ന്യൂകാമ്പ്: ലാ ലീഗയിലെ നിർണായകമായ എൽ ക്ലാസിക്കോ നാളെ. ബാഴ്സയുടെ തട്ടകത്തിൽ റയൽ എത്തുമ്പോൾ അത് മെസിയുടെ അവസാന എൽ ക്ലാസിക്കോ ആവുമോ എന്ന ആശങ്ക ആരാധകരുടെ മനസിലുണ്ട്. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 12.30നാണ് മത്സരം.

ഇവിടെ റയലിനെ തോൽപ്പിച്ചാൽ ലാ ലീഗ കിരീട പ്രതീക്ഷ ബാഴ്സയ്ക്ക് സജീവമാക്കാം. നിലവിൽ 29 കളിയിൽ നിന്ന് 66 പോയിന്റോടെ അത്ലറ്റിക്കോ മാഡ്രിഡ് ആണ് ഒന്നാമത്. 29 കളിയിൽ നിന്ന് 65 പോയിന്റോടെ ബാഴ്സ രണ്ടാം സ്ഥാനത്ത്. 29 കളിയിൽ നിന്ന് 63 പോയിന്റോടെ റയൽ മൂന്നാമതും.

സീസണിലെ അവസാനത്തെ എൽക്ലാസിക്കോയാണ് ഇത്. നവംബറിൽ നടന്ന എൽ ക്ലാസിക്കോയിൽ 3-1ന് ജയിച്ച റയലിനാണ് ഇവിടെ മുൻതൂക്കം. എന്നാൽ ഡിസംബർ 5ന് ശേഷം ലാ ലീഗയിൽ ബാഴ്സ തോൽവി അറിഞ്ഞിട്ടില്ല.

ഈ സീസൺ അവസാനിക്കുന്നതോടെ മെസി ബാഴ്സ വിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ മെസി ബാഴ്സയിൽ തുടരണം എന്ന് റയൽ പരിശീലകൻ സിനദിൻ സിദാൻ ആവശ്യപ്പെട്ടു. ഇത് മെസിയുടെ അവസാനത്തെ എൽ ക്ലാസിക്കോ ആവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കാരണം മെസി എത്ര മികച്ച കളിക്കാരനാണ് എന്ന് നമുക്കറിയാം. മെസി തുടരുന്നതാണ് ലീഗിനും നല്ലതെന്ന് സിദാൻ പറഞ്ഞു.

26 ഗോളുകളാണ് ഇതുവരെ എൽ ക്ലാസിക്കോയിൽ മെസിയിൽ നിന്ന് വന്നത്. ക്രിസ്റ്റിയാനോ റയൽ വിട്ടതിന് ശേഷം റയലിനെതിരെ മെസി സ്‌കോർ ചെയ്തിട്ടില്ല. സീസണിൽ 23 ഗോളുമായി ടോപ് സ്‌കോററായി ലീഗിൽ നിൽക്കുന്നത് മെസിയാണ്. തുടക്കത്തിൽ കോമാന് കീഴിൽ ടീം പ്രതിസന്ധി നേരിട്ടെങ്കിലും വിജയ വഴിയിലേക്ക് ബാഴ്സയ്ക്ക് തിരികെ എത്താനായി.