മുംബൈ: ഒരു മാസം മുമ്പ് മാധ്യമങ്ങളിലെ താരമായിരുന്നു സമീർ വാങ്കഡെ എന്ന നാക്കോടിക് കൺട്രോൾ ബ്യൂറോയിലെ ഉദ്യോഗസ്ഥൻ. ആര്യൻഖാനെ അറസ്റ്റു ചെയ്തതോട അദ്ദേഹത്തെ കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ കുമിഞ്ഞു കൂടി. മിടുക്കനായ ഉദ്യോഗസ്ഥനെന്ന വിളിപ്പേരും അദ്ദേഹത്തിനു ലഭിച്ചു. എന്നാൽ, ബോളിവുഡ് സിനിമ ലോകവും എൻസിപിയിലെ മന്ത്രിമാരും ഒരുമിച്ചു കളത്തിൽ ഇറങ്ങിയതോടെ സമീർ വാങ്കഡെക്കെതിരെ ആരോപണങ്ങളുടെ പ്രവാഹമായി. ഇതോടെ പ്രതിരോധത്തിലായ നർക്കോടിക് കൺട്രോൾ ബ്യൂറോ സമീറിനെ മാറ്റേണ്ട നിലയിലേക്കും കാര്യങ്ങൾ എത്തി.

സമീർ വാങ്കഡെ പുലിയായിരുന്നു എങ്കിൽ പകരം സ്ഥാനം ഏറ്റെടുക്കാൻ എത്തുന്നത് പുപ്പുലിയായ ഉദ്യോഗസ്ഥനാണ്. മയക്കുമരുന്നു കേസുകൾ കൈകാര്യം ചെയ്തു മുൻപരിചയമുള്ള വ്യക്തി കൂടിയായ സഞ്ജയ് കുമാർ സിങ് ഐപിഎസാണ്്. 1996 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് സിങിനെ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി എൻസിബി ചുമതലപ്പെടുത്തിയത്. ഹൈ പ്രൊഫൈൽ ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്.

ഡെപ്യൂട്ടി ഡിജി പദവിയുള്ള സഞ്ജയ് സിങ് എൻസിബിയിലെത്തുന്നതിന് മുൻപ് ഒഡിഷ പൊലീസിലും സിബിഐയിലും ഉൾപ്പടെ നിരവധി പദവികൾ വഹിച്ചിട്ടുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഒഡിഷ പൊലീസിലെ ഡ്രഗ് ടാസ്‌ക് ഫോഴ്സിൽ (ഡിേടിഎഫ്) എഡിജി പദവി വഹിച്ച സഞ്ജയ് സിങ് ഇക്കാലത്ത് സംസ്ഥാനത്ത് നടന്ന നിരവധി ലഹരി വിരുദ്ധ റെയ്ഡുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. അക്കാലത്ത് നിരവധി സുപ്രധാന കേസുകൾ കൈകാര്യം ചെയ്തിരുന്നു.

ഉന്നതർ ഉൾപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിലും മിടുക്കു കാണിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് സഞ്ജയ്. കോമൺവെൽത്ത് അഴിമതി കേസ് അന്വേഷിച്ച സിബിഐ സംഘത്തിലും അദ്ദേഹം ഉണ്ടായിരുന്നു. അന്ന് മുഖം നോക്കാതെ രാഷ്ട്രീയക്കാർക്കെതിരെ നടപടി കൈക്കൊണ്ടതും സഞ്ജയ് ആയിരുന്നു. സിബിഐ കാലയളവിലാണ് അദ്ദേഹം തന്റെ അന്വേഷണ മികവ് തെളിയിച്ചത്. അതുകൊണ്ട് തന്നെ മിടുക്കനായ ഉദ്യോസ്ഥൻ എന്ന നിലയിലാണ് സഞ്ജയ് കുമാർ സിങ് അറിയപ്പെടുന്നത്.

അതേസമയം, അന്വേഷണ ചുമതലയിൽ നിന്ന് നീക്കപ്പെട്ടതിന് പിന്നാലെ ആഡംബര കപ്പൽ മയക്കുമരുന്ന് കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യവുമായി സമീർ വാങ്കഡെ രംഗത്ത്. ആര്യൻ ഖാന്റെ കേസും മഹാരാഷ്ട്ര മന്ത്രി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാണ് തന്റെ ആവശ്യം എന്ന് ഇന്ത്യ ടുഡേയോട് പ്രതികരിക്കവെ സമീർ വാങ്കഡെ പറഞ്ഞു.

കേസിൽ നിലവിൽ ചുമതലയേറ്റ ഡൽഹിയിൽ നിന്നുള്ള പ്രത്യേക സംഘത്തെ പ്രത്യക്ഷത്തിൽ തള്ളാതെയായിരുന്നു പ്രതികരണം. താൻ എൻസിബി സോണൽ ഡയറക്ടർ പദവിയിൽ നിന്ന് നീക്കപ്പെട്ടില്ലെന്നും സമീർ വാങ്കഡെ വ്യക്തമാക്കി. കൈക്കൂലി ആരോപണത്തിൽ പരിശോധന നടക്കുന്നതിനടെ കഴിഞ്ഞ ദിവസമാണ് ആര്യൻ ഖാനെതിരായ മയക്കുമരുന്ന് കേസിന്റെ അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാങ്കഡെയെ നീക്കം ചെയ്തത്. എൻസിബി ആസ്ഥാനത്തേക്കാണ് സമീറിനെ സ്ഥലംമാറ്റിയത്.ആര്യനെ വിട്ടുകിട്ടുന്നതിന് എട്ടുകോടി രൂപ വാങ്കഡെ കൈക്കൂലിയായി ആവശ്യപ്പെട്ടെന്ന ആരോപണവുമായി കേസിലെ സാക്ഷിയായിരുന്നു രംഗത്തെത്തിയത്.

കോടികളുടെ ഇടപാടാണ് മയക്കുമരുന്ന് കേസിൽ മറവിൽ നടക്കുന്നതെന്നും സമീർ വാങ്കഡെ അടക്കം ചിലർ ഷാരൂഖ് ഖാനിൽ നിന്ന് 18 കോടിയോളം രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സാക്ഷി പറഞ്ഞിരുന്നു. കേസിലെ മറ്റൊരു സാക്ഷിയായ കെപി ഗോസാവിയും സാം ഡിസൂസ എന്നയാളുമായി ചേർന്ന് 18 കോടിയുടെ ഡീൽ നടന്നുവെന്നാണ് വെളിപ്പെടുത്തിയത്. ഇതിൽ എട്ടു കോടി സമീറിന് നൽകാനും ധാരണയായെന്ന് സാക്ഷി ആരോപിച്ചത്. സാക്ഷിയെ ഒഴിഞ്ഞ പേപ്പറിൽ എൻസിബി ഒപ്പിടുവിച്ചു എന്ന ആരോപണവും ഉയർന്നിരുന്നു.