ആലപ്പുഴ: ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞത് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. എന്നാൽ ഉദ്യോഗസ്ഥർ മുക്കിയ ഫയലുകൾ കാരണം വഴിമുട്ടിനിൽക്കുകയാണ് പ്രവാസിയായ മിനിയുടെ ജീവിതം. ഇറ്റലിയിൽ ഹോംനേഴ്സായ മിനി എന്ന ബർണാഡ് വക്കച്ചൻ അന്യനാട്ടിൽ വിയർപ്പൊഴുക്കി സമ്പാദിച്ച പണം നാട്ടിൽ നിക്ഷേപിച്ചത് അബദ്ധമായെന്ന തിരിച്ചറിവിലാണ് ഇപ്പോൾ.

സ്വന്തം പേരിലുള്ള വസ്തുവിൽ കയറാൻ പോലും ഉദ്യോഗസ്ഥ- രാഷ്ട്രീയ മാഫിയ വിലക്ക് കൽപ്പിച്ച കഥയാണ് മാരാരിക്കുളം സ്വദേശി മിനി യ്ക്ക് പറയാനുള്ളത്. ഇറ്റലിയിൽ രോഗികളേയും വൃദ്ധരേയും ശുശ്രുഷിച്ച് ജീവിക്കുന്ന മിനിയും കുടുംബവും അവിടെനിന്നും സമ്പാദിച്ച ചില്ലറത്തുട്ടുകൾ പെറുക്കിവച്ചാണ് നാട്ടിൽ സ്ഥലം വാങ്ങി വീടുവച്ചത്. എന്നാൽ സ്വന്തം വിയർപ്പ് കൊണ്ട് നിർമ്മിച്ച കൂരയിൽ ഒരു രാത്രിയെങ്കിലും അന്തിയുറങ്ങണമെന്ന മോഹത്തോടെ നാട്ടിലെത്തിയ മിനിയെ കാത്തിരുന്നത് നാട്ടിലെ രാഷ്ട്രീയ- ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ വിലക്കും ഭ്രഷ്ടുമാണ്.

രാഷ്ട്രീയക്കാരുടെ അനുവാദത്തോടെ ചില പ്രദേശവാസികൾ മിനിയെ സ്വന്തം സ്ഥലത്ത് കയറാൻ പോലും അനുവദിക്കുന്നില്ലെന്നാണ് മിനിയുടെ പരാതി. മദ്യകച്ചവടക്കാരായ ചിലരുടെ സഹായത്തോടെ ഈ നാട്ടിലെ ചില രാഷ്ട്രീയക്കാർ താൻ ഒറ്റയ്ക്ക് ജീവിക്കുന്ന വീടിനും പുരയിടത്തിനും നേരെ ആക്രമണം അഴിച്ചുവിടുകയും സ്ഥലം കയ്യേറുകയും ചെയ്യുന്നതായി മിനി പരാതിപ്പെടുന്നു. ഈ പ്രദേശത്തേയ്ക്ക് സ്ഥലം വാങ്ങിവന്ന മിനിയെ ഇവിടെ നിന്നും തുരത്തി കുറഞ്ഞവിലയ്ക്ക് സ്ഥലം വാങ്ങിയെടുക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്നാണ് മിനിയുടെ ആരോപണം.

പഞ്ചായത്തിന്റെ ക്ലസ്റ്റർ സെന്റർ നിർമ്മിക്കുന്നത് മിനിയുടെ പുരയിടത്തോട് ചേർന്നാണ്. അതിന് സാധനങ്ങൾ ഇറക്കാൻ മിനിയുടെ അനുവാദം പോലുമില്ലാതെ മതിലിടിച്ച് വഴിയൊരുക്കിയ പഞ്ചായത്ത് അധികൃതർ അത് ഔദ്യോഗിക വഴിയാണെന്ന വാദമാണ് ഇപ്പോൾ ഉയർത്തുന്നത്. ഇടിച്ച മതിൽ കെട്ടാൻ അവർ അനുവദിക്കുന്നില്ലെന്നും മിനി പരാതിപ്പെടുന്നു. പഞ്ചായത്ത് വഴി എത്രയുണ്ടെന്ന് അറിയാൻ സ്വന്തം സ്ഥലം അളക്കാമെന്ന് തീരുമാനിച്ചപ്പോൾ അതിനും അനുവദിക്കുന്നില്ലെന്നാണ് മിനി പറയുന്നത്. സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ മിനി മുട്ടാത്ത വാതിലുകളില്ല.

മിനിയെ ഉപദ്രവിക്കുന്നവരിൽ സ്വന്തം ബന്ധുക്കളുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നു മുതൽ കളക്റ്റ്രേറ്റിൽ നിന്നുവരെ മിനിയുടെ വസ്തു അളന്ന് നൽകാനുള്ള നിർദ്ദേശം താലൂക്ക് ഓഫീസിൽ എത്തിയിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ- ഉദ്യോഗസ്ഥ അവിശുദ്ധ ബന്ധം മൂലം ആ ഫയലുകൾ ഇന്നും കാണാമറയത്താണ്. മിനിയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ പോലും അനുവദിക്കാതെ പീഡിപ്പിക്കുകയാണ് ചേർത്തല ഉദ്യോഗസ്ഥർ.