ബാഴ്‌സലോണ: അന്തരിച്ച ഫുട്‌ബോൾ ഇതിഹാസം ഡീഗോ മാറഡോണയ്ക്ക് കളിക്കളത്തിൽ ആദരമർപ്പിച്ച് ലയണൽ മെസ്സി. സ്പാനിഷ് ലീഗിൽ ഒസാസൂനയ്‌ക്കെതിരായ മത്സരത്തിലാണ് ബാഴ്‌സലോണ താരം തന്റെ ആരാധ്യപുരുഷന് ആദരം അർപ്പിച്ചത്. മറഡോണയുടെ ജഴ്്സി ധരിച്ച് കൈകൾ വാനിലേക്കുയർത്തിയായിരുന്നു മെസ്സിയുടെ ആദരം.

അർജന്റീന ക്ലബ് ന്യൂവെൽസ് ഓൾഡ് ബോയ്‌സിലെ മാറഡോണയുടെ 10-ാം നമ്പർ ജേഴ്‌സി ഉള്ളിൽ ധരിച്ചായിരുന്നു മെസ്സി ഇന്നലെ കളിക്കിറങ്ങിയത്. 73-ാം മിനിറ്റിൽ ഗോളടിച്ച ശേഷം മെസ്സി തന്റെ ബാഴ്‌സ ജേഴ്‌സി അഴിച്ച് മാറ്റി മാറഡോണയുടെ വിഖ്യാതമായ 10-ാം നമ്പർ ജേഴ്‌സി പ്രദർശിപ്പിക്കുകയായിരുന്നു.

ഇതിനു പിന്നാലെ കൈകൾ മുകളിലേക്കുയർത്തി ഇതിഹാസ താരത്തിന് ആദരമർപ്പിക്കുകയും ചെയ്തു.1982-84 കാലയളവിൽ ക്ലബിന്റെ താരമായിരുന്നു മറഡോണ.മാറഡോണയുടെ മരണത്തിന് ശേഷമുള്ള മെസ്സിയുടെയും ബാഴ്‌സയുടെയും ആദ്യ മത്സരമായിരുന്നു ഇത്. 73-ാം മിനിറ്റിൽ രണ്ട് ഡിഫൻഡർമാരെ മറികടന്ന് ബോക്‌സിന്റെ പുറത്തുനിന്ന് തൊടുത്ത ഷോട്ട് മെസ്സി വലയിലെത്തിക്കുകയായിരുന്നു.

ഒസാസൂനയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബാഴ്‌സ മറികടന്നത്. 29-ാം മിനിറ്റിൽ മാർട്ടിൻ ബ്രാത്ത്വെയ്റ്റ്, 42-ാം മിനിറ്റിൽ അന്റോയ്ൻ ഗ്രീസ്മാൻ, 57-ാം മിനിറ്റിൽ ഫിലിപ്പെ കുടീഞ്ഞ്യോ, 73-ാം മിനിറ്റിൽ മെസ്സി എന്നിവരാണ് ബാഴ്‌സയുടെ ഗോളുകൾ നേടിയത്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 14 പോയന്റുമായി ബാഴ്‌സ ലീഗിൽ ഏഴാം സ്ഥാനത്താണ്.