കൊച്ചി നാടിനെതിരായ നീക്കങ്ങളെ വ്യവസായ സമൂഹവും സർക്കാരും ഒരുമിച്ചു പ്രതിരോധിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ്. കൊച്ചിയിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിലാണ് കിറ്റെക്സ് വിഷയം പരാമർശിക്കാതെ മന്ത്രിയുടെ പ്രതികരണം. എറണാകുളം ജില്ലയിലെ വ്യവസായ സംരംഭകരുടെ പരാതികൾ പരിഹരിക്കാനാണ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ.

വ്യവസായ രംഗത്ത് ഉടലെടുക്കുന്ന ഭൂരിപക്ഷം പരാതികളും മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ടതാണ്. ഇത്തരം പരാതികളിൽ വ്യവസായ വകുപ്പിന് ഇടപെടാനുള്ള പരിമിതികളുണ്ട്. ഇവ പരിഹരിക്കുന്നതിന് വ്യവസായ പരാതി പരിഹാര സമിതിക്കു സർക്കാർ രൂപം നൽകും. സർക്കാരും വ്യവസായ സമൂഹവും സംയുക്തമായാണ് സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിനായുള്ള സാഹചര്യം ഒരുക്കുന്നത്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ വിവിധ ജില്ലകളിലെ വ്യവസായ രംഗത്തെ പരാതികൾ പരിഹരിക്കുന്നതിനായി മുന്നോട്ടു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അദാലത്തിൽ 118 അപേക്ഷകൾ ലഭിച്ചതായി മന്ത്രി അറിയിച്ചു. ഇതിൽ പല പരാതികളിലും വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അടിയന്തരമായി നടപടിയുണ്ടാക്കി. സർക്കാർ ചുമതല ഏറ്റെടുത്ത് 11ാം ദിവസം മന്ത്രി വ്യവസായികളുമായി നടത്തിയ ചർച്ചയിൽ ഇത്തരത്തിൽ അദാലത്തുകൾ സംഘടിപ്പിക്കണം എന്ന ആവശ്യം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള വ്യവസായികളുടെ പരാതികളിൽ കാര്യക്ഷമമായ ഇടപെടൽ നടത്താൻ സർക്കാർ നിയമ നിർമ്മാണം നടത്തും. കുറ്റക്കാരായി കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ കഴിയുന്ന വിധമായിരിക്കും നിയമമെന്നും അദ്ദേഹം പറഞ്ഞു.

കിറ്റെക്സ് എംഡി സാബു ജേക്കബുമായുള്ള പ്രശ്നത്തോടെ സംസ്ഥാനം വ്യവസായ സൗഹൃദ സംസ്ഥാനമല്ലെന്ന വിമർശനം രൂക്ഷമായി നിൽക്കെയാണ് മീറ്റ് ദ് മിനിസ്റ്റർ എന്ന പേരിൽ മന്ത്രിയുടെ അദാലത്ത് പരിപാടി സംഘടിപ്പിച്ചത്.