മാറക്കാന: ക്ലബ് ഫുട്‌ബോളിലെ രാജാവാണ് ലയണൽ മെസ്സിയെന്ന താരം. ബാർസലോണക്ക് വേണ്ടി നിരവധി കപ്പുകൾ ഉയർത്തിയ താരം. എന്നാൽ, അന്തർദേശീയ ഫുട്‌ബോളിൽ അദ്ദേഹം കിരീടം ലഭിക്കാത്ത രാജാവായിരുന്നു. രാജ്യത്തിന്റെ കുപ്പായത്തിൽ ഇറങ്ങിയപ്പോഴൊക്കെ പറയാൻ നഷ്ടങ്ങളായിരുന്നു മെസ്സിക്ക് ഉണ്ടായിരുന്നത്. ഇതിഹാസ താരമെന്ന വിശേഷണത്തോട് നീതി പുലർത്താൻ മെസ്സിക്ക് ഒരു കിരീടം ആവശ്യമായിരുന്നു. എന്നാൽ, ആ കിരീട വരൾച്ചക്ക് മെസി കോപ്പയിലൂടെ അറുതി വരുത്തിയപ്പോൾ അതേ കളത്തിൽ ഒരു എതിരാളി ഏങ്ങലടിച്ചു കരയുകയായിരുന്നു.

ഫൈനലിലെ തോൽവികളുടെ വേദന മറ്റാരെക്കാളും നന്നായറിയുന്ന മെസ്സി എന്നാൽ നെയ്മറെ കൈവിട്ടില്ല. അദ്ദേഹം നെയ്മറെ ചേർത്തുപിടിച്ചു പുറത്തുതട്ടി ആശ്വസിപ്പിച്ചു. ഇരുവരും പുണർന്നുനിൽക്കുന്ന ദൃശ്യം ലാറ്റിന അമേരിക്കൻ ഫുട്ബാളിന്റെ പ്രതീകമായി തലമുറകളോളം നിൽക്കും. തികഞ്ഞ സ്പോർട്സ്മാൻ സ്പിരിറ്റായി ഈ ദൃശ്യം മാറി. കഴിഞ്ഞ കോപ്പയിൽ നെയ്മറായിരുന്നു അർജന്റീനൻ താരം മെസിയെ ആശ്വസിപ്പിച്ചത്. ഇത്തണവ അത് നേരെ തിരിച്ചായ മാറുകയും ചെയ്തു.

ടീമംഗങ്ങൾ കപ്പുമായി ആഘോഷിക്കുമ്പോഴായിരുന്നു മെസ്സി നെയ്മർക്ക് അരികിലെത്തിയത്. കോപ്പയിലെ മികച്ച താരങ്ങളായി ഇരുവരെയും സംഘാടകർ തെരഞ്ഞെടുത്തിരുന്നു. ബാഴ്‌സലോണയിൽ ഒരുമിച്ച് ഏറെക്കാലം പന്തുതട്ടിയ മെസ്സിയും നെയ്മറും ഉറ്റ സുഹൃത്തുകളാണ്. മത്സരത്തിന് മുമ്പ് ഇരുവരും സൗഹൃദം പങ്കുവെക്കുകയും ചെയ്തിരുന്നു.

മത്സരത്തിന് മുമ്പ് നെയ്മർ പറഞ്ഞതിങ്ങനെ: ''എപ്പോഴും പറയുംപോലെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരനാണ് മെസ്സി. എന്റെ നല്ല സുഹൃത്ത് കൂടിയാണ്. എന്നാൽ ഞങ്ങളിപ്പോൾ ഫൈനലിലാണ്. ഞങ്ങൾ എതിരാളികൾ കൂടിയാണ്. എനിക്ക് ഈ കിരീടം ലഭിച്ചേ മതിയാകൂ. ഇത് എന്റെ ആദ്യ കോപ അമേരിക്ക കിരീടമാകും ഇത്. വർഷങ്ങളായി ബ്രസീലില്ലാത്ത ടൂർണമെന്റുകളിൽ ഞാൻ മെസ്സിക്കായി ആർപ്പുവിളിച്ചിട്ടുണ്ട്. 2014 ലോകകപ്പ് ഫൈനൽ ജർമനിയെ നേരിട്ടപ്പോൾ ഞാൻ അർജന്റീനയുടെ വിജയമായിരുന്നു ആഗ്രഹിച്ചത്''.

ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ 22ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയ കുറിച്ച ഗോളാണ് അർജന്റീനയുടെ വിധി മാറ്റി മറിച്ചത്. ഡി പോളിന്റെ സുന്ദരമായ പാസ് ബ്രസീൽ പ്രതിരോധത്തിന്റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പന്ത് വലയിലേക്ക് താഴ്ന്നിറങ്ങുമ്പോൾ നിസഹായതയോടെ നോക്കി നിൽക്കാനേ ബ്രസീൽ ഗോളി എഡേഴ്‌സണായുള്ളൂ. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും സുന്ദരമായ മുന്നേറ്റങ്ങളൊന്നും അധികം കണ്ടില്ല.

രണ്ടാം പകുതിയിൽ കൂടുതൽ കരുത്തോടെയാണ് ബ്രസീലെത്തിയതെങ്കിലും പ്രതിരോധത്തിൽ വട്ടമിട്ട അർജന്റീനയുടെ ആകാശനീലക്കുപ്പായക്കാരെ മറികടക്കാനായില്ല. 51ാം മിനിറ്റിൽ റിച്ചാൽസൺ കാനറികൾക്കായി വലകുലുക്കിയെങ്കിലും ഓഫ് സൈഡ് പതാക ഉയർന്നതോടെ ആരവങ്ങളൊതുങ്ങി.