ലണ്ടൻ: പാരമ്പര്യമായി വേദനയും വിഷമവും കൈമാറിയതിന് അവർ രാജ്ഞിയെ കുറ്റപ്പെടുത്തി. വംശീയവിദ്വേഷത്തിന്റെ പേരിൽ കുടുംബത്തെ മുഴുവൻ സംശയത്തിന്റെ മുൾമുനയിൽ നിർത്തി. എന്നിട്ടും രാജകുടുംബാംഗം എന്ന നിലയിലുള്ള പരിഗണനകൾക്കായി ഹാരിയും മേഗനും ആഗ്രഹിക്കുന്നു. തങ്ങളുടെ രണ്ടാമത്തെ മകൾ ലിലിബെറ്റിന്റെ മാമോദീസ ചടങ്ങ് വിൻഡ്സർ കൊട്ടാരത്തിലെ സെയിന്റ് ജോർജ്ജ് ചാപ്പലിൽ നടത്തണമെന്നാണ് ഹാരിയും മേഗനും ആഗ്രഹിക്കുന്നത്, അതും രാജ്ഞിയുടെ സാന്നിദ്ധ്യത്തിൽ.

ഈ മാസം ആദ്യം ഡയാനാ രാജകുമാരിയുടേ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ ബ്രിട്ടനിലെത്തിയ ഹാരി ഈ ആഗ്രഹം കുടുംബാംഗങ്ങളെ ധരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സഹോദരൻ ആർച്ചിയെ പോലെ ലിലിബെറ്റിനെയും സെയിന്റ് ജോർജ്ജ് ചാപ്പലിൽ മാമോദീസ മുക്കണമെന്നാതാണ് ആഗ്രഹമെന്ന് ഹാരി തന്റെ സുഹൃത്തുക്കളോടെല്ലാം പറഞ്ഞിട്ടുണ്ട്. സാഹചര്യം ഒത്തുവരുന്നതുവരെ കാത്തിരിക്കുവാനും ഇവർ തയ്യാറാണെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.

അങ്ങനെയൊന്നു സംഭവിച്ചാൽ, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ എന്ന നിലയിലുള്ള കടമകൾ വിട്ടൊഴിഞ്ഞ് അമേരിക്കയിലേക്ക് പോയതിനുശേഷമുള്ള മേഗന്റെ ആദ്യ തിരിച്ചുവരവായിരിക്കും അത്. അതേസമയം, ജനിച്ച് ആറ് ആഴ്‌ച്ചകൾ കഴിഞ്ഞിട്ടും കിരീടാവകാശത്തിലേക്കുള്ള എട്ടാം സ്ഥാനം ലിലിബെറ്റിന് ഇതുവേ നൽകിയിട്ടില്ല. നിയമപരമായി ലിലിബെറ്റിന് അവകാശപ്പെട്ട സ്ഥാനമാണത്. ഇതുസംബന്ധിച്ച് രാജകുടുംബത്തിന്റെ വെബ്സൈറ്റിൽ അറിയിപ്പുകൾ ഇതുവരെ ഉണ്ടായിട്ടില്ല. മാമോദീസ മുങ്ങിയതിനു ശേഷം മാത്രമായിരിക്കും ഈ സ്ഥാനത്ത് എത്തുക എന്നാണ് അറിയാൻ കഴിഞ്ഞത്. ലിലിബെറ്റ് എട്ടാം സ്ഥാനത്ത് എത്തുന്നതോടെ രാജ്ഞിയുടെ മകൻ ആൻഡ്രൂ രാജകുമാരന്റെ സ്ഥാനം ഒമ്പതാമതായി മാറും.

എന്നാൽ, ഒരു റോമൻ കത്തോലിക്ക ആയിട്ടാണ് മാമോദീസ മിൂങ്ങുന്നതെങ്കിൽ ലിലിബെറ്റിന് ഈ സ്ഥാനം ലഭിക്കുകയില്ല. കത്തോലിക്ക സഭയിലെ അംഗമായിരുന്നെങ്കിലും മേഗൻ പിന്നീട് ചർച്ച് ഓഫ് ഇംഗ്ലണ്ടിലേക്ക് മാറുകയായിരുന്നു. കാന്റൻബറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് മേഗൻ ചർച്ച് ഓഫ് ഇംഗ്ലണ്ടിലേക്ക് മാറിയത്. ചില രാജകുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഈ ചടങ്ങ് 2018 ലായിരുന്നു നടന്നത്. അതുപോലെ തീർത്തും സ്വകാര്യമായ ഒരു ചടങ്ങിലായിരുന്നു 2019-ൽ സെയിന്റ് ജോർജ്ജ് ചാപ്പലിൽ വച്ച് ആർച്ചിയുടെ മാമോദീസ ചടങ്ങുകൾ നടന്നതും.