ന്യൂഡൽഹി: ജോർജ്ജ് മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് അന്തരിച്ചു. ഓർത്തഡോക്‌സ് സഭാ മുൻ അൽമായ ട്രസ്റ്റിയുമായിരുന്നു. 72 വയസ്സായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വെള്ളിയാഴ്‌ച്ച രാത്രി ഡൽഹിയിലെ വസതിയിൽവച്ചായിരുന്നു. ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന മുത്തൂറ്റ് ഗ്രൂപ്പിനെ വളർത്തിയെടുത്തതിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു എം ജി ജോർജ്ജ്. ന്യൂഡൽഹിയിലെ സെന്റ് ജോർജ്‌സ് ഹൈസ്‌കൂൾ ഡയറക്ടർ സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോർജ് എം. ജോർജ്, ഗ്രൂപ്പ് ഡയറക്ടർ അലക്‌സാണ്ടർ ജോർജ്, പരേതനായ പോൾ മുത്തൂറ്റ് ജോർജ് എന്നിവരാണ് മക്കൾ.

പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ മുത്തൂറ്റ് ഫിനാൻസ് സ്ഥാപകനായ എം ജോർജ് മുത്തൂറ്റിന്റെ മകനായി 1949 നവംബർ രണ്ടിനാണ് എം.ജി.ജോർജ് മുത്തൂറ്റ് ജനിച്ചത്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. 1979 ൽ കുടുംബ ബിസിനസായ മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറായി സ്ഥാനമേറ്റു. 1993 ൽ ഗ്രൂപ്പിന്റെ ചെയർമാനായി.

എം ജി ജോർജ്ജ് മുത്തൂറ്റിന്റെ അമരക്കാരനായി സ്ഥാനമേൽക്കുമ്പോൾ കേരളം, ഡൽഹി, ചണ്ഡിഗഡ്, ഹരിയാന എന്നിവിടങ്ങളിലായി 31 ബ്രാഞ്ചുകൾ മാത്രമാണ് ഗ്രൂപ്പിനുണ്ടായിരുന്നത്. ഇവിടെ നിന്നും മുത്തൂറ്റിനെ വൻ കുതിപ്പിലേക്ക് നയിച്ചത് എം ജി ജോർജ്ജിന്റെ ബിസിനസ് ബുദ്ധിയായിിരുന്നു. ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 5,500 ലേറെ ബ്രാഞ്ചുകളിലായി ഇരുപതിലേറെ വൈവിധ്യമാർന്ന ബിസിനസ് വിഭാഗങ്ങൾ മുത്തൂറ്റ് ഗ്രൂപ്പിനുണ്ട്.

ഗ്രൂപ്പിനു കീഴിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ജോർജ് മൂത്തൂറ്റിനു കീഴിൽ രാജ്യത്തെ ഏറ്റവും വലിയ സ്വർണ വായ്പാ കമ്പനിയായി മാറിയിരുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എഫ്‌ഐസിസിഐ ഫിക്കി) എക്‌സ്‌ക്യൂട്ടീവ് അംഗമായും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാനായും പ്രവർത്തിച്ചു.

ഇന്ത്യൻ ധനികരുടെ ഫോബ്‌സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റും സഹോദരന്മാരും 2020 ൽ എത്തിയിരുന്നു. 35,500 കോടി രൂപയാണ്(480 കോടി ഡോളർ) മൂന്നു മുത്തൂറ്റ് സഹോദരന്മാരുടെയും കൂടി ആസ്തി. ഫോബ്സ് പട്ടികയിലെ 26-ാം സ്ഥാനത്തിലായിരുന്നു ഇവർ.

2011 ൽ എം.ജി.ജോർജ് മുത്തൂറ്റ് ഫോബ്‌സ് ഏഷ്യ പട്ടികയിൽ ഇന്ത്യയിലെ അൻപത് ധനികരിൽ ഉൾപ്പെട്ടിരുന്നു. മുത്തൂറ്റിനെ അതിന്റെ നേട്ടങ്ങളുടെ നിറുകയിൽ എത്തിച്ച ശേഷമാണ് അദ്ദേഹം വിടുവാങ്ങിയത്. അടുത്തകാലത്ത് തൊഴിലാളി പ്രശ്‌നങ്ങൾ മുത്തൂറ്റിൽ വളർന്നു വന്നതിൽ എം ജി ജോർജ്ജ് വളരെ അസ്വസ്ഥനായിരുന്നു.