ചണ്ഡീഗഡ്: അതിർത്തി രക്ഷാ സേനയുടെ അധികാര പരിധി സംസ്ഥാനത്തിനകത്തും പുറത്തേക്കും വർദ്ധിപ്പിക്കുന്നതിനെതിരെ പഞ്ചാബ്. കേന്ദ്രസർക്കാറിന്റെ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട നിർണ്ണായക നീക്കത്തിനെതിരെ നീങ്ങാനാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നീക്കം.

ബിജെപി. സംസ്ഥാന ഘടകം സർവ്വകക്ഷിയോഗം ബഹിഷ്‌ക്കരിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ എടുത്തിരിക്കുന്ന തീരുമാനം രാജ്യസുരക്ഷയ്ക്ക് അനിവാര്യമാണെന്നും നിലവിൽ പഞ്ചാബിൽ നടക്കുന്നത് ദേശദ്രോഹ പരമായ നീക്കമാണെന്നും ബിജെപി സംസ്ഥാന ഘടകം ആരോപിച്ചു.

പഞ്ചാബിലെ ബി.എസ്.എഫിന്റെ അന്വേഷണ പരിധിയുടെ ദൂരത്തെ സംബന്ധിച്ചാണ് തർക്കം നടക്കുന്നത്. ഇന്ന് നടക്കുന്ന സർവ്വ കക്ഷിയോഗത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം രൂപീകരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി പറഞ്ഞു.

പഞ്ചാബ് ഭവനിലാണ് സർവ്വകക്ഷിയോഗം ചേരുന്നത്. പഞ്ചാബിലെ മുഖ്യപ്രതിപക്ഷമായ ആം ആദ്മി പാർട്ടിയുടെ ഭാഗത്തുനിന്നും ഭഗവന്ത് മാൻ, അമൻ അരോര എന്നിവരും ശിരോമണി അകാലിദൾ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുമെന്നും ചന്നി അറിയിച്ചു.

അതിർത്തിയോട് ചേർന്ന് കിടക്കുന്ന സംസ്ഥാനങ്ങളിലേക്ക് സൈന്യത്തിന് അന്വേഷണാ ധികാരം നൽകുന്ന നിയമമാണ് കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. മുമ്പ് അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ വരെ ബി.എസ്.എഫിന് കുറ്റാന്വേഷണവും തിരച്ചിലും നടത്താമെന്നത് 50 കിലോമീറ്ററാക്കി വർദ്ധിപ്പിച്ചതാണ് പ്രതിപക്ഷ കക്ഷികളെ ചൊടിപ്പിച്ചത്.