ലണ്ടൻ: നാൽപതാം ജന്മദിനത്തിൽ പുതിയൊരു സന്ദേശവുമായി എത്തുകയാണ് മേഗൻ മെർക്കൽ. 40 കഴിഞ്ഞ വനിതകൾ കോവിഡ് പ്രതിസന്ധിക്ക് ശേഷം കൂടുതൽ ഊർജ്ജത്തോടെ തൊഴിലിടങ്ങളിലേക്ക് മടങ്ങുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന 40*40 എന്ന പുതിയ ഹ്രസ്വ ചിത്രത്തിലൂടെയാണ് മേഗൻ സന്ദേശവുമായിരംഗത്തെത്തുന്നത്. പ്രശസ്ത ഹോളിവുഡ് താരം മെലിസ്സ് മെക്കാർത്തി അഭിനയിച്ച ചിത്രത്തിൽ ചെറുതെങ്കിലും, പ്രാധാന്യമുള്ള ഒരു ഹാസ്യകഥാപാത്രമായി ഹാരിയും എത്തുന്നു. ആർച്ച്വെൽ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

ലിലിബെറ്റിന്റെ ജന്മശേഷം ഇതാദ്യമായി പൊതുവേദിയിൽ എത്തുന്ന മേഗൻ ലോകമാകമാനമുള്ള ജനങ്ങളോട് സ്ത്രീകൾ തൊഴിലിലേക്ക് മടങ്ങിപോകാൻ സഹായിക്കുന്നതിനായി, അതിന് പ്രേരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ദിവസേന 40 മിനിറ്റ് നീക്കിവയ്ക്കണം എന്നാണ് ആവശ്യപ്പെടുന്നത്. ഗായകൻ അഡ്ലെ, കവി അമൻഡ ഗോർമാൻ, കനേഡിയൻ പ്രസിഡണ്ട് ജസ്റ്റിൻ ട്രുഡേവിന്റെ പത്നി സോഫീഗ്രിഗറി ട്രുഡേവ്ം ഫാഷൻ ഡിസൈനർ സ്റ്റെല്ല മെക്ക്കാർത്തി എന്നീ പ്രമുഖർ ഇക്കാര്യത്തിൽ മേഗന് പിന്തുണയുമായി രംഗത്തെത്തിക്കഴിഞ്ഞു. തങ്ങളുടെ തിരക്കേറിയ ജീവിതത്തിൽ നിന്നും 40 മിനിറ്റ് സ്ത്രീകൾക്കായി മാറ്റിവയ്ക്കുമെന്ന് ഇവർ പ്രതിജ്ഞ ചെയ്തു.

മേഗന്റെ ഈ പുതിയ പദ്ധതിക്ക് തീർത്തും അവിചാരിതമായ പിന്തുണ ലഭിച്ചിരിക്കുന്നത് ബ്രിട്ടീഷ് രാജകുടുംബത്തിൽ നിന്നാണ്. യൂജിനി രാജകുമാരിയാണ് ഇക്കാര്യത്തിൽ മേഗന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് രാജകുമാരി പിന്തുണ അറിയിച്ചിരിക്കുന്നത്. സൂം ഉപയോഗിച്ചുള്ളതുപോലുള്ള ഒരു വീഡിയോ കോളിലൂടെ മേഗൻ മെലിസയുമായി സംസാരിക്കുന്നതാണ് ആരംഭം.

അമേരിക്കയിൽ മാത്രം ഇരുപത് ലക്ഷത്തോളം സ്ത്രീകൾക്കാണ് തൊഴിൽ നഷ്ടം ഉണ്ടായിരിക്കുന്നത്. ലോകമാകമാനമുള്ള കണക്കെടുത്താൽ ഇത് കോടികൾ വരും. അതുകൊണ്ടു തന്നെ തന്റെ നാൽപതാം പിറന്നാൾ ദിനത്തിൽ സ്ത്രീകളെ തൊഴിലിടങ്ങളിലെത്തിക്കുവാനായി 40 മിനിറ്റ് നീക്കിവയ്ക്കണമെന്ന് തന്റെ 40 സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുവാൻ തീരുമാനിച്ചു എന്നും ഇതിൽ മേഗൻ പറയുന്നു. സമൂഹത്തിന്റെ വിവിധ തുറകളിൽ അറിയപ്പെടുന്ന 40 പ്രമുഖരോടാണ് മേഗൻ ഇക്കാര്യം അഭ്യർത്ഥിക്കുന്നത്.

എന്നാൽ, സമൂഹമാധ്യമങ്ങളിൽ തികഞ്ഞ പരിഹാസമാണ് ഈ പുതിയ സംരംഭത്തിന്റെ പേരിൽ മേഗന് ഏൽക്കേണ്ടിവരുന്നത്. ഉത്തരവാദിത്തങ്ങളുള്ള രാജകുടുംബാംഗം എന്ന നിലയിലുള്ള ജോലി ഉപേക്ഷിച്ചിട്ടാണ് മേഗൻ സ്ത്രീകൾ തൊഴിലിടങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് പറയുന്നത് എന്നായിരുന്നു ആസ്ട്രേലിയൻ ടി വി അവതാരകയായ സോഫീ വാൽഷ് പ്രതികരിച്ചത്. വീട്ടിലിരുന്നു തന്നെ ഹാരിയും മേഗനും കോടികൾ ഉണ്ടാക്കുന്നു എന്നായിരുന്നു സഹ അവതാർകനായ കാൾ സ്റ്റെഫാനോവിക് പ്രതികരിച്ചത്. നെറ്റ്ഫ്ളിക്സ് ഉൾപ്പടെയുള്ളവരുമായി ഉണ്ടാക്കിയ കരാർ ആയിരുന്നു ഇത്തരമൊരു പരാമർശത്തിന് ഇടയാക്കിയത്.