തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന സർക്കാറിന്റേത് ഓർഡിനൻസ് രാജാണെന്ന ആരോപണവുമായി സർക്കാർ രംഗത്തുവന്നിട്ടു കുറച്ചുകാലമായി. സിപിഎം ഇടയ്ക്കിടെ ഈ ആരോപണം ഉന്നയിക്കുകയും ചെയ്യുന്നു. ഇതിനിടെയിലും സ്വന്തം കാര്യത്തിൽ നയങ്ങളെല്ലാം തെറ്റിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമായി മിൽമയുടെ കാര്യത്തിലെ സർക്കാർ നിലപാടും. മിൽമ ഭരണം പിടിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ പുതിയ ഓർഡിനൻസ് തന്നെ പുറത്തിറക്കി.

മിൽമ തിരഞ്ഞെടുപ്പിൽ അഡ്‌മിനിസ്ട്രേറ്ററുടെ വോട്ടും അംഗീകരിക്കുന്നതാനാണ് നിയമ ഭേദഗതിയായിരിക്കുന്നത്. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭായോഗം ഓർഡിനൻസ് അംഗീകരിച്ചു. അഡ്‌മിനിസ്ട്രേറ്റർക്കോ അഡ്‌മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ പ്രതിനിധിക്കോ പ്രാദേശിക ഭരണസംഘങ്ങളുടെ യോഗത്തിൽ പങ്കെടുക്കുന്നതിനും സമിതി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനും അവകാശം നൽകുന്നതാണ് പുതിയ ഓർഡിനൻസ്.

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ നിർണായകനീക്കം. ഏപ്രിൽ ഒമ്പതിനായിരുന്നു 14 സീറ്റുകളിലേക്കുള്ള മേഖലാ യൂണിയൻ തിരഞ്ഞെടുപ്പ്. ഫലംപ്രഖ്യാപിച്ച അഞ്ചെണ്ണത്തിൽ യു.ഡി.എഫ്. മൂന്നും എൽ.ഡി.എഫ്. രണ്ടും സീറ്റ് നേടി. ബാക്കിയുള്ള സീറ്റുകളിലെ ഫലം കോടതിവിധിക്കു വിധേയമായേ പ്രഖ്യാപിക്കൂ.

മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിൽ 56 ക്ഷീരസംഘങ്ങളിൽ അഡ്‌മിനിസ്ട്രേറ്റീവ് ഭരണമാണ്. ഇവയിലെ അഡ്‌മിനിസ്ട്രേറ്റർമാർ വോട്ടുചെയ്തതിനെതിരേ യു.ഡി.എഫ്. കോടതിയെ സമീപിച്ചിട്ടുണ്ട്. വേനലവധിക്കുശേഷം കോടതി ഈ മാസംതന്നെ കേസ് പരിഗണിക്കും. അഡ്‌മിനിസ്ട്രേറ്റർമാരുടെ വോട്ട് സാധൂകരിച്ചാൽ മാത്രമേ ഇടതുപക്ഷത്തിന് ഭരണം പിടിക്കാൻകഴിയൂ. നിലവിൽ ക്ഷീരസംഘം പ്രസിഡന്റുമാരുടെ വോട്ടിന്റെ അടിസ്ഥാനത്തിൽ യു.ഡി.എഫാണ് മുന്നിൽ.

മുൻയൂണിയൻ നേതൃത്വത്തെ പുറത്താക്കാൻ 2021-ൽ സർക്കാർ കൊണ്ടുവന്ന ഓർഡിനൻസിൽ സംഘം പ്രസിഡന്റുമാർക്ക് മാത്രമേ വോട്ടുചെയ്യാൻ അധികാരമുള്ളൂ. തിരുവനന്തപുരം മേഖലാ യൂണിയൻ എൽ.ഡി.എഫിന് നഷ്ടപ്പെട്ടാൽ ഫെഡറേഷനും നഷ്ടമാകും. എറണാകുളം മേഖലാ യൂണിയന്റെ ഭരണം യു.ഡി.എഫിനാണ്. മലബാർ യൂണിയൻ എൽ.ഡി.എഫും. തിരുവനന്തപുരം നഷ്ടപ്പെട്ടാൽ എൽ.ഡി.എഫിന് മലബാർ മേഖലാ യൂണിയൻ മാത്രമാകും.

കാലാവധി പൂർത്തിയാക്കാൻ അഞ്ചുദിവസം ബാക്കിനിൽക്കെ മിൽമ തിരുവനന്തപുരം മേഖലാ ക്ഷീരോത്പാദക യൂണിയൻ ഭരണസമിതിയെ കഴിഞ്ഞവർഷമാണ് ഓർഡിനൻസിലൂടെ സർക്കാർ പിരിച്ചുവിട്ടത്. സംഘം പ്രസിഡന്റുമാർക്ക് മാത്രമേ വോട്ട് ചെയ്യാൻ കഴിയൂവെന്ന നിയമത്തിന്റെ പിൻബലത്തിലാണ് യു.ഡി.എഫ്. ഹൈക്കോടതിയെ നിലവിൽ സമീപിച്ചിരിക്കുന്നത്. മലബാർ മേഖലാ യൂണിയന്റെ ഭരണം കോൺഗ്രസിൽനിന്ന് സിപിഎം. പിടിച്ചെടുത്തതും ഉദ്യോഗസ്ഥഭരണ കാലയളവിലാണ്.