മോസ്‌കോ: പരിശീലന പറക്കലിനിടെ, റഷ്യയിൽ സൈനിക യാത്രാവിമാനം തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന മൂന്ന് പേർ മരിച്ചതായാണ് സൂചന.മോസ്‌കോ നഗരത്തിന് പുറത്ത് ചൊവ്വാഴ്ചയാണ് സംഭവം.

11-112വി സൈനിക യാത്രാവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം ലാൻഡ് ചെയ്യാനിരിക്കേയാണ് അപകടം ഉണ്ടായത്. പരിശീലന പറക്കലിനിടെ വിമാനത്തിന്റെ ഒരു ചിറകിന് തീ പിടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് വനമേഖലയിൽ പതിച്ചതായാണ് റിപ്പോർട്ടുകൾ. അപകടം നടക്കുന്ന സമയത്ത് വിമാനത്തിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്.

കുബിൻക വ്യോമതാവളത്തിൽ നിന്ന് 45 കിലോമീറ്റർ അകലെ വച്ചാണ് വിമാനത്തിന് തീപിടിച്ചത്. എൻജിനിൽ നിന്നാണ് തീ ഉയർന്നത്. ആന്റോണോവ് എഎൻ- 26 എന്ന പഴക്കം ചെന്ന വിമാനത്തിന് പകരം 11-112വി സേനയുടെ ഭാഗമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. യൂണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനാണ് വിമാനം നിർമ്മിച്ചത്.