സെന്റ് ജോൺസ്: കോടിക്കണക്കിന് രൂപയുടെ വായ്പാത്തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നു മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്‌സിയെ നിയമത്തിൽ കുരുക്കുന്നതിന് സിബിഐ ഒരുക്കിയ 'മിഷൻ ചോക്‌സി' ഓപ്പറേഷന് നേതൃത്വം നൽകിയത് കരുത്തയായ ഉദ്യോഗസ്ഥ ശാരദ റൗട്ട്. ഡൊമിനിക്ക എന്ന ദ്വീപ് രാഷ്ട്രത്തിൽ വച്ച് പിടിയിലായ ചോക്‌സിയെ തിരികെ എത്തിക്കുന്ന സംഘത്തെ നയിക്കുന്നത് സി ബി ഐയിലെ കരുത്തയായ ഈ ഉദ്യോഗസ്ഥയാണ്.

സി ബി ഐയുടെ ബാങ്കിങ് തട്ടിപ്പ് അന്വേഷണ വിഭാഗത്തിന്റെ മുംബയ് മേധാവിയാണ് ശാരദ റൗട്ട്. 2005 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥയാണ്. മഹാരാഷ്ട്ര കേഡറിലുള്ള ഇവർ കഴിഞ്ഞ വർഷമാണ് സി ബി ഐ ഡി ഐ ജിയായി സ്ഥാനം ഏറ്റെടുത്തത്.

ചോക്‌സി ഇപ്പോഴും എങ്ങനെയാണ് അറസ്റ്റിലായതെന്ന് വ്യക്തമായിട്ടില്ല. ഡൊമിനിക്ക എന്ന ദ്വീപ് രാഷ്ട്രത്തിൽ കാമുകിയുമായി കറങ്ങാനെത്തവേ പിടിയിലായെന്നും, അതല്ല ഹണിട്രാപ്പിൽ പെടുത്തി കസ്റ്റഡിയിലാക്കിയതാണെന്നും റിപ്പോർട്ടുകളുണ്ട്.

എന്തായാലും ഇന്ത്യയുടെ ഭാഗത്ത് നിന്നും മികച്ച ആസൂത്രണം 'മിഷൻ ചോക്‌സി'ക്കുണ്ടായിരുന്നു എന്ന് ഉറപ്പാണ്. കാരണം ഇയാൾ പിടിയിലായെന്ന് വാർത്ത പുറത്ത് വന്ന് മണിക്കൂറുകൾക്കകം സ്വകാര്യ ജെറ്റിൽ ഇന്ത്യൻ എട്ടംഗസംഘം ഡൊമിനിക്കയിൽ എത്തി.

വിമാനത്തിൽ 20 മണിക്കൂറോളം ഇന്ത്യയിൽ നിന്നും സഞ്ചരിച്ചാൽ മാത്രമേ ഇവിടെ എത്താനാവുകയുള്ളു. കൂടാതെ ഖത്തർ എയർവേയ്‌സിന്റെ ചെറു വിമാനം വാടകയ്ക്കെടുത്താണ് ഇന്ത്യൻ സംഘം എത്തിയതും. സംശയത്തിന്റെ ഒരു അംശം പോലും ആർക്കും നൽകാതെ മികച്ച ആസൂത്രണമാണ് ഇന്ത്യൻ സംഘം നടത്തിയത്.സിബിഐ, എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്, സിആർപിഎഫ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള രണ്ടുപേർ വീതം 'മിഷൻ ചോക്‌സി'യുടെ ഭാഗമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇവർക്ക് ഡൊമിനിക്കയിൽ സഹായവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരുമുണ്ട്.മെഹുൽ ചോക്‌സിയെ നാടുകടത്താൻ ഡൊമിനിക്കൻ കോടതി ഉത്തരവിട്ടാൽ തത്ക്ഷണം ചോക്‌സിയുമായി ഇന്ത്യൻ സംഘമെത്തും. ഡൽഹിയിൽ വിമാനം നിലത്തിറങ്ങുന്ന നിമിഷം ചോക്‌സിയുടെ കൈയിൽ ശാരദ റൗട്ട് വിലങ്ങണിയിക്കും , അറസ്റ്റ് രേഖപ്പെടുത്തും.

തങ്ങളുടെ കസ്റ്റഡിയിലുള്ളയാൾ 2018 ജനുവരി മുതൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണെന്നും, ഇന്റർപോളിന്റെ റെഡ് നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഇയാളെ നാടുകടത്തണമെന്നും ഡൊമിനിക്കൻ പ്രോസിക്യൂട്ടർമാർ കോടതിയെ ബോധിപ്പിക്കും. 2017 നവംബറിൽ ആന്റിഗ്വാൻ പൗരത്വം ലഭിച്ച മെഹുൽ ചോക്‌സി കോടതിക്ക് മുൻപിൽ സർവ ശക്തിയുമെടുത്ത് പ്രതിരോധിക്കാൻ ശ്രമിക്കും എന്ന് ഉറപ്പാണ്. ഇരുരാജ്യത്തെയും പ്രതിപക്ഷത്തെ വിലയ്ക്കെടുക്കാനുള്ള നീക്കങ്ങൾ ഇയാളുടെ അഭിഭാഷകർ തുടങ്ങിയിരുന്നു.

മെയ് 23 ന് ആന്റിഗ്വയിൽ നിന്ന് ദുരൂഹമായി കാണാതായ മെഹുൽ ചോക്‌സിയെ ഡൊമിനിക്കയിൽ പൊലീസ് അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിന് അറസ്റ്റ് ചെയ്തു എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ ആന്റിഗ്വയിൽ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയതായി മെഹുൽ ചോക്‌സി ആരോപിക്കുന്നു.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 14,000 കോടിയോളം രൂപ വായ്പാതട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായിരിക്കെ ഇന്ത്യയിൽ നിന്ന് മുങ്ങിയ ചോക്‌സി തന്ത്രപൂർവം ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ ഇല്ലാതിരുന്ന ആന്റിഗ്വയിൽ ഒളിവിൽ കഴിയുകയായിരുന്നു.