പാരീസ്: ലിയോണൽ മെസി ഇന്ന് പിഎസ്ജിയിൽ അരങ്ങേറ്റം കുറിച്ചേക്കും. ബ്രെസ്റ്റിനെതിരായ മത്സരം ഇന്ത്യൻ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. രണ്ട് പതിറ്റാണ്ടിലേറെക്കാലം ചെലവഴിച്ച ബാഴ്സലോണ വിട്ട് പിഎസ്ജിയിൽ എത്തിയപ്പോൾ മുതൽ മെസിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

34-കാരനായ മെസിയുടെ പിഎസ്ജി അരങ്ങേറ്റം ഇന്ന് ബ്രെസ്റ്റിനെതിരെ ഉണ്ടായേക്കുമെന്നാണ് കോച്ച് മൗറീസിയോ പൊച്ചെറ്റീനോ നൽകുന്ന സൂചന. അന്തിമ ഇലവനിൽ ആരെയൊക്കെ കളിപ്പിക്കും എന്ന് തീരുമാനിച്ചിട്ടില്ല. മെസിയടക്കമുള്ള താരങ്ങളെ പരിഗണിക്കും. ടീമിൽ കാര്യങ്ങളെല്ലാം അനുകൂലമാണെന്നും മത്സരത്തിന് മുൻപുള്ള വാർത്താ സമ്മേളനത്തിൽ പൊച്ചെറ്റീനോ പറഞ്ഞു.

സ്ട്രോസ്ബർഗിനെതിരായ മത്സരത്തിൽ മെസിക്കൊപ്പം ഈ സീസണിൽ ടീമിലെത്തിയ ജോർജിനോ വൈനാൾഡം, സെർജിയോ റാമോസ്, അഷ്റഫ് ഹക്കീമി, ജിയാൻലൂഗി ഡോണറുമ്മ എന്നിവരെ പിഎസ്ജി ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു. കോപ്പ അമേരിക്കയ്ക്ക് ശേഷം വിശ്രമനാളുകൾ ആയിരുന്നതിനാലാണ് മെസി, നെയ്മർ, ഏഞ്ചൽ ഡിമരിയ തുടങ്ങിയ താരങ്ങളെ കോച്ച് ടീമിലേക്ക് പരിഗണിക്കാതിരുന്നത്.

ടീമിനൊപ്പം പരിശീലനം നടത്തി ശാരീരികക്ഷമത തെളിയിച്ചതിന് പിന്നാലെയാണ് മെസിയെ ഇലവനിൽ ഉൾപ്പെടുത്തിയേക്കുമെന്ന സൂചന പൊച്ചെറ്റീനോ നൽകിയത്. മെസ്സിക്കൊപ്പം നെയ്മറും ടീമിൽ തിരിച്ചെത്തിയേക്കും. ഇങ്ങനെയെങ്കിൽ 2017ന് ശേഷം ആദ്യമായി മെസിയും നെയ്മറും ഒരുമിച്ച് പന്തുതട്ടുന്നതിനും ആരാധകർ സാക്ഷിയാവും.

ഇതേസമയം പരിക്കിൽ നിന്ന് മുക്തനാവാത്ത സെർജിയോ റാമോസ് ഇന്നും കളിക്കില്ല. സീസണിലെ ആദ്യ രണ്ട് കളിയിലും പിഎസ്ജി ജയിച്ചിരുന്നു.