ശ്രീനഗർ: ഭരണഘടനയുടെ 370-ാം അനുച്ഛേദം കേന്ദ്രസർക്കാർ റദ്ദാക്കിയത് ജമ്മുകശ്മീരിനെ കൊള്ളയടിക്കാനെന്ന് മുൻ മുഖ്യമന്ത്രി മെഹബൂഹ മുഫ്തി. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370, 35 (എ) അനുച്ഛേദങ്ങൾ ഏതെങ്കിലും വിദേശരാഷ്ട്രം അനുവദിച്ചുതന്നതല്ലെന്നും മെഹബൂബ പറഞ്ഞു. ജമ്മുകശ്മീരിലെ 11 സർക്കാർ ഉദ്യോഗസ്ഥരെ ദേശദ്രോഹ പ്രവർത്തനങ്ങൾ ആരോപിച്ച് പുറത്താക്കിയതിനെയും മെഹബൂബ രൂക്ഷമായി വിമർശിച്ചു.

'രാജ്യം ഞങ്ങൾക്ക് ഈ പ്രത്യേക പദവി നൽകുന്നതിനു മുമ്പുതന്നെ ജമ്മുകശ്മീരിലെ ജനതയുടെ സ്വത്വം സംരക്ഷിക്കാൻ രാജാവ് കൊണ്ടുവന്ന നിയമങ്ങളാണിത്. ഇന്ത്യയുടെ ഭാഗമാകാൻ തീരുമാനിച്ചപ്പോൾ ഈ നിയമങ്ങൾ പാലിക്കണമെന്ന് അദ്ദേഹം നിലപാടെടുത്തു', തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ മെബബൂഹ പറഞ്ഞു.

'ജമ്മു കശ്മീരിനെ കൊള്ളയടിക്കുക എന്ന ലക്ഷ്യമാണ് 370-ാം വകുപ്പ് റദ്ദാക്കിയതിനു പിന്നിലുള്ളത് എന്നാണ് കരുതേണ്ടത്. ചെനാബ് വാലി വൈദ്യുത പദ്ധതിയിൽ പുറത്തുനിന്നുള്ളവർക്ക് ഉന്നത പദവികൾ നൽകുന്നു. ഞങ്ങളുടെ വെള്ളവും വൈദ്യുതിയും കടത്തിക്കൊണ്ടുപോകുന്നു. ഞങ്ങളുടെ ഗതാഗത സംവിധാനം താറുമാറായി', മെഹബൂബ പറഞ്ഞു.

'ഇവിടെ നയങ്ങളൊന്നുമില്ല. തൊഴിലില്ലായ്മയും പണപ്പെരുപ്പവും വർദ്ധിക്കുന്നു. ജമ്മുകശ്മീർ പിന്നാക്കം നിൽക്കുന്നുവെന്നായിരുന്നു മുൻപ് പറഞ്ഞിരുന്നത്. എന്നാൽ പല കാര്യങ്ങളിലും ഞങ്ങൾ മുൻപന്തിയിലാണ്. സമ്പദ് വ്യവസ്ഥയ്ക്കുമേലുള്ള മോദി സർക്കാരിന്റെ കടന്നാക്രമണം തുടരുകയാണെങ്കിൽ പട്ടിണിയുടെ കാര്യത്തിൽ ഞങ്ങളുടെ സ്ഥിതി ഗുജറാത്തിനേക്കാൾ മോശമാകും', മുഫ്തി കൂട്ടിച്ചേർത്തു.

പതിനൊന്ന് സർക്കാർ ഉദ്യോഗസ്ഥരെ പുറത്താക്കിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് താൻ ആരെയും പിന്തുണയ്ക്കുന്നില്ലെന്നായിരുന്നു മെഹബൂബ മുഫ്തിയുടെ മറുപടി. 'പിതാവു ചെയ്ത കുറ്റത്തിന് തെളിവുകളില്ലാതെ കുട്ടിയുടെ മേൽ കുറ്റം ചുമത്താൻ കഴിയില്ല. ഈ വർഷം ഇരുപത്തഞ്ചോളം പേരെയാണ് അവർ പുറത്താക്കിയത്. വേട്ടയാടലുകൾ രാജ്യത്തെ പിന്നോട്ടുവലിക്കും', മെഹബൂബ പറഞ്ഞു.