു റിപ്പോർട്ടും താൻ കണ്ടിട്ടില്ലെന്നും റിപ്പോർട്ടിൽ എം ടി.രമേശിന്റെ പേരുള്ളതായി അറിയില്ലെന്നുമായിരുന്നു കുമ്മനത്തിന്റെ മൊഴി. പണം വാങ്ങിയ ആളും നൽകിയ ആളും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമാണിത്. ഇതിൽ ബിജെപിക്കു ബന്ധമില്ലെന്നും കുമ്മനം പറഞ്ഞിരുന്നു.