കോഴിക്കോട്: എംഇഎസ് സംസ്ഥാന പ്രസിഡണ്ട് ഡോ. ഗഫൂറിനെതിരെ മലപ്പുറത്ത് പത്രസമ്മേളനം നടത്തിയ എംഇഎസ് ഭാരവാഹികളെ എംഇഎസിൽ നിന്നും പുറത്താക്കി. എംഇഎസ് സംസ്ഥാന സെക്രട്ടിറിയായിരുന്ന ഡോ. എൻഎം മുജീബ് റഹ്മാൻ, സംസ്ഥാന കമ്മറ്റി അംഗം എൻ അബ്ദുൽ ജബ്ബാർ എന്നിവരെയാണ് ഇന്ന് എംഇഎസ് സംസ്ഥാന പ്രസിഡണ്ട് സംഘടനയിൽ നിന്നും സസ്പെന്റ് ചെയ്തിരിക്കുന്നത്.

3 കോടി 80 ലക്ഷം രൂപയുടെ സാമ്പത്തിക അഴിമതി ആരോപണം നേരിടുന്ന നേതാക്കൾ തൽസ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണം നേരിടണമെന്ന് പത്രസമ്മേളനം നടത്തി ആവശ്യപ്പെടതിന്റെ പേരിലാണ് നടപടിയുണ്ടായിരിക്കുന്നത്. ആരോപണം നേരിടുന്ന എം.ഇ.എസിന്റെ സംസ്ഥാന പ്രസിഡന്റ് ഡോ.ഫസൽ ഗഫൂറും, ജനറൽ സെക്രട്ടറി പ്രൊഫ .പി.ഒ.ജെ ലബ്ബയും നേതൃസ്ഥാനങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പത്രസമ്മേളനം. സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഇരുവരെയും പുറത്താക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം 27ന് പുറത്തിറക്കിയ സസ്പെൻഷൻ ഉത്തരവ് ഇന്നാണ് ഇരുവർക്കും ലഭിച്ചിരിക്കുന്നത്.

എല്ലാ ജനാധിപത്യ മര്യാദകളും കാറ്റിൽ പറത്തി ഒരു വിശദികരണം പോലും തേടാതെയാണ് തങ്ങൾക്കെതിരെ നടപടിയെടുത്തതെന്ന് പുറത്തായവർ പറയുന്നു. ഒരു ഏകാധിപതിക്കല്ലാതെ ആർക്കും ഇത്തരത്തിൽ ഒരു നടപടിയെടുക്കാൻ കഴിയില്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപെട്ട സംസ്ഥാന ഭാരവാഹികളെയാണ് ഒരു ഉത്തരവിലൂടെ പ്രാഥമിക അംഗത്വത്തിൽ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

ഫാസിസത്തെ കുറിച്ച് രാപകൽ ചർച്ച ചെയ്യുന്ന നേതാവ് സ്വയം കണ്ണാടിയിൽ നോക്കുകയും ആരെയാണ് കാണുന്നതെന്ന് സ്വയം വിലയിരുത്തുകയും ചെയ്യുന്നത് ഉചിതമായിരിക്കും.പ്രസിഡന്റിനെതിരെ വ്യപകമായി ഉയർന്നു വരുന്ന എല്ലാ എതിർ ശബ്ദങ്ങളെയും സമർത്ഥമായി നിശബ്ദമാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടുതന്നെയാണ് ഞങ്ങൾക്കെതിരെയുള്ള അന്യയമായ നടപടികളെ കാണേണ്ടത്. സംസ്ഥാനത്തുടനീളം സംഘടനയിൽ ഉയർന്നുവരുന്ന എതിർ ശബ്ദങ്ങളെ ഞങ്ങൾക്കെതിരെയുള്ള ഈ വാളോങ്ങലിലൂടെ ഒതുക്കി തീർക്കാമെന്ന വ്യാമോഹമായിരിക്കണം ഇത്തരമൊരു നടപടിക്കു പിന്നിലെന്ന് കരുതണം.

എന്നാൽ പൂർണമായും നിയമപരമായി രാജ്യത്തിന്റെ നീതി-നിയമ വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ഈ നടപടിയെ ശക്തമായി നേരിടും. അതോടൊപ്പം തന്നെ ആത്മാർത്ഥതയുള്ള എംഇഎസ് പ്രവർത്തകർക്കും പൊതുസമൂഹത്തിനും ഇന്ന് എംഇഎസ് നേതൃത്വം എത്തി നിൽക്കുന്ന ധർമ്മച്ച്യുതിയുടെ, ജനാധിപത്യ വിരുദ്ധതയുടെ, ഏകാധിപത്യത്തിന്റെ അഗാധ ഗർത്തം ബോധ്യപ്പെടുത്താൻ ഞങ്ങളുടെ ഈ സസ്പെൻഷൻ കാരണമായി എന്നത് ഒരർത്ഥത്തിൽ നന്നായി ഞങ്ങൾ നേരത്തെ ഉന്നയിച്ച നിലപാടുകളിൽ ഒരുമാറ്റവുമുണ്ടാവില്ല.

ഇത്തരം നടപടികള്ളൊന്നും ഞങ്ങളുടെ നിലപാടുകളിൽ നിന്നും ഒരിഞ്ചുപോലും പുറകോട്ട് പോകാനിടയാക്കില്ലെന്ന് ഞങ്ങൾ തറപ്പിച്ചു പറയുന്നും.ഈ സസ്‌പെൻഷൻ നിയമപരമായും സംഘടനാപരമായും അതി ശക്തമായി നേരിടുമെന്നും പുറത്താക്കപ്പെട്ട ഡോ. എൻ മുബീബ്റഹ്മാനും എൻ അബ്ദുൽ ജബ്ബാറും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.