പാരിസ്: ലയണൽ മെസ്സിയുടെ വരവ് പാരിസ് സെയിന്റ് ജർമെയ്ൻ ക്ലബിലെ താരങ്ങൾക്ക് ആവേശം പകരുമ്പോഴും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി തുറന്നുപറഞ്ഞ് പരിശീലകൻ മൗറീഷ്യോ പൊച്ചെറ്റിനോ.

താരനിബിഡമായ പിഎസ്ജിയെ അതിന്റെ കാതലാക്കി ചുരുക്കുക എന്നതാണു തന്റെ ആദ്യ ദൗത്യമെന്ന് ഫ്രഞ്ച് ലീഗ് വൺ പോരാട്ടത്തിന് മുന്നോടിയായുള്ള പ്രസ് കോൺഫറൻസിൽ പൊച്ചെറ്റിനോ പറഞ്ഞു.

എല്ലാ മുൻനിര താരങ്ങളെയും ചേർത്ത് ഒരു ടീം കെട്ടിപ്പടുക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കരുത്തുറ്റ ടീമിനെയാണു വാർത്തെടുക്കേണ്ടത്. മെസി ടീമിന്റെ ഭാഗമായത് സഹതാരങ്ങൾക്ക് ആവേശം പകരുമ്പോഴും സീസണിലെ പിഎസ്ജിയുടെ രണ്ടാം മത്സരത്തിലും മെസ്സി ഇറങ്ങിയേക്കില്ലെന്നാണ് പൊച്ചെറ്റിനോ സൂചന നൽകിയത്.

'കഴിഞ്ഞ മാസം നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫൈനലിലാണു മെസ്സി അവസാനമായി കളിച്ചത്. അതിനു ശേഷം 2 ദിവസങ്ങളിൽ മാത്രമാണു പരിശീലന സെഷനുകളിൽ മെസ്സി പങ്കെടുത്തതും. ഘട്ടം ഘട്ടമായി വേണം കാര്യങ്ങളെ സമീപിക്കാൻ. ടീം അംഗങ്ങളുമായി കൂടുതൽ ഇഴുകിച്ചേരുകയും ഫിറ്റ്‌നെസ് പൂർണമായി വീണ്ടെടുക്കുകയും ചെയ്തതിനു ശേഷമായിരിക്കും മെസ്സിയുടെ അരങ്ങേറ്റം' പൊചെറ്റിനോ പറഞ്ഞു.

സ്പാനിഷ് ക്ലബ് ബാർസിലോനയിലെ 17 വർഷം നീണ്ട കരിയറിൽ 10 ലാലിഗ കിരീടങ്ങൾ, 4 ചാംപ്യൻസ് ലീഗ് കിരീടങ്ങൾ എന്നിവ മെസ്സി നേടിയിരുന്നു. എന്നാൽ കഴിഞ്ഞ ഫ്രഞ്ച് ലീഗ് സീസണിൽ ലിലെയ്ക്കു പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്ത പിഎസ്ജി ചാംപ്യൻസ് ലീഗ് സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയോടു തോറ്റാണു പുറത്തായത്.

ഫ്രഞ്ച് താരം കിലിയൻ എംബപ്പെയുടെ റയൽ മഡ്രിഡ് നീക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു പൊചെറ്റിനോയുടെ പ്രതികരണം ഇങ്ങനെ, 'എംബപ്പെ ഞങ്ങളുടെ താരമാണ്. മെസ്സിയാണു ലോകത്തെ ഏറ്റവും മികച്ച താരം, അല്ലെങ്കിൽ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ. എന്നാൽ ഒട്ടേറ മികച്ച കളിക്കാർ പിഎസിജിയിലുണ്ട്. എംബപ്പെയും ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്.'