പാരീസ്: ബാഴ്‌സലോണയിൽ നിന്ന് വിടപറയുമ്പോഴും തന്റെ മനസ്സ് തുറക്കാതെയാണ് മെസി ക്ലബ് വിട്ടത്.മാധ്യമ സമ്മേളനം വിളിച്ചിരുന്നെങ്കിലും വികാരഭരിതനായതിനാൽ താരത്തിന് അധികമൊന്നും സംസാരിക്കാൻ കഴിഞ്ഞിരുന്നുമില്ല.അത്‌കൊണ്ട് തന്നെ പുതിയ ക്ലബിലേക്ക് കയറുമ്പോൾ മെസിയുടെ മനസ്സിൽ എന്താണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകർ.എന്നാലിപ്പോഴിത കാത്തിരിപ്പിന് വിരാമമിട്ട് മെസ്സി മനസ്സുതുറന്നിരിക്കുകയാണ്. താൻ ശരിയായ ക്ലബിലാണ് എത്തിയിരിക്കുന്നതെന്നും നെയ്മറിന്റെ സാന്നിദ്ധ്യമാണ് പിഎസ്ജിയെ തെരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും മെസി മനസ്സുതുറന്നു.

'ബാഴ്‌സലോണ വിടേണ്ടി വന്നെങ്കിലും ശരിയായ ക്ലബിലാണു ഞാൻ എത്തിയത്. ഞാൻ ഇവിടെ സന്തോഷവാനാണ്. എന്റെ ലക്ഷ്യവും സ്വപ്നവും മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടമാണ്. ബ്രസീൽ താരം നെയ്മർ ക്ലബിലുള്ളതും പിഎസ്ജി തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചു. എന്റെ വരവോടെ നെയ്മറിന് നിർണായക റോളായിരിക്കും ടീമിൽ. പിഎസ്ജി ടീമിലേക്കു നോക്കൂ, ഈ ക്ലബിൽ ചേരാൻ എന്നെ പ്രേരിപ്പിച്ചത് എന്താണെന്നു വ്യക്തമാകും. അർജന്റീനക്കാരായ എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേഡസ് എന്നിവർ ടീമിലുള്ളതും സന്തോഷം തരുന്നു' മെസി വ്യക്തമാക്കി.

മെസിയുടെ വരവോടെ പിഎസ്ജിയുടെ വരുമാനത്തിലും മറ്റും വലിയ മാറ്റങ്ങളും സംഭവിക്കും. നിലവിൽ രണ്ട് വർഷത്തേക്കാണു കരാറെങ്കിലും മൂന്നാമതൊരു വർഷം കൂടി പിഎസ്ജിയിൽ തുടരാനും കരാറിൽ വ്യവസ്ഥയുണ്ട്.യൂറോപ്പിലെ എലൈറ്റ് കിരീടമായ ചാമ്പ്യൻസ് ലീ?ഗിൽ ഇന്നുവരെ മുത്തമിടാൻ പാരിസ് സെന്റ് ജെർമെയ്‌ന് (പിഎസ്ജി) സാധിച്ചിട്ടില്ല. നെയ്മറിനേയും എംബാപ്പെയേയും ഇപ്പോൾ സാക്ഷാൽ ലയണൽ മെസിയെയും അവർ ടീമിലെത്തിച്ചതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല.